“പത്രോസിന്‍റെ പിന്‍ഗാമിയെ അനുസരിക്കാത്തവന് സത്യവിശ്വാസം ഉണ്ടാകുമോ?”

സീറോമലബാര്‍ സഭയുടെ ആരാധന സമ്പൂര്‍ണ്ണമായും പൗരാണിക രീതികളോടും പാരമ്പര്യങ്ങളോടും ചേര്‍ന്നുനില്‍ക്കണമെന്ന് വാദിക്കുന്നവരും ആരാധനാ രീതികൾ കാലാനുസൃതമായി നവീകരിക്കണമെന്ന് ആവശ്യപ്പെടുന്നവരുമായ രണ്ടു പക്ഷങ്ങള്‍ സഭയിലുണ്ട്. ഈ രണ്ടു കൂട്ടരുടെയും വാദങ്ങളെല്ലാം ഉള്‍ക്കൊണ്ടുകൊണ്ട്, സഭയുടെ ഐക്യത്തിനും സമാധാനത്തിനും പ്രാമുഖ്യം നല്‍കുന്നവിധം ആരാധനാരീതികൾ നവീകരിക്കുക എന്നതായിരുന്നു ഈ വിഷയം ചര്‍ച്ച ചെയ്ത മെത്രാന്‍ സിനഡ് നേരിട്ട വെല്ലുവിളി. ഇരുപക്ഷത്തിന്‍റെയും ആവശ്യങ്ങളെ തുല്യനിലയില്‍ അംഗീകരിച്ചുകൊണ്ടുള്ള ആരാധനാ രീതിയാണ് ഒടുവില്‍ സിനഡ് അംഗീകരിച്ചത്. സിനഡ് കൈക്കൊണ്ട നിഷ്പക്ഷമായ ഈ തീരുമാനത്തെ പ്രകീര്‍ത്തിച്ച് മുഖപ്രസംഗമെഴുതിയപ്പോള്‍ “വിജയ -പരാജയങ്ങളില്ലാത്ത കുര്‍ബാനയര്‍പ്പണം” എന്നാണ് ‘ദീപിക’ ദിനപ്പത്രം അഭിപ്രായപ്പെട്ടത്.

പരാതികളൊന്നുമില്ലാതെ ഇരുവിഭാഗവും സ്വീകരിക്കേണ്ട പുത്തന്‍ ആരാധനാ രീതിയെ എറണാകുളം അങ്കമാലി അതിരൂപതയിലെ തന്നിഷ്ടക്കാരായ ഒരുവിഭാഗം പട്ടക്കാരും ഏതാനും വിശ്വാസികളും (വിമത്മാര്‍) തള്ളിക്കളഞ്ഞു. ഒരു ആത്മീയ വിഷയത്തിന്‍റെ പേരില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുമായി അവര്‍ രംഗത്തുവന്നു. സമരങ്ങളും പ്രതിഷേധങ്ങളുമായി ഇക്കൂട്ടര്‍ അതിരൂപതയിൽ അശാന്തി വിതച്ചു.

വിമതരുടെ പ്രതിഷേധം കനത്തപ്പോള്‍ ഇതിനു പരിഹാരം കാണുവാനായി സഭാതലവനായ മാര്‍പാപ്പ തന്‍റെ പ്രതിനിധിയെ എറണാകുളത്തേക്ക് അയച്ചുവെങ്കിലും മാര്‍പാപ്പായെ പോലും ധിക്കരിക്കാനും സഭയുടെ അധികാരത്തെ ചോദ്യംചെയ്യുവാനുമാണ് വിമതര്‍ ശ്രമിച്ചത്. ഇപ്പോള്‍ കത്തോലിക്കാ സഭ വിട്ട് തങ്ങള്‍ മറ്റൊരു സഭയായി മാറുവാനുള്ള നീക്കങ്ങളിലാണത്രെ വിമതസംഘം. സഭാസംബന്ധിയായി വിശ്വാസികള്‍ക്കുള്ള അജ്ഞത മുതലെടുത്ത് അവരേ വഞ്ചിച്ച് നിത്യനാശത്തിലേക്ക് തള്ളിവിടുകയാണ് വിമതവൈദികരുടെ ഇപ്പോഴത്തെ ലക്ഷ്യം. സഭയെ ധിക്കരിക്കുകയും സഭയുടെ അധികാരത്തെ തള്ളിക്കളയുകയും ചെയ്തു പുറത്തുപോകുന്നവര്‍ ക്രിസ്തുവില്‍നിന്നാണ് അകന്നുപോകുന്നത്, ഇക്കാര്യം പലരും തിരിച്ചറിഞ്ഞിട്ടില്ല.

