ന്യൂനപക്ഷങ്ങൾക്കുള്ള വിദ്യാഭ്യാസ പദ്ധതികൾ

മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി വിവിധ പദ്ധതികള്‍ കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ നടപ്പിലാക്കുന്നുണ്ട്. വിദ്യാർഥികള്‍ക്കായി സ്കോളർഷിപ്പുകള്‍, വിദ്യാഭ്യാസ വായ്പകള്‍, കാഷ് അവാർഡുകള്‍, സൗജന്യ പരിശീലന പദ്ധതികള്‍, വിവിധ കോഴ്സുകള്‍ക്കുള്ള റീ ഇംപേഴ്സ്മെന്റ്, കരിയർ കൗണ്‍സിലിങ് തുടങ്ങിയവ ഇതില്‍ പെടുന്നു.

പെണ്‍കുട്ടികള്‍ക്കായി പ്രത്യേക പദ്ധതികളും നടപ്പിലാക്കി വരുന്നു. സ്കോളർഷിപ്പുകള്‍ ഒന്നാം ക്ലാസ് മുതല്‍ ഗവേഷണതലം വരെ വിവിധ സ്കോളർഷിപ്പുകള്‍ നല്‍കിവരുന്നുണ്ട്.

പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ്

എസ്.എസ്.എല്‍.സി. മുതല്‍ ഗവേഷണതലം വരെയുള്ള വിദ്യാർഥികള്‍ക്ക് കേരള സർക്കാർ നല്‍കുന്ന സ്കോളർഷിപ്പാണിത്. ഓരോ തലത്തിലും വേണ്ട മാനദണ്ഡങ്ങളും സ്കോളർഷിപ്പ് തുകയും വ്യത്യാസപ്പെട്ടിരിക്കുന്നു. പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാർഥികള്‍ക്ക് 10,000 രൂപ സ്കോളർഷിപ്പ് നല്‍കുന്നു(ബി.പി.എല്‍. വിഭാഗത്തില്‍പ്പെടുന്ന കുട്ടികള്‍ക്കാണ് മുൻഗണന). ഹയർസെക്കൻഡറി തലത്തില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ പ്ലസ് ടു വിദ്യാർഥികള്‍ക്കും വി.എച്ച്‌.എസ്.ഇ, എച്ച്‌.എസ്.സി. തുടങ്ങിയ കോഴ്സുകള്‍ പൂർത്തിയാക്കിയ വിദ്യാർഥികള്‍ക്കും പതിനായിരം രൂപ സ്കോളർഷിപ്പ് നല്‍കുന്നു. ബിരുദതലത്തില്‍ പഠിക്കുന്ന അപേക്ഷകർ മുൻ പരീക്ഷകളില്‍ 80 ശതമാനം മാർക്കും ബിരുദാനന്തര ബിരുദ തലത്തില്‍ പഠിക്കുന്ന അപേക്ഷകർ 75% മാർക്കും നേടിയിരിക്കണം. 15000 രൂപയാണ് സ്കോളർഷിപ്പ് തുക. രക്ഷാകർത്താക്കളുടെ വാർഷിക വരുമാനം 8 ലക്ഷം രൂപയില്‍ കൂടാൻ പാടില്ല. ബി.പി.എല്‍. കുടുംബങ്ങള്‍ക്ക് മുൻഗണനയുണ്ട്.

