സിനഡ് പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടണം: ഫ്രാൻസിസ് മാർപാപ്പാ

സിനഡൽ സമ്മേളനത്തെ പരിശുദ്ധാത്മാവാണ് നയിക്കേണ്ടതെന്നും, ഇതൊരു പാർലമെന്ററി സമ്മേളനമല്ലെന്നും, പരസ്പരം തുറന്ന മനസ്സോടെ ശ്രവിച്ച് മുന്നോട്ട് പോകണമെന്നും ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ.

ഒക്ടോബർ നാല് മുതൽ ഇരുപത്തിയൊൻപത് വരെ വത്തിക്കാനിൽ നടക്കുന്ന മെത്രാന്മാരുടെ സിനഡിന്റെ പതിനാറാം സാധാരണ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഫ്രാൻസിസ് മാർപാപ്പാ.

കഴിഞ്ഞ അറുപത് വർഷങ്ങളുടെ സിനഡൽ യാത്രയ്ക്ക് ശേഷമാണ് സിനഡാലിറ്റി എന്ന ആശയത്തിന് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ടുള്ള ഈ സിനഡിലേക്ക് നാം വന്നിരിക്കുന്നതെന്ന് പാപ്പാ അനുസ്മരിച്ചു.

സിനഡ് എന്നത് ഒരു പാർലമെന്റോ, ചില പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താനായി നടത്തുന്ന സുഹൃത്തുക്കളുടെ ഒരു ഒത്തുചേരലോ അല്ല എന്ന് പാപ്പാ ഓർമ്മിപ്പിച്ചു. സിനഡിനെ നയിക്കുന്നത് നാമല്ലെന്നും, നമുക്കിടയിലായിരുന്നുകൊണ്ട് പരിശുദ്ധാത്മാവാണ് സിനഡൽ പ്രവർത്തനങ്ങളെ നയിക്കേണ്ടതെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.

നമുക്കിടയിൽ പരിശുദ്ധാത്മാവ് ഉണ്ടെങ്കിൽ ഇതൊരു നല്ല സിനഡായിരിക്കുമെന്നും, എന്നാൽ മാനുഷികമോ വ്യക്തിപരമോ ആശയപരമോ ആയ താല്പര്യങ്ങൾ മാത്രം മുൻനിർത്തി മുന്നോട്ട് പോകാനുള്ള ശ്രമങ്ങളാണ് ഉള്ളതെങ്കിൽ ഇതൊരു സിനഡായിരിക്കില്ലെന്നും മറിച്ച് ഒരു പാർലമെന്ററി സമ്മേളനം മാത്രമായിരിക്കുമെന്നും പാപ്പാ മുന്നറിയിപ്പ് നൽകി. പരിശുധാത്മാവിനെക്കുറിച്ച് വിശുദ്ധ ബേസിൽ എഴുതിയ വിചിന്തനം സിനഡിൽ പങ്കെടുക്കുന്നവർക്ക് നൽകിയിരുന്നത് ആത്മാവിന്റെ ഈ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കാനാണെന്ന് പാപ്പാ വിശദീകരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group