സഭാധികാരത്തേ ശിരസ്സാ വഹിക്കേണ്ടതിന്‍റെ പ്രസക്തിയെക്കുറിച്ച് പിതാക്കന്മാര്‍ പറഞ്ഞിരിക്കുന്ന ചില വസ്തുതകളാണ് ഈ ലേഖനത്തില്‍ പ്രതിപാദിക്കുന്നത്.

🔵 വിശുദ്ധ അഗസ്തീനോസിന്‍റെ അനുസരണം

ഒരു കത്തോലിക്കാ വിശ്വാസിക്ക് സഭയോടുള്ള പ്രതിബദ്ധതയും അനുസരണവും എത്രമേല്‍ ശക്തമായിരിക്കണം എന്നതിന് വിശുദ്ധ അഗസ്തീനോസിന്‍റെ വാക്കുകള്‍ നോക്കിയാല്‍ മതി. “കത്തോലിക്കാസഭയുടെ പ്രബോധനാധികാരം എന്നെ പ്രേരിപ്പിച്ചില്ലായിരുന്നുവെങ്കില്‍ ഞാന്‍ സുവിശേഷത്തില്‍ വിശ്വസിക്കുമായിരുന്നില്ല” എന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്.

വിശ്വാസികള്‍ക്കുമേല്‍ തിരുസ്സഭയ്ക്കുള്ള അധികാരത്തിന്‍റെ ആഴവും വ്യാപ്തിയും അതിനോടു സഭാമക്കള്‍ വിധേയപ്പെടേണ്ടത് എത്രമേല്‍ പ്രധാനപ്പെട്ടതാണെന്നും അഗസ്തീനോസിന്‍റെ ഈ പ്രസ്താവനെ ഓര്‍മ്മിപ്പിക്കുന്നു. ആരാധന, വിശ്വാസ വിഷയങ്ങളില്‍ സഭയുടെ തീരുമാനം അന്തിമമാണ്. അതിനു വിധേയപ്പെടുകയെന്നത് ഓരോ കത്തോലിക്കാ സഭാ വിശ്വാസിയുടെയും കടമയാണെന്ന് വിശുദ്ധ അഗസ്തീനോസ് ഓര്‍മ്മിപ്പിക്കുന്നു.

🔵 വിശുദ്ധ സിപ്രിയന്‍റെ
പ്രബോധനം

സഭാപിതാവായിരുന്ന വിശുദ്ധ സിപ്രിയന്‍ “കത്തോലിക്കാ സഭയുടെ ഐക്യം” എന്ന വിഷയത്തില്‍ ചെയ്ത ഒരു പ്രസംഗം ഇത്തരുണത്തില്‍ വളരെ പ്രസക്തമാണെന്ന് തോന്നുന്നു.