കേന്ദ്ര സർക്കാർ പ്രീമെട്രിക് സ്കോളർഷിപ്പ്

ഒന്നു മുതല്‍ പത്തു വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കുള്ള സ്കോളർഷിപ്പാണിത്. അപേക്ഷകർ മുൻ പരീക്ഷകള്‍ക്ക് 50% മാർക്ക് നേടിയിരിക്കണം. രക്ഷാകർത്താവിന്റെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കൂടാൻ പാടില്ല. ആകെ സ്കോളർഷിപ്പിന്റെ 30% പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. ഒന്നു മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് പ്രതിവർഷം 100 രൂപ, ഒന്നു മുതല്‍ ആറുവരെ ക്ലാസുകളിലെ ഹോസ്റ്റലില്‍ പഠിക്കുന്ന വിദ്യാർഥികള്‍ക്ക് അഡ്മിഷൻ ട്യൂഷൻ ഫീ ഇനങ്ങളില്‍ 100 രൂപ ഡേ സ്കോളേഴ്സിനും ഹോസ്റ്റലേഴ്സിനും ലഭിക്കും. ആറു മുതല്‍ പത്തുവരെ കുട്ടികള്‍ക്ക് 500 രൂപ പ്രതിവർഷം ലഭിക്കും. ഡേ സ്കോളേഴ്സിനും ഹോസ്റ്റലേഴ്സിനും ഈ തുകയാണ് ലഭിക്കുന്നത്. മെയിന്റനൻസ് അലവൻസ് ആയി ഹോസ്റ്റലേഴ്സിന് 600 രൂപയും ഡേ സ്കോളേഴ്സിന് 100 രൂപയും പ്രതിമാസം ലഭിക്കും.

പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്

സർക്കാർ/സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പഠിക്കുന്ന പ്ലസ് വണ്‍, പ്ലസ് ടു, വി.എച്ച്‌.എസ്.ഇ, ഐ.ടി.സി, ഐ.ടി.ഐ. വിദ്യാർഥികള്‍ക്കുള്ള സ്കോളർഷിപ്പാണിത്. അപേക്ഷകർ

മുൻ പരീക്ഷകളില്‍ 50% മാർക്ക് വാങ്ങിയിരിക്കണം. രക്ഷകർത്താവിന്റെ വാർഷിക വരുമാനം 2 ലക്ഷം രൂപയില്‍ കൂടാൻ പാടില്ല. ആകെ സ്കോളർഷിപ്പിന്റെ 30% പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്.

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാർഥികള്‍ക്ക് അഡ്മിഷൻ ഫീസ് ഇനത്തിലും ട്യൂഷൻ ഫീസ് ഇനത്തിലുമായി 7000 രൂപ ലഭിക്കും. ടെക്നിക്കല്‍ വൊക്കേഷൻ കോഴ്സുകള്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പതിനായിരം രൂപയും ലഭിക്കും. മെയിന്റനൻസ് അലവൻസ് ആയി പ്ലസ് വണ്‍, പ്ലസ് ടു, ടെക്നിക്കല്‍ കോഴ്സിലെ ഹോസ്റ്റലേഴ്സിന് പ്രതിമാസം 350 രൂപയും ഡേസ്കോളേഴ്സിന് 230 രൂപയും ലഭിക്കും. ബിരുദ ബിരുദാനന്തര വിദ്യാർഥികളില്‍ ഹോസ്റ്റല്‍ താമസിക്കുന്നവർക്ക് പ്രതിമാസം 570 രൂപയും ഡേസ്കോളേഴ്സിന് 300 രൂപയും ലഭിക്കും. പിഎച്ച്‌.ഡിക്ക് ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാർഥികള്‍ക്ക് 1200 രൂപയും ഡേസ്കോളേഴ്സിന് 550 രൂപയും പ്രതിമാസം ലഭിക്കും. ടെക്നിക്കല്‍, വൊക്കേഷനല്‍ കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാർഥികള്‍ക്ക് പ്രതിവർഷം പതിനായിരം രൂപയാണ് സ്കോളർഷിപ് തുക.

ഡിഗ്രി തലത്തില്‍ 50% മാർക്കു നേടിയവർക്ക് രക്ഷകർത്താവിന്റെ വാർഷിക വരുമാനം 2 ലക്ഷം രൂപയില്‍ താഴെ ആണെങ്കില്‍ സ്കോളർഷിപ്പിന് അർഹതയുണ്ട്. ആകെ സ്കോളർഷിപ്പിന്റെ 30% പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്.

