മാര്‍തോമാശ്ലീഹായുടെ ദുക്റാന തിരുനാള്‍ ഏഴുദിന ഒരുക്കം ആറാം ദിവസം ഒന്നാകലിന്‍റെ പ്രേഷിതഭാവം

തന്‍റെ ജനങ്ങളോട് ഒന്നായി തീരുക എന്നത് തോമാശ്ലീഹായുടെ പ്രേഷിതത്വത്തിന്‍റെ ഒരു വലിയ ഭാവമായിരുന്നു. താന്‍ ആരുടെയിടയില്‍ ജീവിക്കുന്നോ അവരുമായി സമഭാവരൂപം കൈക്കൊള്ളുക. അവരെ പോലെ അവരുടെയിടയില്‍ ജീവിക്കുക. അയച്ചവനോട് താദാത്മ്യപ്പെട്ടതുപോലെ ആര്‍ക്കു വേണ്ടി അയയ്ക്കപ്പെട്ടുവോ അവരോടും താദാത്മ്യപ്പെട്ടവനായിരുന്നു തോമാശ്ലീഹാ. തോമാസിയന്‍ അപ്രാമാണിക രചനകളില്‍ അടിമയായിട്ട് തോമാശ്ലീഹായെ ചിത്രീകരിക്കുന്നുണ്ട്. അടിമയെന്നാല്‍ ഗുരുവിന്‍റെ ഹിതം മാത്രം നിര്വ്വഹിക്കുന്നവന്‍. തോമായുടെ നടപടികള്‍ അനുസരിച്ച് ഈശോ തന്‍റെ അടിമയായ തോമാശ്ലീഹായെ മുപ്പതു നാണയങ്ങള്‍ക്ക് വില്‍ക്കുകയാണ്. അങ്ങനെ അടിമയായിട്ട് തന്നെയാണ് അദ്ദേഹം പില്‍ക്കാലത്ത് ഇന്ത്യയില്‍ ജിവിക്കുന്നത്. തോമായുടെ നടപടികളില്‍ പലയിടത്തും അത് വ്യക്തമായി പറയുന്നുമുണ്ട്. ദൈവമായിരുന്നിട്ടും എല്ലാവര്‍ക്കും വേണ്ടി അടിമയെ പോലെ സ്വയം ശൂന്യനാക്കിയ ഗുരുവിന്‍റെ ശിഷ്യനായിരുന്നു തോമശ്ലീഹാ. ഈ ബോദ്ധ്യം ഹ്രുദയത്തിലുണ്ടായിരുന്ന തോമാശ്ലീഹാ എല്ലാവര്‍ക്കും വേണ്ടി സ്വയം അടിമയായി.
തോമാശ്ലീഹായുടെ ജീവിതത്തെ കുറിച്ച് തോമായുടെ നടപടികളില്‍ ഇപ്രകാരം എഴുതിയിട്ടുണ്ട്. “അവന്‍ നഗരങ്ങളും ജില്ലകളൂം ചുറ്റി സഞ്ചരിക്കുന്നു. അവനുള്ളതെല്ലാം അവന്‍ പാവങ്ങള്‍ക്ക് നല്‍കുന്നു. അവന്‍ ഒരു പുതിയ ദൈവത്തെ കുറിച്ച് പ്രസംഗിക്കുന്നു, രോഗികളെ സുഖപ്പെടുത്തുന്നു, ദുഷ്ടാത്മാക്കളെ പുറത്താക്കുന്നു. ……. അവന്‍ തുടര്‍ച്ചയായി ഉപവസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. റൊട്ടിയും ഉപ്പും മാത്രമാണ് അവന്‍റെ ഭക്ഷണം. ജലം മാത്രമാണ് അവന്‍റെ പാനീയം. തണുപ്പിലൂം ചൂടിലും അവന് ഒരു മേല്‍കുപ്പായം മാത്രമേ ഉള്ളൂ. അവന്‍ ആരില്‍ നിന്നും ഒന്നും സ്വീകരിക്കുന്നില്ല, എന്നാല്‍ തനിക്കുള്ളതു പോലും മറ്റുള്ളവര്‍ക്ക് നല്‍കുന്നു.” ഒരു യഥാര്‍ത്ഥ ക്രിസ്തുശിഷ്യന്‍റെ ഉത്തമ മാത്രുക. നമ്മുടെ മലബാര്‍ പാരമ്പര്യങ്ങളിലും ആവശ്യ സമയത്ത് ആളുകളുടെ പക്കല്‍ ഓടിയെത്തുന്ന തോമാശ്ലീഹായെ നാം കാണുന്നൂ.ക്രിസ്തുശിഷ്യന് അവശ്യം ഉണ്ടായിരിക്കേണ്ട വലിയ ഒരു ഗുണമാണ് സഹാനുഭൂതി എന്ന് തോമാശ്ലീഹാ നമ്മെ പഠിപ്പിക്കുന്നു. എല്ലാവരോടും എല്ലായിടത്തും സമഭാവനയോടേ വര്‍ത്തിക്കുവാനും തോമാശ്ലീഹാ നമ്മോട് ആവശ്യപ്പെടുന്നു.

ഫാ. ജെയിംസ് കുരുകിലാംകാട്ട്
തോമസയിന്‍ റിസര്‍ച്ച് സെന്‍റര്‍, തുമ്പൂര്‍.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group