കര്‍ഷക സമരം: കേന്ദ്രമന്ത്രിമാരും കര്‍ഷക സംഘടനാ നേതാക്കളുമായി ഇന്ന് ചര്‍ച്ച

ന്യൂഡല്‍ഹി: സമരം നടത്തുന്ന കര്‍ഷകരെ അനുനയിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. സമരം നടത്തുന്ന കര്‍ഷകരുമായി കേന്ദ്രമന്ത്രിമാര്‍ ഇന്ന് ചര്‍ച്ച നടത്തും. ചണ്ഡീഗഡില്‍ വൈകീട്ട് അഞ്ചുമണിക്ക് കേന്ദ്രമന്ത്രിമാരായ പീയൂഷ് ഗോയല്‍, അര്‍ജുന്‍ മുണ്ട, നിത്യാനന്ദ റായ് എന്നിവരാണ് ചര്‍ച്ച നടത്തുക.

സമരരംഗത്തുള്ള സംയുക്ത കിസാന്‍ മോര്‍ച്ച രാഷ്ട്രീയേതര വിഭാഗത്തിന്റെയും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയുടെയും പ്രതിനിധികളുമായി ബുധനാഴ്ച വൈകീട്ട് ഓണ്‍ലൈനായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനമുണ്ടായത്. കർഷക പ്രതിനിധികളും കേന്ദ്രമന്ത്രിമാരായ പീയൂഷ് ​ഗോയലും അർജുൻ മുണ്ടയും തിങ്കളാഴ്ച ആറു മണിക്കൂർ കൂടിക്കാഴ്ച നടത്തിയിരുന്നു.

കർഷകരുടെ ചില ആവശ്യങ്ങൾ സർക്കാർ അം​ഗീകരിച്ചിട്ടുണ്ടെങ്കിലും മിനിമം താങ്ങുവിലയ്ക്കുള്ള നിയമപരമായ ​ഗ്യാരണ്ടി, വായ്പ എഴുതിത്തള്ളൽ, സ്വാമിനാഥൻ കമ്മീഷന്റെ ശുപാർശകൾ നടപ്പാക്കൽ എന്നീ മൂന്ന് പ്രധാന വിഷയങ്ങളിൽ സമവായത്തിൽ എത്താൻ സാധിച്ചില്ല. ഇരുന്നൂറോളം കർഷക യൂണിയനുകളുടെ പിന്തുണ ഡൽഹി ചലോ മാർച്ചിനുണ്ട്. തീരുമാനമുണ്ടാകും വരെ സമാധാനപരമായി പ്രതിഷേധിക്കുമെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി.

അതേസമയം, കര്‍ഷക സമരത്തിന്റെ രണ്ടാം ദിനമായ ഇന്നലെയും പഞ്ചാബ് – ഹരിയാന അതിര്‍ത്തിയില്‍ കര്‍ഷമാര്‍ച്ചിന് നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ഡ്രോണുകള്‍ ഉപയോഗിച്ച് ആകാശത്തുനിന്നും കണ്ണീര്‍വാതക ഷെല്ലുകള്‍ വര്‍ഷിക്കുന്നുണ്ട്. ജലപീരങ്കിയും പ്രയോഗിക്കുന്നതായി കര്‍ഷകര്‍ ആരോപിച്ചു. സംഘര്‍ഷത്തില്‍ ഇതുവരെ 60 പേര്‍ക്കു പരുക്കേറ്റതായി കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. 24 ഉദ്യോഗസ്ഥര്‍ക്കു പരുക്കേറ്റതായി പൊലീസും അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group