പാവപ്പെട്ടവന്‍ ക്രിസ്തുവിന്റെ പ്രതിനിധികളാണെന്ന് മറക്കരുത് : മാർ ഡോ. ആന്റണി വാലുങ്കല്‍

സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവരും ദാരിദ്ര്യം അനുഭവിക്കുന്നവരും, നിസ്സഹായരായ മനുഷ്യരും ക്രിസ്തുവിന്റെ പ്രതിനിധികളാണെന്ന് മറക്കരുത് എന്ന് ഉദ്ബോധിപ്പിച്ച് വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍. വരാപ്പുഴ അതിരൂപതയുടെ സഹായ മെത്രാനായി അഭിഷിക്തനായ ബിഷപ്പ് ഡോ.ആന്റണി വാലുങ്കലിന് കെഎല്‍സിഎ വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തില്‍ നല്‍കിയ പൗര സ്വീകരണത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഒരു മെത്രാനെന്ന നിലയില്‍ എന്റെ ആപ്തവാക്യം അനേകര്‍ക്ക് മോചനദ്രവ്യമാകുക എന്നതാണ്. നമ്മള്‍ ഒരുമിച്ചു നിന്നാല്‍ അനേകര്‍ക്ക് വിമോചനത്തിന്റെ സദ്വാര്‍ത്തയാകാന്‍ നമുക്കാകുമെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.

വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. എളിമയോടും ലാളിത്യത്തോടും കൂടെ എല്ലാവരോടും ഇടപഴകുന്ന ബിഷപ്പ് ആന്റണി വാലുങ്കലിന്റെ പുതിയ ദൗത്യം ദൈവഹിതമനുസരിച്ച് നിറവേറ്റാന്‍ എല്ലാവരുടെയും സഹകരണങ്ങള്‍ ഉണ്ടാകണമെന്ന് ആര്‍ച്ച് ബിഷപ് വ്യക്തമാക്കി. സമ്മേളനത്തില്‍ മന്ത്രി പി.രാജീവ് മുഖ്യാതിഥിയായിരുന്നു. കെഎല്‍സിഎ വരാപ്പുഴ അതിരൂപത പ്രസിഡന്റ് സി.ജെ.പോള്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡന്‍ എം.പി, ടി.ജെ. വിനോദ് എംഎല്‍എ, മുന്‍ കേന്ദ്ര മന്ത്രി പ്രൊഫ. കെ.വി. തോമസ്, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍, കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ തോമസ് എന്നിവര്‍ സന്നിഹിതരായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m