ഡിസംബര്‍ മാസത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസ് മാറ്റിവെച്ചു

കൊച്ചി :കേരള സഭാനവീകരണത്തിന്റെ ഭാഗമായി 2023 ഡിസംബര്‍ മാസത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസ് മാറ്റിവെച്ചതായി കെസിബിസി പ്രസിഡന്റ് കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ പ്രസ്താവനയിൽ അറിയിച്ചു.

പ്രസ്താവനയുടെ പൂർണ്ണരൂപം..

കേരള സഭാനവീകരണത്തിന്റെ ഭാഗമായി 2023 ഡിസംബർ മാസം 1,2,3 തീയതികളിൽ വല്ലാർപാടം മരിയൻ തീർത്ഥാടന ബസിലിക്കയിൽ വച്ച് ദിവ്യകാരുണ്യ കോൺഗ്രസ് നടത്താൻ നാം തീരുമാനിച്ചിരുന്നല്ലോ, അതിനോടനുബന്ധമായി ഇടവകകളിലും ഫെറോന ജില്ലാതലങ്ങളിലും രൂപതാതലത്തിലും ദിവ്യകാരുണ്യ സംഗമങ്ങൾ നടത്തുന്നതു സംബന്ധിച്ച് കഴിഞ്ഞ കെസിബിസിയിലും നാം ചർച്ച ചെയ്തിരുന്നുവല്ലോ. കമ്മിറ്റികൾ രൂപീകരിക്കുകയും റിസോഴ്സ് ടീം പരിശീലനം നടത്തിയും മറ്റും വിവിധ തലങ്ങളിലായി അതിനുള്ള ഒരുക്കങ്ങൾ നടത്തിവരു കയായിരുന്നു. എന്നാൽ കേരള സഭാ മുഴുവൻ ഏകമനസ്സോടെ ഏറ്റെടുത്തു നടത്തുന്ന കേരള സഭാ നവീകരണം പരിശുദ്ധ ദിവ്യ കാരുണ്യത്തിൽ കേന്ദ്രീകരിച്ചാകണം എന്നതാണ് നമ്മുടെ താൽപര്യം. ഇതിന്റെ ഭാഗമായാണ് ഒരു ദിവ്യകാരുണ്യ കോൺഗ്രസ് സംഘടിപ്പിക്കാൻ നമ്മൾ പദ്ധതിയിട്ടത്. എന്നാൽ ദിവ്യകാരുണ്യ സംഗമം ഒരു മഹാസമ്മേളനമായി നടക്കുന്നതിനു മുന്നോടിയായി കേരളസഭയിലെ ദൈവജനം മുഴുവൻ ദിവ്യകാരുണ്യ ഭക്തിയിലേക്കും അനുഭവത്തിലേക്കും കൂടുതൽ ആഴത്തിൽ വളരാൻ അവസരം ഒരുക്കേണ്ടതുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ അതിന് ഇനിയും കൂടുതൽ സമയം ആവശ്യമുണ്ട് എന്ന് പൊതു അഭിപ്രായം ഉണ്ടായി. മാത്രവുമല്ല കൂടുതൽ ഒരുക്കത്തോടെ ദിവ്യകാരുണ്യ കോൺഗ്രസ് നടത്തുന്നതാണ് അർഥവത്തെന്നുമുള്ള അഭിപ്രായം പരിഗണിക്കപ്പെടേണ്ടതുണ്ട്. നമ്മുടെ രൂപതകളിലെ ദിവ്യകാരുണ്യ സംഗമങ്ങൾക്ക് വേണ്ടത്ര ഒരുക്കത്തിനുള്ള സമയം ലഭിക്കുകയും ചെയ്യും.

17.8.2023-ൽ ഓൺലൈനായി കൂടിയ കെസിബിസി ഭാരവാഹികളുടെയും കോർകമ്മിറ്റിയുടെയും യോഗത്തിന്റെ തീരുമാനം ഈ ഡിസംബറിൽ നടത്താൻ നിശ്ചയിച്ചിരുന്ന ദിവ്യകാരുണ്യ കോൺഗ്രസ് കൂടുതൽ ഒരുക്കത്തോടെ മറ്റൊരവസരത്തിൽ നടത്താം എന്നാണ്. ഡിസംബർ മാസത്തെ കെസിബിസി യോഗത്തിൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തുവാൻ സാധിക്കുമെന്ന് കരുതുന്നു. അതിനാൽ ഡിസംബർ മാസം 1,2,3 തീയതികളിലായി നമ്മുടെ രൂപ തകളിൽ ദിവ്യകാരുണ്യ സംഗമങ്ങൾ നടത്തുന്നതിനും അതിനൊരുക്കമായി ഇടവകകളിലും ഫൊറോന ജില്ലാ തലങ്ങളിലും ദിവ്യകാരുണ്യ ആരാധനയും പ്രബോധനങ്ങളും ക്രമീകരിച്ച് ദൈവജനത്തെ സജ്ജമാക്കാനും നമുക്ക് ശ്രദ്ധിക്കാം. ഇപ്പോൾ രൂപതാ ഇടവക തലങ്ങളിൽ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്ന സെമിനാറുകളും ആരാധനയും നമുക്ക് കൂടുതൽ സജീവമാക്കുകയും ചെയ്യാം. കേരള സഭാതല ദിവ്യകാരുണ്യ കോൺഗ്രസ് ഉചിതമായ മറ്റൊരു അവസരത്തിൽ നമുക്ക് നടത്താവുന്നതാണ്.
അഭിവന്ദ്യ പിതാവ് ഈ കാര്യം രൂപതയിലും രൂപതാതിർത്തിയിലുള്ള സമർപ്പിത ഭവനങ്ങളിലും അറിയിക്കുമല്ലോ.

കർത്താവിൽ സ്നേഹപൂർവ്വം,

കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ

പ്രസിഡന്റ്, കെസിബിസി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group