സംസ്ഥാന സർക്കാർ സി.എ, ഐ.സി.ഡബ്ല്യു.എ, കമ്ബനി സെക്രട്ടറി തുടങ്ങിയ കോഴ്സുകള്‍ക്ക് സ്കോളർഷിപ്പ് നല്‍കിവരുന്നു. 15,000 രൂപയാണ് തുക. രക്ഷകർത്താവിന്റെ വാർഷിക വരുമാനം 8 ലക്ഷം രൂപയില്‍ താഴെയായിരിക്കണം. ബി.പി.എല്‍. വിഭാഗത്തില്‍പെടുന്നവർക്ക് മുൻഗണനയുണ്ട്. ആകെ സ്കോളർഷിപ്പിന്റെ 30% പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്.

മദർ തെരേസ സ്കോളർഷിപ്പ്

500 വിദ്യാർഥികള്‍ക്ക് ഈ സ്കോളർഷിപ്പ്. അപേക്ഷകർ 45% മാർക്ക് നേടിയിരിക്കണം രക്ഷകർത്താക്കളുടെ വാർഷിക വരുമാനം 8 ലക്ഷം രൂപയില്‍ താഴെയായിരിക്കണം. 15,000 രൂപയാണ് സ്കോളർഷിപ്പ് തുക. ആകെ സ്കോളർഷിപ്പിന്റെ 50% പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്.

ഡോ. അബുല്‍കലാം ആസാദ് സ്കോളർഷിപ്പ്

ത്രിവത്സര കോഴ്സ് പഠിക്കുന്ന 500 വിദ്യാർഥികള്‍ക്ക് ഈ സ്കോളർഷിപ്പ് നല്‍കുന്നു. 6000 രൂപ പ്രതിമാസം. രക്ഷകർത്താക്കളുടെ വാർഷിക വരുമാനം 8 ലക്ഷം രൂപയില്‍ താഴെയായിരിക്കണം. ആകെ സ്കോളർഷിപ്പിന്റെ 30% പെണ്‍കുട്ടികള്‍ക്ക്.

പെണ്‍കുട്ടികള്‍ക്ക് മാത്രമുള്ള സ്കോളർഷിപ്പുകള്‍

സി.എച്ച്‌ മുഹമ്മദ് കോയ സ്കോളർഷിപ്പ്

ബിരുദ തലത്തിലുള്ള വിദ്യാർഥികള്‍ക്ക് 5000 രൂപയും ബിരുദാനന്തര വിദ്യാർഥികള്‍ക്ക് 6000 രൂപയും പ്രൊഫഷനല്‍ കോഴ്സ് പഠിക്കുന്ന വിദ്യാർഥികള്‍ക്ക് 7000 രൂപയും സ്കോളർഷിപ്പായി ലഭിക്കും. കൂടാതെ ഹോസ്റ്റല്‍ ഫീസിനത്തില്‍ 13,000 രൂപയും ലഭിക്കും. ബിരുദതലത്തില്‍ 3000 സ്കോളർഷിപ്പും ബിരുദാനന്തര, പ്രൊഫഷനല്‍ കോഴ്സുകള്‍ക്ക് ഓരോന്നിനും ആയിരം സ്കോളർഷിപ്പുകള്‍ വീതവും ലഭ്യമാണ്. ഹോസ്റ്റല്‍ ഫീസ് ഇനത്തില്‍ 20000 പേർക്കും ലഭ്യമാണ്.

ബീഗം ഹസ്രത്ത് മഹല്‍ നാഷനല്‍ സ്കോളർഷിപ്പ്

ഒമ്ബതാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർഥിനികള്‍ക്കുള്ള സ്കൂള്‍ ഫീസിനും പഠനോപകരണങ്ങള്‍ വാങ്ങിക്കുന്നതിനും താമസച്ചെലവും ലഭ്യമാക്കുന്ന സ്കോളർഷിപ്പ് ആണിത്. അപേക്ഷകർ മുൻ പരീക്ഷകളില്‍ 50%ത്തില്‍ കൂടുതല്‍ മാർക്ക് നേടിയിരിക്കണം. രക്ഷാകർത്താവിന്റെ വാർഷിക വരുമാനം 2 ലക്ഷം രൂപയില്‍ കൂടാൻ പാടില്ല.

