ഫാ. ജോൺ പനന്തോട്ടത്തിൽ സി.എം.ഐ. മെൽബൺ സീറോമലബാർ രൂപതാമെത്രാൻ

കാക്കനാട്: ഓസ്ട്രേലിയായിലെ മെൽബൺ ആസ്ഥാനമാക്കിയുള്ള സെന്റ് തോമസ് സീറോമലബാർ രൂപതയുടെ രണ്ടാമത്തെ മെത്രാനായി ഫാദർ ജോൺ പനന്തോട്ടത്തിൽ സി.എം.ഐ.യെ പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. ഇതു സംബന്ധിച്ച ഔദ്യോഗികപ്രഖ്യാപനം 2023 ജനുവരി പതിനാലാം തിയതി ശനിയാഴ്ച ഇറ്റാലിയൻ സമയം ഉച്ചയ്ക്കു 12 മണിക്കു വത്തിക്കാനിലും ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞു 4.30ന് സീറോമലബാർസഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമ സിലും ഒാസ്ട്രേലിയൻ സമയം രാത്രി 10 മണിക്കു മെൽബൺ രൂപതാകേന്ദ്രത്തിലും പ്രസിദ്ധപ്പെടുത്തി. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സീറോമലബാർസഭയുടെ മെത്രാൻസിനഡ് അംഗങ്ങളുടെ സാനിധ്യത്തിൽ നടത്തിയ പൊതുസമ്മേളനത്തിലാണ് മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. തുടർന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരിപിതാവും മെൽബൺ രൂപതയുടെ സ്ഥാനമൊഴിയുന്ന മെത്രാൻ മാർ ബോസ്കോ പൂത്തൂരും ചേർന്നു നിയുക്ത മെത്രാനെ സ്ഥാനചിഹ്നങ്ങൾ അണിയിച്ചു.

തലശ്ശേരി അതിരൂപതയിലെ പെരുമ്പുന്ന ഇടവകയിൽ പനന്തോട്ടത്തിൽ പരേതരായ ജോസഫിന്റെയും ത്രേസ്യാമ്മയുടെയും മകനായി 1966 മെയ് 31ന് ഫാദർ ജോൺ ജനിച്ചു. സ്കൂൾ പഠനം പൂർത്തിയാക്കിയതിനുശേഷം സി.എം.ഐ. സന്യാസസമൂഹ ത്തിന്റെ കോഴിക്കോട് സെന്റ് തോമസ് പ്രോവിൻസിൽ വൈദികപരിശീലനത്തിനായി ചേർന്നു. 1986ൽ പ്രഥമവ്രതവാഗ്ദാനവും 1994ൽ നിത്യവ്രതവാഗ്ദാനവും നടത്തി. കോഴി ക്കോട് ദേവഗിരി കോളേജിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്ദബിരുദരവും മാന്നാനം സെന്റ് ജോസഫ് കോളേജിൽനിന്ന് ബി.എഡ്. ബിരുദവും കരസ്ഥമാക്കി. ഇഗ്നോ യൂണിവേഴ്സിറ്റിയിൽനിന്ന് എം. എഡും നേടിയിട്ടുണ്ട്.

ബാംഗ്ലൂർ ധർമ്മാരം കോളേജിൽനിന്നു തത്വശാസ്ത്ര-ദൈവശാസ്ത്ര പഠനം പൂർത്തിയാക്കിയതിനുശേഷം 1996 ഡിസംബർ 26ന് താമരശ്ശേരി രൂപതയുടെ മുൻ മെത്രാൻ മാർ പോൾ ചിറ്റിലപ്പിള്ളി പിതാവിൽനിന്ന് പൗരോഹിത്യം സ്വീകരിച്ചു. അതിനുശേഷം താമരശ്ശേരി രൂപതയിലെ കൂടരഞ്ഞി ഇടവകയിൽ അസിസ്റ്റന്റ് വികാരിയായും ഗൂഡല്ലൂർ മോണിംഗ്സ്റ്റാർ സ്കൂളിലും കോഴിക്കോട് ദേവഗിരി ഹയർസെക്കണ്ടറി വിഭാഗത്തിലും ഇംഗ്ലീഷ് അധ്യാപകനായും സേവനം ചെയ്തു.

2008-2014 കാലഘട്ടത്തിൽ സി.എം.ഐ. കോഴിക്കോട് സെന്റ് തോമസ് പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറായി രണ്ടുതവണ തുടർച്ചയായി തെരഞ്ഞെടുക്കപ്പെട്ടു. 2015 മുതൽ 2020 വരെ ഒാസ്ട്രേലിയായിലെ ബ്രിസ്ബെൻ അതിരൂപതയിൽ അജപാലന ശുശ്രൂഷ നിർവഹിച്ചു. ഈ കാലഘട്ടത്തിൽ ഓസ്ട്രേലിയായിലെ സീറോമലബാർ സഭാംഗങ്ങൾക്കു ആത്മീയശുശ്രൂഷകൾ നടത്തികൊടുക്കുന്നതിലും അദ്ദേഹം വ്യാപൃ തനായിരുന്നു. 2021 മുതൽ മാനന്തവാടി രൂപതയിലെ നിരവിൽപുഴ സെന്റ് ഏലിയാസ് ആശ്രമത്തിൽ സുപ്പീരിയറായും ഇടവകദേവാലയത്തിൽ വികാരിയായും ശുശ്രൂഷ ചെയ്തുവരവേയാണ് പുതിയനിയോഗം അദ്ദേഹത്തെ തേടിയെത്തുന്നത്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ജർമൻ ഭാഷകളിൽ പ്രാവീണ്യമുള്ള വ്യക്തിയാണ് നിയുക്ത മെത്രാൻ.

സീറോമലബാർസഭാംഗങ്ങളുടെ അജപാലനശുശ്രൂഷയ്ക്കായി 2013ലാണ് മെൽബൺ സെന്റ് തോമസ് രൂപത സ്ഥാപിതമായത്. 2021ൽ മെൽബൺ രൂപതയുടെ അതിർത്തി ന്യൂസിലണ്ടിലേക്കും മറ്റു ഓഷ്യാനിയൻ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുകയുണ്ടായി. രൂപതയുടെ ആദ്യമെത്രാനായ മാർ ബോസ്കോ പൂത്തൂരിനു 75 വയസ്സ് പൂർത്തി യായതിനെത്തുടർന്നു സമർപ്പിച്ച രാജി സ്വീകരിച്ചുകൊണ്ടാണ് പുതിയ മെത്രാനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചിരിക്കുന്നത്. നിയുക്തമെത്രാന്റെ അഭിഷേകവും സ്ഥാനരോഹണവും സംബന്ധിച്ച വിശദവിവരങ്ങൾ പിന്നീടു തീരുമാനിക്കുന്നതാണ്.

ഫാ. വിൻസെന്റ് ചെറുവത്തൂർ
ചാൻസലർ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group