വത്തിക്കാൻ സിറ്റി : ലോകയുവജന ദിനത്തിന്റെ അടയാളങ്ങളായ വലിയ മരക്കുരിശും ഉണ്ണിയേശുവിനെ കൈയ്യിലേന്തിയ പരിശുദ്ധകന്യകാമറിയത്തിന്റെ വർണ്ണനാചിത്രവും (Icon) മാർപ്പാപ്പാ ക്രിസ്തുരാജന്റെ തിരുന്നാൾദിനത്തിൽ, ഞായറാഴ്ച (22/11/20) പോർച്ചുഗലിലെ കത്തോലിക്കായുവജന പ്രതിനിധികൾക്ക് കൈമാറി. ഇന്ന് രാവിലെ, പ്രാദേശിക സമയം, പത്തുമണിക്ക്, വത്തിക്കാനിൽ, വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ അർപ്പിച്ച ദിവ്യബലിയുടെ അവസാനം, ഫ്രാൻസീസ് പാപ്പാ ഈ പ്രതീകാത്മക ആത്മീയ ചിഹ്നങ്ങൾ കഴിഞ്ഞ ആഗോളയുവജന സംഗമത്തിന്റെ വേദിയായിരുന്ന പാനമിയിലെ യുവജനങ്ങളുടെ പക്കൽ നിന്നു മേടിച്ച് അടുത്ത ലോക യുവജന സംഗമത്തിന് ആതിഥ്യമരുളുന്ന പോർച്ചുഗലിലെ യുവജനത്തെ ഏല്പിച്ചു.
2019-ലായിരുന്നു പാനമ വേദിയാക്കി ലോകയുവജനദിനം ആചരിച്ചത്. സാധാരണയായി രണ്ടോ മൂന്നോ വർഷം കൂടുമ്പോഴാണ് ആഗോളസഭാതലത്തിൽ യുവജനദിനാചരണം നടക്കുക. ഇതനുസരിച്ച് 2022 ആഗസ്റ്റിൽ നടക്കേണ്ട ഈ യുവജനസംഗമം, കോവിഡ്-19 മഹാമാരിമൂലം 2023 ലേക്കു മാറ്റിയിരിക്കയാണ്. പാപ്പാ യുവജനങ്ങളെ ഏല്പിച്ച മരക്കുരിശും അതിനെ അകമ്പടി സേവിക്കുന്ന പരിശുദ്ധ കന്യാകമറിയത്തിന്റെ തിരുച്ചിത്രവും പോർച്ചുഗലിലെ എല്ലാ രൂപതകളിലൂടെയും കടന്നായിരിക്കും ആഘോഷവേദിയായ ലിസ്ബണിൽ എത്തുക.
യുവജനങ്ങൾ കൊണ്ടുപോകുന്ന വലിയ മരക്കുരിശ് ജൂബിലിക്കുരിശ്, തീർത്ഥാടക കുരിശ്, യുവജന കുരിശ് (Jubilee Cross, Pilgrim Cross, and Youth Cross) എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്നു. 1984-ൽ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ നിന്നാരംഭിച്ച ഈ കുരിശിൻറെ തീർത്ഥാടനം ലോകത്തിൽ തുടരുന്നു. 1983-1984 വർഷങ്ങളിലായി ആചരിക്കപ്പെട്ട പരിത്രാണ വിശുദ്ധ വത്സരത്തിന്റെ സമാപനത്തിൽ വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പായാണ്, ക്രിസ്തുവിന് നരകുലത്തോടുള്ള സ്നേഹത്തിന്റെ പ്രതീകമായി ലോകമെങ്ങും കൊണ്ടുപോകുന്നതിന് 3.8 മീറ്റർ ഉയരമുള്ള ഈ മരക്കുരിശ് യുവജനത്തെ ഏല്പിച്ചത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group