എഡി 248 മുതല്‍ 258 വരെ ഉത്തര ആഫ്രിക്കയിലെ കാര്‍ത്തേജ് രൂപതയുടെ മെത്രാനായിരുന്നു സിപ്രിയന്‍. അദ്ദേഹം മെത്രാനായി ഒരു കൊല്ലം കഴിഞ്ഞപ്പോഴാണ് ട്രോജന്‍ ഡേഷ്യസ് റോമാസാമ്രാജ്യത്തില്‍ മുഴുവനും ഭീകരമായ ക്രൈസ്തവപീഡനം അഴിച്ചുവിട്ടത്. മതമര്‍ദ്ദനം ശക്തമായപ്പോള്‍ പലരും വിശ്വാസം ഉപേക്ഷിച്ച് പീഢകന്‍റെ ആജ്ഞകള്‍ക്കനുസരിച്ചു പ്രവര്‍ത്തിച്ചു. എന്നാല്‍ പീഢനങ്ങള്‍ അവസാനിച്ചപ്പോള്‍ വിശ്വാസത്യാഗികളായ പലരും സഭയിലേക്ക് തിരിച്ചുവരുവാന്‍ ആഗ്രഹിച്ചു. ഇവരേ സഭയില്‍ സ്വീകരിക്കണമോ വേണ്ടയോ എന്നതന്‍റെ പേരില്‍ വലിയ തര്‍ക്കങ്ങളും വാദങ്ങളും ഉണ്ടായി, റോമില്‍ ഉള്‍പ്പെടെ റോമാസാമ്രാജ്യത്തിലെ എല്ലായിടങ്ങളിലുമുള്ള സഭകളില്‍ വലിയ പ്രതിസന്ധി രൂപപ്പെട്ടു. ഒടുവില്‍ സഭ പിളര്‍ന്നു. പത്രോസന്‍റെ പിന്‍ഗാമിയായി സഭയെ നയിച്ചിരുന്ന കൊര്‍ണേലിയൂസ് പാപ്പായ്ക്കെതിരേ നൊവേഷ്യന്‍ എന്നൊരു പുരോഹിതന്‍ സ്വയം പാപ്പായായി പ്രഖ്യാപിക്കപ്പെട്ടു.

സിപ്രിയന്‍ മെത്രാനായിരിക്കുന്ന കാര്‍ത്തേജ് രൂപതയിലും വലിയ വിവാദങ്ങളും പിളര്‍പ്പും ഉണ്ടാവുകയും ഫോര്‍ത്തുണാത്തൂസ് എന്നൊരു നേതാവ് സ്വയംപ്രഖ്യാപിത മെത്രാനായി രംഗത്തുവരികയും ചെയ്തു. ഈ പ്രതിസന്ധിയില്‍ ഒരു പരിഹാരം എന്നവണ്ണം എഡി 251ലെ ഉയിര്‍പ്പു ഞായറിനുശേഷം സിപ്രിയന്‍ ഒരു പ്രാദേശിക സൂന്നഹദോസ് വിളിച്ചുകൂട്ടി. കൗണ്‍സിലിന്‍റെ അധ്യക്ഷന്‍ എന്ന നിലയില്‍ അദ്ദേഹം ചെയ്ത പ്രസംഗം ”കത്തോലിക്കാ സഭയുടെ ഐക്യത്തെ സംബന്ധിച്ച്” എന്ന ഡോക്യുമെന്‍റായി ഇന്നും അംഗീകരിക്കപ്പെടുന്നു. സഭയിലെ ഐക്യവും പത്രോസിന്‍റെ പിന്‍ഗാമി എന്ന നിലയില്‍ ഓരോ വിശ്വാസിക്കും റോമാ മാര്‍പാപ്പയോട് ഉണ്ടായിരിക്കേണ്ട അനുസരണവുമാണ് അദ്ദേഹത്തിന്‍റെ പ്രസംഗത്തിലെ പ്രതിപാദ്യം.