ഫീസ് റീ ഇംപേഴ്സ്മെന്റ് പദ്ധതികള്‍

സർക്കാർ സ്ഥാപനങ്ങളിലും അംഗീകൃത സ്വകാര്യ സ്ഥാപനങ്ങളിലും പഠിക്കുന്ന വിദ്യാർഥികള്‍ക്ക് വിവിധതരം റീ ഇംപേഴ്സ്മെന്റ് സ്കീമുകള്‍ ഉണ്ട്. ഐ.ടി.ഐയില്‍ പഠിക്കുന്ന വിദ്യാർഥികള്‍ക്ക് രണ്ടു വർഷത്തേക്ക് 20,000 രൂപ ലഭിക്കുന്നതാണ്. രക്ഷാകർത്താവിന്റെ വാർഷിക വരുമാനം 8 ലക്ഷം രൂപയില്‍ കൂടാൻ പാടില്ല. ബി.പി.എല്‍ വിഭാഗത്തില്‍പ്പെടുന്നവർക്ക് മുൻഗണ ലഭിക്കും. സിവില്‍ സർവിസ് പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാർഥികള്‍ക്ക് നല്‍കുന്ന സ്കീം ഉണ്ട്. 200 പേർക്കാണ് ഇതു ലഭിക്കുന്നതാണ്. കോഴ്സ് ഫീസ് ഇനത്തില്‍ 20000 രൂപയും ഹോസ്റ്റല്‍ ഫീസ് ആയി 10000 രൂപയും ലഭിക്കുന്നതാണ്. 10% പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്.

മത്സര പരീക്ഷാ പരിശീലനത്തിന് ‘നയാ സവേറ’

കേന്ദ്ര സർക്കാർ ‘നയാ സവേറ’ പദ്ധതി പ്രകാരം വിവിധ മത്സര പരീക്ഷകളില്‍ തയാറെടുക്കുന്ന വിദ്യാർഥികള്‍ക്കായി വിവിധ റീ ഇംപേഴ്സ്മെന്റ് പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. യു.പി.എസ്.സി. മത്സരപരീക്ഷകള്‍ക്ക് തയാറെടുക്കുന്ന വിദ്യാർഥികള്‍ക്കും പ്രൊഫഷണല്‍ കോഴ്സ് എൻട്രൻസ് എക്സാമിനും റസിഡൻഷ്യല്‍ കോച്ചിങ് സിവില്‍ സർവിസിന്റെ റസിഡൻഷ്യല്‍ കോച്ചിങ്ങിനായി ഒരു ലക്ഷം രൂപ വരെ ലഭിക്കുന്നതാണ്. 9 മാസത്തെ ദൈർഘ്യമുള്ള കോഴ്സുകള്‍ക്കാണ് ഇതു ലഭ്യമാകുന്നത്. ഗ്രൂപ്പ് എ സർവിസ് കോച്ചിങ്ങിനായി 25,000 രൂപ മുതല്‍ 50,000 രൂപ വരെ ലഭിക്കുന്നതാണ്. ആറുമാസ ദൈർഘമുള്ള കോഴ്സുകള്‍ക്കാണ് ലഭ്യമാകുന്നത്. ഗ്രൂപ്പ് ബി എക്സാമിനേഷൻ ഉള്ള കോമ്ബറ്റീറ്റീവ് എക്സാമിനേഷൻ 25000 മുതല്‍ 50,000 രൂപ വരെ ലഭ്യമാകുന്നതാണ്. അതുപോലെ ഗ്രൂപ്പ് സി സർവിസുകള്‍ കോംപറ്റീഷൻ എക്സാമിനേഷന് 20,000 രൂപ വരെ ലഭിക്കുന്നതാണ്.

