എല്ലാ പ്രവൃത്തികളുടെയും പരമോന്നത ലക്‌ഷ്യം ദൈവത്തെ മഹത്വപ്പെടുത്തുക എന്നതായിരിക്കണം

ദൈവം സൃഷ്ടികർമ്മം പൂർത്തിയാക്കിയതിനു ശേഷം തന്റെ ഛായയിലും സാദ്യശ്യത്തിലും സ്യഷ്ടിച്ച മനുഷ്യന് സ്വതന്ത്യമായി ജീവിക്കാനുള്ള അധികാരവും നൽകി. നാം ചെയ്യുന്ന ഓരോ പ്രവർത്തിക്കും ഈ ഭൂമിയിലും വരാനിരിക്കുന്ന സ്വർഗ്ഗരാജ്യത്തിലും നാം കണക്കു ബോധിപ്പിക്കേണ്ടി വരും. നമ്മുടെ തലമുടി ഇലകൾ പോലും എണ്ണുന്ന കർത്താവ് നാം ഓരോരുത്തരും ഈ ഭൂമിയിൽ ചെയ്യുന്ന ഓരോ കാര്യവും അറിയുന്നു. സ്വർഗ്ഗരാജ്യത്തിലെ പൗരന്മാരാകാൻ ആഗ്രഹിക്കുന്നവർ, പാപങ്ങൾ ഉപേക്ഷിച്ച് ദൈവത്തിലേയ്ക്ക് തിരിയുകയും, കൃപയും ശക്തിയും പ്രദാനം ചെയ്യുന്ന ദൈവവചനത്തിൽ വിശ്വസിച്ച്, ക്രിസ്തുവിന്റെ രാജത്വത്തിന് മുഴുവനായും സമർപ്പിക്കുകയും വേണം.

ഉള്ളിൽ പാപം മറച്ചുവച്ച് പുറമേ നല്ലവനെന്നു നടിക്കുകയും മറ്റുള്ളവർക്ക് മുൻപിൽ മാതൃകാപരമായ ജീവിതം നയിക്കുകയും ചിലരും നമ്മുടെ ഇടയിലുണ്ട്. മറ്റാരും കാണില്ലെന്ന് ബോധ്യമുള്ളപ്പോൾ തങ്ങളുടെ പാപകരമായ ആഗ്രഹങ്ങളെയും ആസക്തികളെയും ഇവർ തൃപ്തിപ്പെടുത്തുന്നു. എന്നാൽ ഇപ്രകാരം കാപട്യം നിറഞ്ഞ ജീവിതം നയിക്കുന്നവർക്ക് മുന്നറിയിപ്പായി ഈശോ പറയുകയാണ്‌, “മറഞ്ഞിരിക്കുന്നതോന്നും വെളിപ്പെടാതിരിക്കുകയില്ല. അറിയപ്പെടാതെയും വെളിച്ചത്തുവരാതെയും ഇരിക്കുന്ന രഹസ്യവുമില്ല”. ഒരല്പം പരിശ്രമിച്ചാൽ, മനുഷ്യരുടെ മുൻപിൽ നല്ലവനെന്ന് പേരെടുക്കുവാനും ഒട്ടേറെ ആരാധകരെ സമ്പാദിക്കുവാനും ഒക്കെ നമുക്ക് സാധിക്കുമായിരിക്കും. എന്നാൽ, ദൈവത്തിന്റെ പ്രകാശത്തിനു മുൻപിൽ അന്ധകാരത്തിനു സ്ഥാനമില്ല. ആ പ്രകാശത്തിനു മുൻപിൽ നിൽക്കുമ്പോൾ, പാപമെന്നു ബോധ്യമുണ്ടായിട്ടും നമ്മൾ രഹസ്യത്തിൽ ചെയ്തുകൊണ്ടിരുന്ന എല്ലാ പ്രവർത്തികളും വെളിപ്പെടും.

നമ്മുടെ എല്ലാ പ്രവൃത്തികളുടെയും പരമോന്നത ലക്‌ഷ്യം ദൈവത്തെ മഹത്വപ്പെടുത്തുക എന്നതായിരിക്കണം.നമ്മുടെ പ്രവർത്തികളും ചിന്തകളും യേശുവിനെ നമ്മുടെ ഹൃദയത്തിൽ സ്വീകരിക്കാൻ സഹായിക്കുന്നതാണോ, അതോ, പുറത്താക്കുന്നവയാണോ എന്നു നമുക്ക് പരിശോധിച്ചു നോക്കാം. സമ്പത്തിനോടും സ്ഥാനമാനങ്ങളോടുമുള്ള നമ്മുടെ ഭ്രമം നമ്മെ ദൈവത്തിൽനിന്നും സഹോദരിൽ നിന്നും അകറ്റുന്നുവെങ്കിൽ, നിത്യരക്ഷയെന്ന അമൂല്യ സമ്പത്തിനായി നമ്മുടെ ഹൃദയത്തെ രൂപാന്തരപ്പെടുത്തി, നമ്മുടെ ജീവിതവ്യാപാരങ്ങളെ വിശുദ്ധീകരിക്കണമേയെന്നു കരുണാമയനായ ദൈവത്തോടു യാചിക്കാം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group