മത്തായിയുടെ സുവിശേഷം 16:18-19 വാക്യങ്ങള്‍ വായിച്ചുകൊണ്ടാണ് ചരിത്രപ്രസിദ്ധമായ തന്‍റെ പ്രസംഗത്തിന്‍റെ പ്രധാനഭാഗത്തേക്ക് അദ്ദേഹം കടക്കുന്നത്. “ഞാന്‍ നിന്നോടു പറയുന്നു: നീ കേപ്പായാകുന്നു; ഈ കേപ്പാമേല്‍ ഞാന്‍ എൻ്റെ സഭയെ പണിയും, നരകവാതിലുകള്‍ അതിന്മേല്‍ പ്രബലപ്പെടുകയില്ല, സ്വര്‍ഗ്ഗരാജ്യത്തിന്‍റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തില്‍ കെട്ടപ്പെട്ടിരിക്കും. നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും” ഈ വാക്യം വായിച്ചശേഷം അദ്ദേഹം പ്രസംഗിച്ചത് ഇപ്രകാരമായിരുന്നു:

“ഉയിര്‍പ്പിനു ശേഷം തന്‍റെ സഭയെ പത്രോസിന്മേല്‍ പണിതുകൊണ്ട് അവനോടു പറയുന്നു: എന്‍റെ ആടുകളെ മേയ്ക്കുക (യോഹ 21:11). മേയിക്കുവാനായി തന്‍റെ ആടുകളെ പത്രോസിനെയാണ് ഭരമേല്‍പ്പിച്ചത്. എല്ലാവര്‍ക്കും ക്രിസ്തു തുല്യാധികാരം നല്‍കുന്നുവെങ്കിലും അവരുടെയിടയില്‍ ഒരധ്യക്ഷപീഠമേ സ്ഥാപിച്ചിട്ടുള്ളൂ. ഇതാണ് ഐക്യത്തിന്‍റെ സ്രോതസ്സും അടിസ്ഥാനതത്വവുമായി അധികാരപൂര്‍വ്വം ക്രിസ്തു ഏര്‍പ്പെടുത്തിയത്”

“പത്രോസ് എന്തായിരുന്നുവോ അത് മറ്റ് ശ്ലീഹന്മാരുമായിരുന്നു. എന്നാല്‍ പത്രോസിനായിരുന്നു പ്രാഥമസ്ഥാനം. ഒരു സഭയും ഒരധ്യക്ഷപീഠവുമേയുള്ളൂ എന്ന് കര്‍ത്താവ് അതുവഴി വ്യക്തമാക്കുകയായിരുന്നു. എല്ലാ ശ്ലീഹന്മാരും ഇടയന്മാരാണ്. എന്നാല്‍ പരസ്പരയോജിപ്പില്‍ മേയ്ക്കപ്പെടേണ്ട ഒരു അജഗണമേ അവര്‍ക്കുള്ളൂവെന്ന് അവന്‍ നമുക്കു കാണിച്ചുതന്നു. പത്രോസിന്മേല്‍ അധിഷ്ഠിതമായ ഈ ഐക്യത്തോടു യോജിക്കാത്തവന് സത്യവിശ്വാസം ഉണ്ടെന്നു കരുതാനാവുമോ? സഭ പത്രോസിന്മേല്‍ പണിയപ്പെട്ടിരിക്കുന്നു. പത്രോസിന്‍റെ അധ്യക്ഷസ്ഥാനത്തോടുള്ള അനുസരണം ഉപേക്ഷിക്കുന്നവന്‍ സഭയില്‍ ഉള്‍പ്പെട്ടവനാണെന്ന് അവന് എങ്ങനെ കരുതാനാകും?” (കത്തോലിക്കാ സഭയുടെ ഐക്യം, പാരഗ്രാഫ് 4)

