ഫെബ്രുവരി 05: സിസിലിയായിലെ വിശുദ്ധ അഗത

വിശുദ്ധ അഗത സിസിലിയായിലെ ഒരു കുലീന കുടുംബത്തില്‍ ജനിച്ച കന്യകയായിരുന്നു. സിസിലിയിലെ ഗവര്‍ണര്‍ ആയിരുന്ന ക്വിന്റ്യാനൂസ് അവളെ കാണുവാനിടയാകുകയും അവളില്‍ ആകൃഷ്ട്ടനാകയും ചെയ്തു. പക്ഷെ വിശുദ്ധ അദ്ദേഹത്തിന്റെ പ്രേമം നിരസിച്ചു. ഇതിന്റെ ഫലമായി, അവള്‍ ക്രിസ്ത്യാനിയാണെന്ന് കാരണം പറഞ്ഞ് ഗവര്‍ണറുടെ ന്യായാസനത്തിനു മുന്‍പില്‍ ഹാജരാക്കി. എന്തുകൊണ്ടാണ് ക്രിസ്ത്യാനികളെ പോലെ അടിമജീവിതം നയിക്കുന്നതെന്ന ന്യായാധിപന്മാരുടെ ചോദ്യത്തിന് അവളുടെ മറുപടി ഇപ്രകാരമായിരിന്നു, “ഞാന്‍ ക്രിസ്തുവിന്റെ ഒരു ദാസിയാണ്, അത്കൊണ്ടാണ് ഞാന്‍ അടിമയെ പോലെ ജീവിക്കുന്നത്, എന്നിരുന്നാലും ക്രിസ്തുവിന്റെ അടിമയായിരിക്കുക എന്നത് ഏറ്റവും മഹനീയമാണ്” വിശുദ്ധ പ്രതിവചിച്ചു. ഇതില്‍ കോപാകുലനായ ഗവര്‍ണര്‍ ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിച്ചില്ലെങ്കില്‍ വളരെ ക്രൂരമായ മര്‍ദ്ദനങ്ങള്‍ ഏല്‍ക്കേണ്ടി വരുമെന്നവളെ ഭീഷണിപ്പെടുത്തി. എന്നാല്‍ ധീരയായ വിശുദ്ധയുടെ വാക്കുകള്‍ ഇപ്രകാരമായിരിന്നു, “നീ എന്നെ വന്യമൃഗങ്ങള്‍ക്ക് കൊടുക്കുമെന്നാണ് ഭീഷണിപ്പെടുത്തുന്നതെങ്കില്‍, അറിഞ്ഞുകൊള്‍ക, ക്രിസ്തുവിന്റെ നാമം കേള്‍ക്കുന്ന മാത്രയില്‍ അവ ഇണങ്ങികൊള്ളും, നീ അഗ്നിയാണ് പ്രയോഗിക്കുന്നതെങ്കില്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും മാലാഖമാര്‍ ശാന്തിദായകമായ മഞ്ഞുതുള്ളികള്‍ എന്റെ മേല്‍ വര്‍ഷിക്കും.”

ക്രൂരമായ മര്‍ദ്ദനങ്ങള്‍ കഴിഞ്ഞപ്പോള്‍ വിശുദ്ധയെ തടവറയില്‍ അടച്ചു. ഒരു ആഘോഷ സദ്യക്ക് പോകുന്ന പോലെയാണ് തല ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് അവള്‍ തടവറയിലേക്ക് പോയത്. തന്റെ യാതനകള്‍ അവള്‍ പ്രാര്‍ത്ഥനയിലൂടെ ദൈവത്തിനു സമര്‍പ്പിച്ചു. അടുത്ത ദിവസം ന്യായാധിപന്റെ മുന്‍പില്‍ നില്‍ക്കുമ്പോള്‍ അവള്‍ പ്രഖ്യാപിച്ചു: “നീ എന്റെ ശരീരം നിന്റെ കൊലയാളികളെകൊണ്ട് പിച്ചിചീന്തുന്നില്ലെങ്കില്‍ എനിക്ക് മറ്റുള്ള രക്തസാക്ഷികള്‍ക്കൊപ്പം എന്റെ കര്‍ത്താവിന്റെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുവാന്‍ സാധിക്കുകയില്ല.”

