നികത്തിയ വയൽ: പൂർവ സ്ഥിതിയിലാക്കാൻ കളക്ടർമാർക്ക് നിർദേശം

കൊച്ചി: അനധികൃതമായി നടക്കുന്ന നെല്‍വയല്‍ നികത്തല്‍ തടഞ്ഞ് നിലം പൂര്‍വസ്ഥിതിയിലാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മന്ത്രി കെ. രാജന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിർദേശം നല്‍കി. എറണാകുളത്ത് നടന്ന ജില്ലാ കളക്ടര്‍മാരുടെ യോഗത്തിലാണ് മന്ത്രിയുടെ നിര്‍ദേശം.

തോട്ടഭൂമി ഉള്‍പ്പെടെയുള്ള ഭൂമി അനുവദിച്ച കാര്യങ്ങള്‍ക്കല്ലാതെ തരം മാറ്റുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണം. ഇത്തരം ഭൂമിയുടെ തരം മാറ്റം ശ്രദ്ധയില്‍ പെട്ടാല്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡുകളില്‍ റിപ്പോര്‍ട്ട് ചെയ്ത് മിച്ചഭൂമി കേസുകള്‍ പുനരാരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും മന്ത്രി റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നല്‍കി.

റവന്യു വകുപ്പിനെ ജനകീയവത്കരിക്കാനുള്ള വില്ലേജ് തല ജനകീയ സമിതിയുടെ പ്രവര്‍ത്തനം ഊർജിതമാക്കും. ഇതിനായി കൂടുതല്‍ ഡെപ്യൂട്ടി തഹസില്‍മാര്‍ക്ക് ചുമതല നല്‍കും. സര്‍ക്കാരിന്‍റെ നൂറുദിന പരിപാടിയുടെ ഭാഗമായി എല്ലാ ജില്ലയിലും പട്ടയമേളകള്‍ സംഘടിപ്പിക്കും. ഭൂമി തരംമാറ്റത്തിനുള്ള കുടിശിക അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിന് ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ 10 വരെ പ്രത്യേക അദാലത്തുകള്‍ സംഘടിപ്പിക്കും.

റവന്യു വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കാര്യക്ഷമമായി ഇടപെടുന്നതിനും സത്വര പരിഹാരം കാണുന്നതിനും തഹസില്‍ദാര്‍മാരെ പങ്കെടുപ്പിച്ചു കൊണ്ട് സംസ്ഥാനത്ത് നാല് മേഖലാ യോഗങ്ങള്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group