”സഭയില്‍നിന്ന് വിട്ടുമാറുന്നവന്‍ വേശ്യയോടുകൂടി സംസര്‍ഗ്ഗം ചെയ്യുന്നു. സഭയോടു വാഗ്ദാനം ചെയ്യപ്പെട്ട അവകാശത്തില്‍ അവനൊരിക്കലും ഓഹരിയില്ല. ക്രിസ്തു ഉറപ്പുനല്‍കിയ പ്രതിഫലം ക്രിസ്തുവിന്‍റെ സഭയെ വിട്ടുപേക്ഷിച്ചവനു കിട്ടുമെന്നു പ്രതീക്ഷിക്കാന്‍ ഒരിക്കലും സാധ്യമല്ല. അവന്‍ അന്യനും ഭ്രഷ്ടനും ശത്രുവും ആയിത്തീരുന്നു. സഭയെ തന്‍റെ മാതാവായി കരുതാത്തവനു ദൈവത്തെ തന്‍റെ പിതാവിയി കരുതുവാന്‍ സാധ്യമല്ല. നോഹയുടെ പെട്ടകത്തിനു പുറത്തുണ്ടായിരുന്നവര്‍ നാശത്തില്‍നിന്നു രക്ഷപ്പെട്ടുവെങ്കില്‍ സഭയ്ക്കു പുറത്തുള്ളവരും രക്ഷപ്രാപിക്കും” (പാരഗ്രാഫ് 6)

“മെത്രാന്മാരേ നിന്ദിക്കുകയും ദൈവത്തിന്‍റെ വൈദികരെ വിട്ടുപേക്ഷിക്കുകയും ചെയ്തിട്ട് വേറൊരള്‍ത്താര പണിയാനും അതില്‍ നിഷിദ്ധമായ ആരാധന അര്‍പ്പിക്കാനും അവര്‍ ഒരുമ്പെടുന്നു. കര്‍ത്താവു തന്നെത്തന്നെ ഒരു യാഗമായി അര്‍പ്പിക്കുന്ന ബലിയുടെ യാഥാര്‍ത്ഥ്യത്തെ തന്‍റെ കടപബലിയാല്‍ അവന്‍ നിന്ദിക്കുന്നു. ദൈവനിയമങ്ങളെ എതിര്‍ക്കുന്നവര്‍ക്ക് അവരുടെ ധിക്കാരത്തിന് തക്ക ശിക്ഷ ലഭിക്കും എന്ന് അവരൊട്ടറിയുന്നതുമില്ല” (പാര 17)

തന്‍റെ രൂപതയിലെ വിശ്വാസസമൂഹത്തോടു വിശുദ്ധ സിപ്രിയന്‍ പറയുന്നു: ”പ്രിയ സഹോദന്മാരേ ഞാന്‍ നിങ്ങളെ ഉത്ബോധിപ്പിക്കുകയും നിര്‍ബന്ധിപ്പിക്കുകയും ചെയ്യുന്ന ഒരു കാര്യമുണ്ട്, സഹോദന്മാരില്‍ ആരുംതന്നെ നശിക്കാന്‍ ഇടയാകാതിരിക്കട്ടെ. മറിച്ച് ഒരേ ആത്മാവോടുകൂടി ഒരേ ശരീരമായി തന്‍റെ മടിത്തട്ടില്‍ എല്ലാവരേയും ആശ്ലേഷിക്കുവാന്‍ നമ്മുടെ അമ്മയ്ക്കു സാധിക്കട്ടെ. എന്നാല്‍ വിഭജനത്തിന് കാരണക്കാരായ ശീശ്മയുടെ ചില നേതാക്കന്മാര്‍ തങ്ങളുടെ അന്ധത നിറഞ്ഞതും മര്‍ക്കടമുഷ്ടിപിടിച്ചതുമായ തെറ്റില്‍ നിലനില്‍ക്കുന്നുവെങ്കിലും അവരുടെ നന്മയെപ്രതിയുള്ള നമ്മുടെ ഉപദേശം രക്ഷയുടെ പാതയിലേക്ക് അവരെ കൊണ്ടുവരാന്‍ പ്രയാസമാണെങ്കിലും നിങ്ങള്‍ അവരുടെ വഞ്ചനനിറഞ്ഞ തെറ്റില്‍നിന്ന് അകന്നുമാറിക്കൊള്ളണം. (പാര 23). (കടപ്പാട്: സഭാപിതാക്കന്മാര്‍-3, റവ ഡോ ജി ചേടിയത്ത്)