അധികം താമസിയാതെ അവളെ മര്‍ദ്ദനഉപകരണത്തിനുമേല്‍ വരിഞ്ഞുകെട്ടി ചുട്ടുപഴുപ്പിച്ച ഇരുമ്പ് കമ്പികള്‍ കൊണ്ട് പൊള്ളിച്ചു, കൂടാതെ അവര്‍ വിശുദ്ധയുടെ മാറിടങ്ങളില്‍ ക്രൂരമായി മുറിവേല്‍പ്പിച്ചു. ഈ മര്‍ദ്ദനങ്ങള്‍ക്കിടയിലും അവള്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചു: “മരണം വരെ എന്റെ ശരീരത്തിന്‍റെ പരിശുദ്ധി നിലനിര്‍ത്തണമെന്ന് ആഗ്രഹം നിമിത്തം ഞാന്‍ ഈ ഇവിടെ തൂങ്ങികിടക്കുന്നു. എന്റെ ദൈവമായ കര്‍ത്താവേ എന്നെ സഹായിക്കണമേ.”

ക്രൂരന്മാരായ അവര്‍ വിശുദ്ധയുടെ മാറിടങ്ങളില്‍ കത്തികൊണ്ട് മുറിവേല്‍പ്പിച്ചപ്പോള്‍ വിശുദ്ധ, ഗവര്‍ണറുടെ കാടത്തരത്തെ ഇപ്രകാരം ശാസിച്ചു : “ദൈവഭയമില്ലാത്ത, ക്രൂരനും കുപ്രസിദ്ധനുമായ ഭരണാധികാരി, നിന്നെ വളര്‍ത്തിയ മാതാവിനെപോലെയുള്ള ഒരു സ്ത്രീയെ പീഡിപ്പിക്കുവാന്‍ നിനക്ക് നാണമില്ലേ?” തിരികെ തടവറയിലെത്തിയപ്പോള്‍, അവള്‍ പ്രാര്‍ത്ഥിച്ചു “എന്റെ ദൈവമേ എന്റെ പിടച്ചില്‍ നീ കണ്ടില്ലേ, എപ്രകാരം ഞാന്‍ യുദ്ധമുഖത്ത് പോരാടി; എന്റെ മാറിടങ്ങള്‍ മുറിച്ചു മാറ്റിയാല്‍ പോലും ഞാന്‍ ഭരണാധികാരികളുടെ ഉത്തരവുകള്‍ ഞാന്‍ അനുസരിക്കുകയില്ല.”

ആ രാത്രിയില്‍ ഒരു ആദരണീയനായ ഒരു വൃദ്ധന്‍ അവളെ സുഖപ്പെടുത്തുവാനുള്ള മരുന്നുകളുമായി വിശുദ്ധയുടെ അരികിലെത്തി, വിശുദ്ധ പത്രോസ് ശ്ലീഹയായിരുന്നു അത്. എന്നാല്‍ വിശുദ്ധ വളരെ വിനയത്തോട് കൂടി തന്റെ മുറിവുകള്‍ അദ്ദേഹത്തെ കാണിക്കുവാന്‍ വിസമ്മതിച്ചു. “എന്നെ അവിശ്വസിക്കാതിരിക്കൂ മകളെ ഞാന്‍, ക്രിസ്തുവിന്റെ അപ്പസ്തോലനായ പത്രോസാണ്‌.” ഇതിനു അവള്‍ ഇപ്രകാരം മറുപടി പറഞ്ഞു: “ഞാന്‍ ഭൗമീകമായ ഒരു മരുന്നുകളും എന്റെ ശരീരത്തില്‍ പുരട്ടാറില്ല, ഞാന്‍ കര്‍ത്താവായ യേശുവിനെ മുറുകെപിടിക്കുന്നു, അവന്‍ തന്റെ വാക്കുകളാല്‍ എന്നെ സുഖപ്പെടുത്തികോളും”.

പെട്ടെന്ന്‍ തന്നെ അവള്‍ വിശുദ്ധ പത്രോസിനാല്‍ അത്ഭുതകരമായി സുഖം പ്രാപിച്ചു. “എന്റെ യേശുവിന്റെ പിതാവേ, ഞാന്‍ നിന്നെ സ്തുതിക്കുന്നു, കാരണം നിന്റെ അപ്പസ്തോലന്‍ എന്റെ മാറിടങ്ങള്‍ സുഖപ്പെടുത്തി.” ആ രാത്രിമുഴുവനും ആ ഇരുട്ടറയില്‍ ഒരു തിളക്കമാര്‍ന്ന ഒരു പ്രകാശം ഉണ്ടായിരുന്നു. ഇതുകണ്ട കാവല്‍ക്കാര്‍ ഭയന്നോടിയപ്പോള്‍ സഹതടവുകാര്‍ അവളോടു രക്ഷപ്പെടുവാന്‍ ആവശ്യപ്പെട്ടെങ്കിലും, “ദൈവസഹായത്താല്‍ സുഖം പ്രാപിച്ച ഞാന്‍, എന്നെ സുഖപ്പെടുത്തുകയും, ആശ്വസിപ്പിക്കുകയും ചെയ്ത ദൈവത്തെ ഏറ്റുപറയേണ്ടിയിരിക്കുന്നു” എന്ന് പറഞ്ഞുകൊണ്ട് അത് നിരസിച്ചു.

