ദൈവകരുണയുടെ തിരുന്നാളും പുതുഞായറാഴ്ചയും

    നാളെ ( 24 ഏപ്രിൽ )തിരുന്നാളുകളുടെ തിരുന്നാൾ ആയ ദൈവകരുണയുടെ തിരുന്നാൾ പരിശുദ്ധ സഭ കൊണ്ടാടുകയാണല്ലോ. അതോടൊപ്പം പുതുഞായറാഴ്ച ആയതുകൊണ്ട് നമ്മളുടെ കർത്താവ് തോമാസ്ലീഹായിക്കു പ്രത്യക്ഷപ്പെട്ടതിനെയും നാം അനുസ്മരിക്കുന്നു ,

    നമ്മുടെ കർത്താവ് ഈ തിരുന്നാളിനോടു ചേർത്തു വച്ചിരിക്കുന്ന അസാധാരണമായ വാഗ്ദാനങ്ങൾ, സവിശേഷമായ കൃപകൾ, അതാണ് ഇതിനെ തിരുന്നാളുകളുടെ തിരുന്നാളായി മാറ്റുന്നത്.വി. ഫൗസ്റ്റീനയുടെ ഡയറിയിൽ പതിനാലു പ്രാവശ്യം ഈ തിരുന്നാൾ ആഘോഷിക്കപ്പെടാനുള്ള തന്റെ അദമ്യമായ ആഗ്രഹം ഈശോ വെളിപ്പെടുത്തുന്നതായി കാണുന്നു.

    കരുണയുടെ തിരുന്നാൾ എല്ലാവർക്കും പ്രത്യേകിച്ച് എല്ലാ പാപികൾക്കും അഭയവും തണലുമാകണമെന്ന് ഞാനാഗ്രഹിക്കുന്നു. ആ ദിവസം എന്റെ ആർദ്രമായ കരുണയുടെ ആഴങ്ങൾ താനേ തുറക്കപ്പെടും. എന്റെ കരുണയുടെ ഉറവയെ സമീപിക്കുന്ന ആത്മാക്കളുടെ മേൽ കൃപയുടെ വലിയ സമുദ്രത്തെ ഞാനൊഴുക്കും കുമ്പസാരിക്കുവാനും വി. കുർബ്ബാന സ്വീകരിക്കുവാനും അന്നു തയ്യാറാകുന്ന ആത്മാക്കൾക്ക് പാപ കടങ്ങളിൽ നിന്നും ശിക്ഷയിൽ നിന്നും പൂർണ്ണമായ ഇളവു ലഭിക്കും. കൃപയൊഴുകുന്ന ദൈവികകവാടം അന്നു തുറക്കപ്പെടും. പാപങ്ങൾ കടും ചുമപ്പയാലും ഒരാത്മാവും എന്റെയടുക്കൽ വരാൻ ഭയപ്പെടേണ്ട. കരുണയുടെ തിരുന്നാൾ എന്റെ അലിവിന്റെ ആഴങ്ങളിൽ നിന്ന് ഉത്ഭവിച്ചിരിക്കുന്നു. ഈസ്റ്റർ കഴിഞ്ഞു വരുന്ന ഞായറാഴ്ച അത് പാവനമായി ആഘോഷിക്കപ്പെടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.” (ഡയറി 699)*

    വാഗ്ദാനങ്ങൾ

    ഈ തിരുന്നാൾ യോഗ്യതാ പൂർവ്വം ആഘോഷിക്കുന്നവർക്ക് – (അതായത് കർത്താവിന്റെ കരുണയിൽ ദൃഢമായി ശരണപ്പെട്ട് തിരുനാൾ ദിനത്തിൽ യോഗ്യതയോടെ ദിവ്യകാരുണ്യം സ്വീകരിക്കുമ്പോൾ) – അവരുടെ ജീവിതത്തിൽ വന്നു പോയ മുഴുവൻ പാപങ്ങൾക്കും (കുമ്പസാരിക്കാൻ മറന്നു പോയ പാപങ്ങൾക്കു പോലും) പൂർണ്ണമായ മോചനവും ശിക്ഷകളിൽ നിന്നുള്ള പൂർണ്ണമായ ഇളവും (ദണ്ഡവിമോചനം) ഈശോ വാഗ്ദാനം ചെയ്യുന്നു. ദണ്ഡവിമോചനം ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കൾക്ക് വേണ്ടിയും നേടാവുന്നതാണ്.
    .
    ഏതെങ്കിലും പ്രത്യേകമായ കാരണത്താൽ കരുണയുടെ തിരുനാൾ ആഘോഷത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ പാപത്തെ ഹൃദയപൂർവ്വം തിരസ്കരിച്ചു കൊണ്ട് ഏറ്റവും അടുത്ത അവസരത്തിൽ തന്നെ കരുണയുടെ രണ്ട് കൂദാശകളും – കുമ്പസാരം, വി. കുർബാന ഇവ- സ്വീകരിക്കും എന്ന നിശ്ചയത്തോടെ, ആയിരിക്കുന്ന സ്ഥാനത്ത് ദൈവകരുണയുടെ ഛായാചിത്രം വണങ്ങിക്കൊണ്ട് മാർപ്പാപ്പയുടെ നിയോഗത്തിനായി പ്രാർത്ഥിക്കുകയും, ഒരു സ്വർഗ്ഗസ്ഥനായ പിതാവേ എന്ന ജപവും ഒരു വിശ്വാസ പ്രമാണവും “ഈശോയെ അങ്ങയിൽ ഞാൻ ശരണപ്പെടുന്നു” എന്നു ഏറ്റുപറഞ്ഞ് പ്രാർത്ഥിക്കുകയും ചെയ്താൽ ഈ തിരുനാളിന്റെ അനുഗ്രഹങ്ങൾ ഒരു വ്യക്തിക്ക് ലഭിക്കുന്നതാണ്‌.