🔵 സഭാപിതാവായ ഐറേണിയസിന്‍റെ
പ്രബോധനങ്ങള്‍

സഭാപിതാവായ ഐറേണിയസിന്‍റെ ”ദുരുപദേശങ്ങള്‍ക്ക് എതിരേ” എന്ന കൃതിയില്‍ രേഖപ്പെടുത്തിയ രണ്ടു കാര്യങ്ങള്‍ സൂചിപ്പിക്കട്ടെ. “പത്രോസും പൗലോസും റോമില്‍ പ്രസംഗിക്കുകയും സഭയുടെ അടിസ്ഥാനമിടുകയും ചെയ്തു” (വാള്യം മൂന്ന്, അധ്യായം -1).
“ലോകത്തുള്ള എല്ലാ സഭകളും വിശ്വാസികളും റോമിലെ സഭയേയും അതിന്‍റെ അധികാരത്തേയും അംഗീകരിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്”. (വാള്യം മൂന്ന്, അധ്യായം -3).

ആദിമസഭ മുതല്‍ ക്രൈസ്തവസഭയില്‍ നിലനില്‍ക്കുന്ന അപ്പൊസ്തൊലിക അധികാരത്തോടുള്ള വിധേയത്വമാണ് രണ്ടാം നൂറ്റാണ്ടിലെ സഭാപിതാവായ ഐറേണിയസ് ഇവിടെ എടുത്തു പറയുന്നത്. പത്രോസിനു ശേഷമുള്ള ആദ്യത്തെ പത്തു മാര്‍പാപ്പാമാരുടെ പേരുവിവിരങ്ങള്‍ വിശദമാക്കിയിട്ടുള്ള മൂന്നാം വാള്യത്തിലെ മൂന്നാം അധ്യായത്തില്‍ അപ്പൊസ്തൊലിക അധികാരത്തിന്‍റെ പിന്തുടർച്ചയും മഹനീയതയും വിശ്വാസികളെന്ന നിലയില്‍ ഓരോരുത്തരും സഭയെ അനുസരിക്കേണ്ടതിന്‍റെ ആവശ്യകതയും എടുത്തു പറയുന്നു.

🔵 കോരഹ്പുത്രന്മാരുടെ
സങ്കീര്‍ത്തനങ്ങള്‍

വിശുദ്ധഗ്രന്ഥത്തിലെ സങ്കീര്‍ത്തനങ്ങളില്‍ പതിനൊന്നോളം സങ്കീര്‍ത്തനങ്ങള്‍ എഴുതിയത് കോരഹ് എന്നയാളുടെ മക്കളാണ്. അതിനാല്‍ ഇവ “കോരഹ് പുത്രന്മാരുടെ സങ്കീര്‍ത്തനങ്ങള്‍” (42, 44-49, 84, 85, 87,88) എന്നാണ് അറിയപ്പെടുന്നത്.

ആരായിരുന്നു ഇവരുടെ പിതാവായ കോരഹ്?

ഇസ്രായേല്‍ മക്കള്‍ക്കുവേണ്ടി ദൈവത്താല്‍ നിയോഗിച്ച നേതാവായിരുന്നുവല്ലോ മോശ. അദ്ദേഹത്തിന്‍റെ ബന്ധുവായിരുന്നു കോരഹ്. മോശെയുടെ നേതൃത്വത്തിനെതിരേ ഇസ്രായേല്‍ സമൂഹത്തില്‍ കോരഹും അദ്ദേഹത്തോടൊപ്പം 249-ഓളം കൂട്ടാളികളും വലിയ കലാപം ആസൂത്രണം ചെയ്തു. ഒടുവില്‍ കോരഹും കൂട്ടാളികളും ദൈവകോപത്തിന് പാത്രീഭവിച്ചതായി സംഖ്യാ പുസ്തകം 16-ാം അധ്യായത്തില്‍ വായിക്കുന്നു. ദൈവം ആക്കിവച്ചിരിക്കുന്ന നേതൃത്വത്തിനെതിരേ കലാപം ആസൂത്രണം ചെയ്യുന്നവര്‍ എത്തിച്ചേരുന്ന ഭയാനകമായ അവസ്ഥയാണ് കോരഹ് നേരിട്ട ദുരന്തം നമ്മെ ഓർമ്മിപ്പിക്കുന്നത്.

