തിരുവനന്തപുരം: എല്ലാത്തരം ജപ്തികളിലും ഇടപെടാൻ സർക്കാരിന് അധികാരം നല്‍കുന്ന സുപ്രധാന നിയമദേഭഗതി ബില്‍ നിയമസഭ പാസാക്കി.
1968 ലെ കേരള നികുതി വസൂലാക്കല്‍ ആക്‌ട് ഭേദഗതി ചെയ്യുന്നതാണ് നിർദിഷ്ട ബില്‍. റവന്യു റിക്കവറിയില്‍ സർക്കാരിന് മോറട്ടോറിയം പ്രഖ്യാപിക്കാം, തഹസില്‍ദാർ, കളക്ടർ, റവന്യു മന്ത്രി, ധനമന്ത്രി, മുഖ്യമന്ത്രി, മന്ത്രിസഭ എന്നിവർക്ക് ഇളവനുവദിക്കാം.
ലേലത്തില്‍ പോകാത്ത ഭൂമി (ബോട്ട് ഇൻ ലാൻഡ്) സർക്കാരിന് ഒരു രൂപയ്ക്ക് (നേരത്തേ ഇത് പത്തുപൈസയായിരുന്നു) ഏറ്റെടുക്കാമെന്നുമാണ് ഭേദഗതി. പലിശ 12ല്‍ നിന്ന് ഒന്പത് ശതമാനമാക്കിയും കുറയ്ക്കും. വീഴ്ച വരുത്തിയ ആള്‍ക്കോ, അടുത്ത ബന്ധുവിനോ ബാധ്യതകള്‍ തീർത്ത് ഭൂമി അഞ്ചുവർഷത്തിനകം സർക്കാരില്‍നിന്ന് ഏറ്റെടുക്കാം തുടങ്ങിയവയാണ് സുപ്രധാന വ്യവസ്ഥകള്‍.
ജപ്തി ചെയ്ത ഭൂമി മറ്റൊരു വ്യക്തിക്ക് വില്‍ക്കാനും കഴിയും. വില്‍ക്കുന്നയാളും വാങ്ങുന്നയാളും കരാറില്‍ ഒപ്പുവച്ചശേഷം കളക്ടറെ സമീപിച്ചാല്‍ നടപടി സ്വീകരിക്കും.
ഭൂമി വില്‍പ്പന നടത്തി പണമടച്ചാല്‍ മാത്രമാകും ആ ഭൂമി ലഭിക്കുക. ബാങ്ക് ജപ്തിയില്‍ ഉള്‍പ്പെടെ സർക്കാരിന് ഇടപെടാൻ കഴിയാത്ത സ്ഥിതി മറികടക്കാനും സാധാരണ ജനങ്ങള്‍ക്ക് ആശ്വാസം പകരാനുള്ള നിയമഭേദഗതിയാണിതെന്നു റവന്യു മന്ത്രി കെ. രാജൻ നിയമസഭയില്‍ അറിയിച്ചു.
റവന്യു റിക്കവറി മൂലം ബുദ്ധിമുട്ട് നേരിടുന്നവർക്ക് ആശ്വാസമേകാൻ നിയമഭേദഗതി വഴിയൊരുക്കും. നിലവിലെ നിയമത്തില്‍ റിക്കവറി നടപടികള്‍ സ്റ്റേ ചെയ്യാൻ സർക്കാരിനു വ്യവസ്ഥകളില്ലെന്ന് റവന്യു റിക്കവറിയുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതി നിരീക്ഷിച്ചതോടെയാണ് ഭേദഗതി വരുത്താൻ സർക്കാരിനെ പ്രേരിപ്പിച്ചത്.
കേരള റവന്യു റിക്കവറി ആക്ടിലെ സെക്‌ഷൻ 71 പ്രകാരം, ധനകാര്യ സ്ഥാപനങ്ങള്‍ മുൻകൂർ നല്‍കിയ വായ്പകള്‍ തിരിച്ചുപിടിക്കാൻ സർക്കാരിനെ അറിയിക്കാം.
സർക്കാർ ചില കേസുകളില്‍ മുൻകാലങ്ങളില്‍ നടപടികള്‍ സ്റ്റേ ചെയ്യുകയോ കടം വാങ്ങുന്നയാള്‍ക്ക് കുടിശികയുള്ള തുക തവണകളായി തിരിച്ചടയ്ക്കാൻ അനുവദിക്കുകയോ ചെയ്തിട്ടുണ്ട്. എന്നാല്‍ ഒരു പ്രത്യേക കേസില്‍ നല്‍കിയ സ്റ്റേയ്ക്കെതിരേ സ്വകാര്യ ബാങ്ക് ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്ന്, നിലവിലുള്ള നിയമം സർക്കാരിന് അത്തരം അധികാരങ്ങള്‍ അനുവദിക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.
നിയമ ഭേദഗതി സർക്കാരിന് റിക്കവറി നടപടികള്‍ സ്റ്റേ ചെയ്യാനും അതുപോലെതന്നെ തവണകളായി തിരിച്ചടയ്ക്കാനോ മോറട്ടോറിയം പ്രഖ്യാപിക്കാനോ കടം വാങ്ങുന്നയാള്‍ക്ക് അധികാരം നല്‍കും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group