നയി ഉഡാൻ

യു.പി.എസ്.സി, എസ്.എസ്.സി. എസ്.പി.എസ്.സി മുതലായവ സംഘടിപ്പിക്കുന്ന മത്സരപരീക്ഷകളുടെ പ്രിലിമിനറി പാസാകുന്ന ന്യൂനപക്ഷ വിദ്യാർഥികള്‍ക്ക് ധനസഹായം ലഭിക്കുന്ന പദ്ധതിയാണിത്. കേന്ദ്രാവിഷ്കൃത പദ്ധതിയാണ്. അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം 4.5 ലക്ഷം രൂപയില്‍ കവിയരുത്. പരമാവധി ഗസറ്റഡ് തസ്തികകള്‍ക്ക് 50,000 രൂപയും നോണ്‍ ഗസറ്റഡ് തസ്തികകള്‍ക്ക് 25,000 രൂപയും ലഭിക്കും. ഒന്നിലധികം തവണ പ്രാഥമിക പരീക്ഷ പാസായാലും ഒരു തവണ മാത്രമേ പരിഗണിക്കുകയുള്ളൂ. തെരഞ്ഞെടുക്ക പ്പെട്ടവരുടെ തുക നേരിട്ട് അക്കൗണ്ടിലേക്ക് കൈമാറും.

ക്യാഷ് അവാർഡ്

ഇബ്രാഹിം സുലൈമാൻ സേട്ട് ക്യാഷ് അവാർഡ് – ഉറുദു ഇലക്ടീവായി എടുത്ത് എസ്.എസ്.എല്‍.സി പരീക്ഷയില്‍ എ പ്ലസ് നേടിയ വിദ്യാർഥികള്‍ക്ക് 1000 രൂപ കാഷ് അവാർഡ് ലഭിക്കും.

വിദ്യാഭ്യാസ വായ്പ

വിദേശ രാജ്യങ്ങളില്‍ പഠിക്കാൻ വായ്പാ സബ്സിഡി നല്‍കുന്ന പദ്ധതിയാണ് പഠോ പർദേശ്. ബിരുദാനന്തര ബിരുദം, ഗവേഷണം എന്നിവയ്ക്കായി വിദേശരാജ്യങ്ങളില്‍ പോകുന്ന വിദ്യാർഥികള്‍ക്ക് ഇതു ലഭ്യമാണ്. രക്ഷകർത്താക്കളുടെ വാർഷിക വരുമാനം 6 ലക്ഷം രൂപയില്‍ കൂടാൻ പാടില്ല. ഇവ കൂടാതെ എൻ.എം.ഡി.എഫ്.സിയും കെ.എസ്.എം .ഡി എഫ്.സി.യും വഴി വിദ്യാർഥികള്‍ക്ക് ടെക്നിക്കല്‍, പ്രൊഫഷനല്‍ കോഴ്സുകള്‍ നാട്ടിലോ വിദേശത്തോ പഠിക്കുന്നതിന് 750000 രൂപ വരെ ലോണ്‍ ലഭ്യമാണ്. പ്രായപരിധി 16 നും 31നും ഇടയില്‍ ആയിരിക്കണം. ബെനിഫിഷ്യറി വിഹിതം 95:10 ആണ്. കോഴ്സ് കഴിഞ്ഞ് 6 മാസം വരെയാണ് മോറട്ടോറിയം പീരീഡ്. വിദേശത്ത് പഠിക്കാൻ പോകുന്നതായി 20 ലക്ഷം രൂപ വരെ ലഭിക്കും. എൻ.എം.ഡി.എഫ്.സി പലിശനിരക്ക് 3% വും കെ.എസ്.എം .ഡി എഫ്.സി. പലിശനിരക്ക് 7% വും ആണ്.

കരിയർ ഗൈഡൻസ് ആൻഡ് കൗണ്‍സിലിങ്

കേരള സർക്കാർ ഹൈസ്കൂള്‍, ഹയർസെക്കൻഡറി, ഡിഗ്രി വിദ്യാർഥികള്‍ക്ക് ഓരോ വർഷവും തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലും കോളജുകളിലും ഈ പദ്ധതി നടപ്പാക്കി വരുന്നു. കോച്ചിങ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത് വഴിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

കേന്ദ്രസർക്കാർ പദ്ധതികളറിയാൻ minorityaffairs.gov.in എന്ന വെബ്സൈറ്റും കേരള സർക്കാർ പദ്ധതികളറിയാൻ minoritywelfare.kerala.gov.in വെബ്സൈറ്റും സന്ദർശിക്കുക.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m