    അതോടൊപ്പം തന്നെ പുപുതുഞായറാഴ്ച ആയതുകൊണ്ട് നമ്മളുടെ കർത്താവ് തോമാസ്ലീഹായിക്കു പ്രത്യക്ഷപ്പെട്ടതിനെയും നാം അനുസ്മരിക്കുന്നു , ജീവിച്ചിരുന്നപ്പോൾ യേശുവിനെ ഒട്ടേറെ സ്നേഹിച്ച ശിഷ്യരിൽ ഒരാളാണ് വി തോമസ് ശ്ലീഹ . തന്റെ പ്രിയസുഹൃത്തായ ലാസർ രോഗം ബാധിച്ചു കിടക്കുന്നു എന്നറിയിപ്പു കിട്ടിയപ്പോൾ, യഹൂദപ്രമാണികൾ യേശുവിനെ കൊല്ലാൻ അന്വേഷിക്കുന്നുണ്ടെന്നു അറിയാമായിരുന്ന ശിഷ്യർ അവനെ തടയാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ തോമസ്സാകട്ടെ, “അവനോടൊപ്പം മരിക്കാൻ നമുക്കും പോകാം” (യോഹന്നാൻ 11:16) എന്ന് പറഞ്ഞുകൊണ്ട് മറ്റു ശിഷ്യരെ ധൈര്യപ്പെടുത്തുന്നുണ്ട്. പക്ഷേ പറഞ്ഞത് പ്രവർത്തിക്കുവാനുള്ള അവസരം മുന്നിൽവന്നപ്പോൾ അദ്ദേഹം പതറിപ്പോയി. എന്നാൽ മരണത്തെ ജയിച്ച യേശുവുമായുള്ള കണ്ടുമുട്ടൽ, തോമ്മാശ്ലീഹായിലെ ഭയത്തെ പരിപൂർണ്ണമായും അകറ്റി. ഉറപ്പുള്ള വിശ്വാസത്താൽ നിറഞ്ഞ ആ ക്രിസ്തുശിഷ്യൻ പിന്നീട് ചെയ്തത്, ആ വിശ്വാസം പ്രഘൊഷിക്കാൻ മറ്റേതൊരു ശിഷ്യനും പോയതിലും വിദൂരമായ ദേശത്തേക്ക് യാത്രയാകുകയാണ്. ഇന്ന് നമ്മുടെ വിശ്വാസം പരീക്ഷിക്കപ്പെടുന്ന അവസരങ്ങളിൽ ദൈവസ്പർശത്തിനായി പ്രാർത്ഥിക്കാൻ നമുക്കാവുന്നുണ്ടോ? നമ്മുടെ വിശ്വാസം പ്രവർത്തിയിൽ കൊണ്ടുവരാൻ ഭയം തടസ്സമാകുന്ന അവസരങ്ങളിലെല്ലാം ഉത്ഥിതനായ യേശുവിനെ, പരിശുദ്ധാത്മാവ് വെളിപ്പെടുത്തി തരുന്നുണ്ട്. എന്റെ കർത്താവും എന്റെ ദൈവവുമേ എന്ന് പറഞ്ഞുകൊണ്ട് തന്നെ തന്നെ സമർപ്പിച്ച തോമാസ്ലീഹായുടെ മാദ്ധ്യസ്ഥം നമുക്ക് യാചിക്കാം

    നമുക്ക് രണ്ടു കാര്യങ്ങൾക്കായി നമുക്ക് പ്രാർത്ഥിക്കാം:

    ഒന്ന്, ദൈവത്തിൽ നിന്നും ഓരോ നിമിഷവും അളവില്ലാതെ കരുണ സ്വന്തമാക്കുന്നവരാണ് നാം എന്ന ബോധ്യത്തിലുറച്ച്, അളവില്ലാതെ കരുണ കാണിക്കുന്നവരാകാനും, അതുവഴി ദൈവകരുണയുടെ പ്രവാചകരാകാനുമുള്ള അനുഗ്രഹത്തിനായി നമുക്ക് പ്രാർത്ഥിക്കാം.

    രണ്ട്,.തോമാശ്ലീഹായെപ്പോലെ ഈശോ-അനുഭവം സ്വന്തമാക്കാൻ, ഉറച്ച വിശ്വാസത്തോടെ അത് ഉറക്കെ പ്രഘോഷിക്കാനുള്ള കൃപ സ്വന്തമാക്കാൻ,

    കാരുണ്യവാനായ ഈശോ നമ്മെ അനുഗ്രഹിക്കട്ടെ !🙏

    Stephen K O


    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
    Follow this link to join our
     WhatsAppgroup

    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
    Follow this link to join our
     Telegram group