ഗഗൻയാൻ ദൗത്യത്തിന്റെ ആദ്യ പരീക്ഷണ വിക്ഷേപണം ഒക്ടോബര്‍ അവസാനത്തില്‍

ബഹിരാകാശത്തെക്ക്‌ മനുഷ്യനെ എത്തിക്കാനുള്ള ഐ.എസ്.ആര്‍.ഒയുടെ ഗഗൻയാൻ ദൗത്യത്തിന്റെ ആദ്യ പരീക്ഷണ വിക്ഷേപണം ഒക്ടോബര്‍ അവസാനത്തില്‍ നടക്കും.

ഇതിനുള്ള മുന്നൊരുക്കം പുരോഗമിക്കുകയാണെന്ന് തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്റര്‍ (വി.എസ്.എസ്.സി) ഡയറകട്ര്‍ എസ്. ഉണ്ണികൃഷ്ണൻ നായര്‍ പറഞ്ഞു.

വിക്ഷേപണത്തിനുള്ള എല്ലാ വാഹനങ്ങളും ആന്ധ്ര ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെത്തിയതായും ഇവയുടെ അവസാന ഘട്ട കൂട്ടിയോജിപ്പിക്കല്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും രീതിയില്‍ അപകടം സംഭവിച്ചാല്‍ ബഹിരാകാശയാത്രികര്‍ക്ക് രക്ഷപ്പെടാനുള്ള സംവിധാനമായ ക്രൂ എസ്കേപ്പിങ് സിസ്റ്റത്തിന്റെ (സി.ഇ.എസ്) ആളില്ലാ പരീക്ഷണമാണ് ആദ്യം നടക്കാൻ പോകുന്നത്. ഇതിനുവേണ്ടി പ്രത്യേകം തയാറാക്കിയ വാഹനത്തിലാണ് പരീക്ഷണം അരങ്ങേറുക. ഗഗൻയാൻ ദൗത്യത്തിലെ ഏറെ പ്രധാനപ്പെട്ട ഘടകമാണ് ക്രൂ എസ്കേപ്പിങ് സിസ്റ്റം.

ഗഗൻയാൻ ദൗത്യത്തിനായി നാല് പരീക്ഷണ വിക്ഷേപണങ്ങളാണ് നടക്കുക. ഇതില്‍ ആദ്യത്തേതാണ് ഈ മാസം അവസാനം അരങ്ങേറുന്ന ടി.വി- ഡി 1. തുടര്‍ന്ന് ടി.വി- ഡി 2 പരീക്ഷണം നടക്കും. ഈ പരീക്ഷണങ്ങള്‍ക്ക് എല്‍.വി.എം ത്രീ- ജി 1 റോക്കറ്റാണ് ഉപയോഗിക്കുക. പരീക്ഷണത്തിന്റെ രണ്ടാം ഘട്ടത്തില്‍ ടി.വി- ഡി 3, ടിവി- ഡി 4 എന്നിവയ്ക്കായി റോബോട്ടിക് പേലോഡുകള്‍ ഉള്‍പ്പെടുത്തിയ എല്‍.വി.എം ത്രീ- ജി 2 റോക്കറ്റും ഉപയോഗിക്കും.

ഭൂമിയില്‍നിന്ന് 100 കിലോമീറ്റര്‍ അകലെ മനുഷ്യനെ വഹിച്ച്‌ തിരിച്ചെത്താൻ ശേഷിയുള്ള സിംഗിള്‍ സ്റ്റേജ് റോക്കറ്റുകളാണ് പരീക്ഷണത്തിന് ഉപയോഗിക്കുന്നവ. ഇത് ഭാവിയില്‍ ബഹിരാകാശ ടൂറിസത്തിനും ഉപയോഗപ്പെടുത്തനാവും. ഈ നാലു പരീക്ഷങ്ങളുടെയും വിജയകരമായ പരിസമാപ്തിക്ക് ശേഷമാകും മനുഷ്യനെ വഹിച്ചുള്ള ചരിത്ര കുതിപ്പിന് ഗഗൻയാൻ ഒരുങ്ങുക.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group