ദൈവത്താല്‍ നിയുക്തരായ നേതൃത്വത്തിനെതിരേ പോരടിച്ചതിന്‍റെ ഫലമായി തങ്ങളുടെ പിതാവിന് സംഭവിച്ച ദുരന്തം നേരിട്ടു കണ്ടവരായിരുന്നു കോരഹിന്‍റെ മക്കള്‍. അവര്‍ പിന്നീട് ദൈവസന്നിധിയില്‍ ഗായകരായി ജീവിതകാലംമുഴുവന്‍ നിലകൊണ്ടു. അവര്‍ എഴുതിയ ഗീതങ്ങള്‍ ദൈവവചനത്തില്‍ ഇടംപിടിച്ചു. “ദുഷ്ടതയുടെ കൂടാരങ്ങളില്‍ വാഴുന്നതിനേക്കാള്‍ ദൈവത്തിന്‍റെ ആലയത്തില്‍ വാതില്‍ കാവല്‍ക്കാരനാകാന്‍” ഇഷ്ടപ്പെട്ട കോരഹ് പുത്രന്മാരുടെ ആഗ്രഹങ്ങള്‍ ഏതൊരു ഭക്തന്‍റെയും ഉള്ളില്‍ ഉയരുന്ന കാലാതിവര്‍ത്തിയായ ആഗ്രഹങ്ങളാണ്.

ദൈവം നിയോഗിച്ചിരിക്കുന്ന ആത്മീയനേതൃത്വത്തിനെതിരേ പരസ്യമായി രംഗത്തു വരികയും അവര്‍ക്കെതിരേ വിവിധ പദ്ധതികള്‍ തയ്യാറാക്കുകയും ചെയ്യുന്നവര്‍ ദൈവികപദ്ധികള്‍ക്ക് എതിരേയാണ് പോരാടുന്നത്. എല്ലാ മാനുഷിക അധികാരങ്ങളും ദൈവത്താല്‍ സ്ഥാപിതമാണെന്ന് പൗലോസ് റോമാ സഭയെ ഓര്‍മ്മിപ്പിക്കുന്നു. “അധികാരത്തെ ധിക്കരിക്കുന്നവന്‍ ദൈവിക സംവിധാനത്തെയാണ് ധിക്കരിക്കുന്നത്” (റോമ 13:1-2).

🔵ഒടുവില്‍…

എറണാകുളം അങ്കമാലി അതിരൂപതയിലെ സകല വിശ്വാസികളോടും അഭ്യര്‍ത്ഥിക്കട്ടെ, വിമതസംഘം നിങ്ങളെയെല്ലാം നിത്യനാശത്തിലേക്കാണ് നയിക്കുന്നത്. ആത്മനാശത്തിന് കാരണമാകുന്ന പ്രതിഷേധമാര്‍ഗ്ഗങ്ങളെ ഉപേക്ഷിച്ച് സഭയ്ക്കും മെത്രാന്മാര്‍ക്കും ഒപ്പം നില്‍ക്കുക. ദൈവാനുഗ്രഹം നിങ്ങള്‍ക്കും നിങ്ങളുടെ തലമുറയ്ക്കും എന്നെന്നും ഉണ്ടാകും.

കടപ്പാട് :മാത്യൂ ചെമ്പുകണ്ടത്തിൽ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group