കക്കുകളി നാടകം പുനരവതരിപ്പിക്കാനുള്ള നീക്കം പ്രതിഷേധാർഹം: വോയ്‌സ് ഓഫ് നൺസ്

കടുത്ത പ്രതിഷേധങ്ങൾ മൂലം നിർത്തിവച്ചിരുന്ന ‘കക്കുകളി’ എന്ന നാടകം വീണ്ടും അരങ്ങിലെത്തിച്ചുകൊണ്ട് ഞങ്ങൾ സന്യസ്തരെയും ഞങ്ങൾ അനുവർത്തിച്ചു വരുന്ന ജീവിതരീതിയെയും നിഷ്കരുണം അവഹേളിക്കാൻ മടികാണിക്കാത്ത ചിലർ രംഗപ്രവേശം ചെയ്തിരിക്കുന്നത് അപലപനീയമാണ്. ഞങ്ങളുടെ സന്യാസ ജീവിതത്തെക്കുറിച്ച് പൊതുസമൂഹത്തിൽ തെറ്റിദ്ധാരണകൾ ഉളവാക്കുന്ന വിധത്തിലുള്ള ആശയങ്ങളാണ് നാടകത്തിലൂടെ അവതരിപ്പിക്കപ്പെട്ടിരുന്നത്. ക്രൈസ്തവ സാന്നിധ്യമില്ലാത്ത കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ അവതരണങ്ങൾ നടത്തിയ പ്രസ്തുത നാടകത്തിനെതിരെ കേരളമെമ്പാടും കേരളസഭയിലെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധങ്ങൾ അരങ്ങേറുകയുണ്ടായി. അതിന്റെ ഫലമായി നാടകത്തിന്റെ അവതരണം അവസാനിപ്പിക്കുവാൻ ആലപ്പുഴ പറവൂർ പബ്ലിക് ലൈബ്രറിയുടെ ഭാഗമായ നൈതൽ നാടകസംഘം തീരുമാനിച്ചിരുന്നു. എന്നാൽ, ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേര് പറഞ്ഞ് ചില രാഷ്ട്രീയ പാർട്ടികളുടെ പിൻബലമുള്ള സംഘടനകളും വ്യക്തികളും മുൻകയ്യെടുത്തുകൊണ്ട് ഈ നാടകം വീണ്ടും അരങ്ങിലെത്തിക്കുന്നു എന്ന് അറിയുന്നു. അഭിമാനബോധത്തോടെ ജീവിക്കാനുള്ള ഞങ്ങളുടെ അവകാശത്തിന് മേലുള്ള കടന്നുകയറ്റമാകരുത് നിങ്ങൾ വിഭാവനം ചെയ്യുന്ന ആവിഷ്കാര സ്വാതന്ത്ര്യം എന്ന തിരിച്ചറിവ് ഉണ്ടാകണമെന്ന് ആ കലാകാരന്മാരെ പ്രത്യേകം ഓർമ്മിപ്പിക്കുന്നു. ഞങ്ങൾ പവിത്രമായി കാണുന്ന സന്യാസജീവിതത്തെക്കുറിച്ചുള്ള തെറ്റായ ധാരണകൾ ഈ സമൂഹത്തിന്റെ പൊതുബോധത്തിൽ ഉറപ്പിക്കാനാണ് നിങ്ങളുടെ ശ്രമമെങ്കിൽ അതിനെ ഒറ്റക്കെട്ടായി ഞങ്ങൾ പ്രതിരോധിക്കുകയും നിയമപരമായ നടപടികൾ സ്വീകരിക്കുകയും ചെയ്യും. ഇന്ത്യയിൽ വിവിധ ഭാഗങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരോട് അനുഭാവം പ്രകടിപ്പിക്കുന്നു എന്ന് അവകാശപ്പെടുന്ന രാഷ്ട്രീയപ്പാർട്ടികളുടെ വിവിധ പോഷക സംഘടനകൾ വഴിയായി നടത്തുന്ന ഇത്തരം അവഹേളനങ്ങളും ക്രൈസ്തവ പീഡനം തന്നെയാണ് എന്നുള്ളതും ഞങ്ങൾ നിങ്ങളെ ഓർമ്മിപ്പിക്കുന്നു. ഇതരസം നീക്കങ്ങളിൽനിന്നും എല്ലാവരും പിന്തിരിയണമെന്നും പരസ്പര ആദരവോടെയും സഹകരണത്തോടെയും മുന്നോട്ടുപോകണമെന്നും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

– എക്സിക്യൂട്ടീവ് കമ്മിറ്റി, വോയ്‌സ് ഓഫ് നൺസ്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group