നാല് ദിവസത്തിന് ശേഷം അവളെ വീണ്ടും ന്യായാധിപന്റെ മുന്‍പില്‍ കൊണ്ടുവന്നു. അവള്‍ സുഖപ്പെട്ടത് കണ്ട ന്യായാധിപന്‍ അത്ഭുതപ്പെട്ടു, എന്നിരുന്നാലും അവള്‍ തങ്ങളുടെ ദൈവത്തെ ആരാധിക്കുവാന്‍ അദ്ദേഹം നിര്‍ബന്ധിച്ചു; ഇത് യേശുവിലുള്ള തന്റെ വിശ്വാസം വീണ്ടും ഏറ്റുപറയുന്നതിനു അവളേ പ്രേരിപ്പിച്ചു. ഇതിനേ തുടര്‍ന്ന്‍ ഗവര്‍ണറുടെ ഉത്തരവ് പ്രകാരം അവര്‍ വിശുദ്ധയെ കൂര്‍ത്ത കുപ്പിച്ചില്ലുകള്‍ക്കും, ചുട്ടുപഴുത്ത കല്‍ക്കരിക്കും മുകളിലൂടെ ഉരുട്ടി. ആ നിമിഷം മുഴുവന്‍ നഗരത്തേയും കുലുക്കികൊണ്ടൊരു വലിയൊരു ഭൂകമ്പമുണ്ടായി. രണ്ടു ഭിത്തികള്‍ ഇടിഞ്ഞു വീഴുകയും ഗവര്‍ണറുടെ രണ്ടു സുഹൃത്തുക്കള്‍ അതില്‍പ്പെട്ടു മരിക്കുകയും ചെയ്തു.

ജനരോഷത്തെ ഭയന്ന്, പകുതി മരിച്ച വിശുദ്ധയെ തടവറയിലടക്കുവാന്‍ ഗവര്‍ണര്‍ ഉത്തരവിട്ടു. ആ തടവറയുടെ മധ്യത്തില്‍ നിന്ന്‍, കൈകള്‍ വിരിച്ചുപിടിച്ചുകൊണ്ടവള്‍ തന്റെ അവസാന നിമിഷം ഇങ്ങനെ പ്രാര്‍ത്ഥിച്ചു: “എന്റെ കര്‍ത്താവായ യേശുവേ, നല്ല ഗുരുവേ, ഞാന്‍ നിനക്ക് നന്ദി പറയുന്നു, മര്‍ദ്ദകരുടെ പീഡനങ്ങള്‍ക്ക് മേല്‍ നീ എനിക്ക് വിജയം സമ്മാനിച്ചു, ഇനി നിന്റെ നിത്യാനന്ദത്തില്‍ വസിക്കുവാന്‍ എന്നെ അനുവദിച്ചാലും.”ഇപ്രകാരം പ്രാര്‍ത്ഥിച്ച ഉടനേ വിശുദ്ധ കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു.

അവള്‍ മരിച്ചു ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ കാറ്റാണിയ നഗരത്തില്‍ എറ്റ്നാ അഗ്നിപര്‍വ്വത വിസ്ഫോടനം മൂലം വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടായി. ഈ സമയത്ത്, മരനാഭീതിയുമായി വിശുദ്ധയുടെ കബറിടത്തില്‍ അപേക്ഷിച്ചു കൊണ്ടെത്തിയവരില്‍ നിരവധി വിജാതീയരും ഉണ്ടായിരുന്നു. വിശുദ്ധയുടെ മുഖാവരണം ഇളകിമറിഞ്ഞു വരുന്ന അഗ്നിജ്വാലകള്‍ക്ക് നേരെ പിടിച്ചപ്പോള്‍ പെട്ടെന്ന്‍ തന്നെ ആ അപകടം ഒഴിവായി. സിസിലിയിലെ കാറ്റാണിയായില്‍ വിശുദ്ധയുടെ കബറിടം ഇന്നും വളരെയേറെ ആദരിക്കപ്പെട്ട് വരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group