ദുക്റാന തിരുനാളും സഭാദിനാഘോഷവും മൗണ്ട് സെൻറ് തോമസിൽ നടക്കും

മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ഓർമ്മ തിരുനാളും സീറോ മലബാർ സഭാദിനവും സംയുക്തമായി സഭാകേന്ദ്രമായ കാക്കനാട് മൗണ്ട് സെൻറ് തോമസിൽ നടക്കും. മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950ആം വാർഷികാഘോഷമെന്ന നിലയിൽ ഈ വർഷത്തെ സഭാദിനാചരണത്തിനു കൂടുതൽ പ്രാധാന്യവും പങ്കാളിത്തവുമുണ്ട്.

ജൂലൈ മൂന്നാം തിയതി ഞായറഴ്ച രാവിലെ 8.30ന് മേജർ ആർച്ച്ബിഷ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സഭാകേന്ദ്രത്തിൽ പതാക ഉയർത്തുന്നതോടെ ആഘോഷങ്ങൾക്കു തുടക്കമാകും. ഒൻപതു മണിക്കു ആരംഭിക്കുന്ന ആഘോഷമായ റാസകുർബാന കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ കാർമ്മികത്വത്തിൽ നടക്കും . സീറോ മലബാർ സഭയുടെ കൂരിയാ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, വിൻസെൻഷ്യൻ സന്യാസ സമൂഹത്തിന്റെ സുപ്പീരിയർ ജനറൽ ഫാ. ജോൺ കണ്ടത്തിൻകര, സഭാകാര്യാലയത്തിൽ വൈദികർ, രൂപതകളെ പ്രതിനിധീകരിച്ചു വരുന്ന വൈദികർ എന്നിവർ സഹകാർമ്മികരായിരിക്കും. ബഹു. ജോൺ കണ്ടത്തിൻകരയച്ചൻ വി. കർബാനമധ്യേ വചനസന്ദേശം നൽകും.

വി. കുർബാനയ്ക്കു ശേഷം സെൻറ് തോമസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിനു മുന്നോടിയായി മാർതോമാശ്ലീഹായുടെ ജീവിതത്തെയും പ്രേഷിത പ്രവർത്തനങ്ങളെയും രക്തസാക്ഷിത്വത്തെയും അവതരിപ്പിക്കുന്ന ഡോക്യുമെൻററി പ്രദർശിപ്പിക്കും. മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ സ്വാഗതമാശംസിക്കുന്ന പൊതുസമ്മേളനം കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. അറിയപ്പെടുന്ന സഭാചരിത്രകാരനും കോതമംഗലം രൂപതയുടെ വികാരി ജനറാളുമായ റവ. ഡോ. പയസ് മലേകണ്ടത്തിൽ തോമാശ്ലീഹായുടെ പ്രേഷിതപ്രവർത്തനങ്ങളെ ആസ്പദമാക്കി മുഖ്യപ്രഭാഷണം നടത്തും. തുടർന്നു നടക്കുന്ന ചടങ്ങിൽ തലശ്ശേരി അതിരൂപതയുടെ അറിയപ്പെടുന്ന ബൈബിൾ പണ്ഡിതനും എഴുത്തുകാരനും പ്രഭാഷകനുമായ റവ. ഡോ. മൈക്കിൾ കാരിമറ്റത്തിലിന് മേജർ ആർച്ച്ബിഷപ് മൽപാൻ പദവി നൽകി ആദരിക്കും. മേജർ ആർക്കി എപ്പിസ്കോപ്പൽ ചാൻസലർ ഫാ. വിൻസെൻറ് ചെറുവത്തൂർ നന്ദി പറയും. ഉച്ചഭഷണത്തോടെ പരിപാടികൾ സമാപിക്കുന്നതാണ്.

കേരളത്തിനകത്തും പുറത്തുനിന്നുമുള്ള രൂപതകളിൽ നിന്നു വൈദികരും സമർപ്പിതരും അത്മായരുമടങ്ങുന്ന പ്രതിനിധി സംഘം സഭാദിന പരിപാടികളിൽ പങ്കെടുക്കും. സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവനം ചെയ്യുന്ന അത്മായ പ്രമുഖർ, സമർപ്പിത സമൂഹങ്ങളുടെ മേജർ സുപ്പീരിയേഴ്സ് എന്നിവരും സഭാകേന്ദ്രത്തിൽ എത്തിച്ചേരും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group