ക്രിമിനല്‍ നിയമങ്ങളില്‍ മാറ്റം വരുത്തിയുള്ള മൂന്ന് ബില്ലുകള്‍ ഇന്ന് രാജ്യസഭ പരിഗണിക്കും

ക്രിമിനല്‍ നിയമങ്ങളില്‍ മാറ്റംവരുത്തിയുള്ള മൂന്ന് ബില്ലുകള്‍ ഇന്ന് രാജ്യസഭ പരിഗണിക്കും. ഭാരതീയ ന്യായസംഹിത, ഭാരതീയ നാഗരിക സുരക്ഷ, ഭാരതീയ സാക്ഷ്യ എന്നീ മൂന്ന് ബില്ലുകള്‍ ലോക്സഭ ഇന്നലെ പാസാക്കിയിരുന്നു.

പാര്‍ലമെന്റിലെ സസ്പെൻഷൻ നടപടിക്കെതിരെ ഇൻഡ്യ മുന്നണി ഇന്ന് മാധ്യമങ്ങളെ കാണും.

പ്രതിപക്ഷമില്ലാത്ത സഭയില്‍ പ്രധാനപ്പെട്ട എല്ലാ ബില്ലുകളും എത്രയും പെട്ടെന്ന് പാസാക്കിയെടുക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. ചൊവ്വാഴ്ചയും ബുധനാഴ്ചയും ആയി നടന്ന ചര്‍ച്ചയ്ക്കൊടുവിലാണ് ലോക്സഭയില്‍ പ്രതിപക്ഷ പ്രതിഷേധമേതുമില്ലാതെ മൂന്ന് ക്രിമിനല്‍ നിയമങ്ങളും പൊളിച്ചെഴുതുന്ന ബില്ലുകള്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയത്. ഈ മൂന്നു ബില്ലുകള്‍ക്കൊപ്പം ടെലി കമ്മ്യൂണിക്കേഷൻ ബില്ലും ഇന്ന് രാജ്യസഭ പരിഗണിക്കും.

അംഗങ്ങളുടെ സസ്പെൻഷൻ നടപടിയിലും പാര്‍ലമെന്റിലെ സുരക്ഷാവീഴ്ചയിലും ചര്‍ച്ചയ്ക്ക് കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാതെ വന്നതോടെ സഭ നടപടികളുമായി സഹകരിക്കേണ്ടതില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ഇൻഡ്യ മുന്നണി. നാളെ ജന്തര്‍ മന്തറില്‍ സമരം നടത്തുന്നതിന് മുന്നോടിയായി ഇന്ന് സഭാ നടപടികള്‍ ബഹിഷ്കരിച്ച്‌ മാധ്യമങ്ങളെ പ്രതിപക്ഷ എംപിമാര്‍ കാണും. രാവിലെ 11 മണിക്ക് പാര്‍ലമെന്റില്‍ നിന്ന് കാല്‍നടയായി എത്തിയാണ് വിജയ് ചൗക്കില്‍ നേതാക്കള്‍ മാധ്യമങ്ങളെ കാണുക.

പാര്‍ലമെന്റ് ശൈത്യകാല സമ്മേളനം നാളെ അവസാനിക്കാനിരിക്കെ രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനവും സേവനവും സംബന്ധിച്ച ബില്ലും ഇന്ന് ലോക്സഭ പരിഗണിക്കും. എന്നാല്‍ ഉപരാഷ്ട്രപതിയെ പ്രതിപക്ഷം അപമാനിച്ചു എന്ന ആരോപണം മുൻനിര്‍ത്തിയാകും നിലവിലെ സമ്മര്‍ദ്ദത്തെ ബിജെപി ഉള്‍പ്പെടുന്ന ഭരണപക്ഷം പ്രതിരോധിക്കുക.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group