തല്ലും തലോടലും ഒരുമിച്ച് പോകില്ല

രാജ്യാന്തര സംഘടനയായ ഓപ്പൺ ഡോർസ്, ദേശീയ സംഘടനയായ യുണൈറ്റഡ് ക്രിസ്ത്യൻ ഫ്രണ്ട് തുടങ്ങിയവയുടെ വാർഷിക റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിൽ ശരാശരി രണ്ട് അതിക്രമങ്ങൾ പ്രതിദിനം ക്രൈസ്തവർക്കെതിരെ നടക്കുന്നുണ്ട്. ന്യൂനപക്ഷങ്ങൾക്ക്, വിശിഷ്യാ, ക്രൈസ്തവർക്ക് എതിരായുള്ള ആക്രമണങ്ങൾ വർഷം തോറും വർധിച്ചുവരുന്നു. പത്തുവർഷം മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള കേസുകളുടെ അഞ്ചിരട്ടി, അതായത് 687 അക്രമസംഭവങ്ങൾ 2023 ജനുവരി മുതൽ നവംബർ വരെ ഉണ്ടായതായി യുണൈറ്റഡ് ക്രിസ്ത്യൻ ഫ്രണ്ട് റിപ്പോർട്ട് ചെയ്യുന്നു. ആൾക്കൂട്ട അക്രമങ്ങൾ, കള്ളക്കേസുകളിൽപ്പെടുത്തൽ, ദൈവാലയങ്ങൾ നശിപ്പിക്കൽ, ആരാധനയും വേദോപദേശ ക്ലാസുകളും തടസ്സപ്പെടുത്തൽ എന്നിങ്ങനെയുള്ള അതിക്രമങ്ങൾ വ്യാപകമായി നടക്കുന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് എന്നുള്ളത് ഒരു വാസ്തവമാണ്. മറ്റു സംസ്ഥാനങ്ങളിലാണെങ്കിൽത്തന്നെയും അത്തരം അക്രമങ്ങൾക്ക് നേതൃത്വം നൽകുന്നത് തീവ്ര ഹിന്ദുത്വ സംഘടനകളുടെ പ്രവർത്തകരാണ്. ഇത്തരമൊരു അപകടകരമായ അവസ്ഥ രാജ്യത്തുടനീളം വ്യാപകമാകുന്ന സാഹചര്യത്തിലാണ് ക്രൈസ്തവ സമൂഹങ്ങളുമായി ഐക്യം രൂപപ്പെടുത്താൻ ബിജെപി രാഷ്ട്രീയ നേതൃത്വം ശ്രമം നടത്തുന്നതും.

ന്യൂനപക്ഷങ്ങളുമായി, വിശിഷ്യാ ക്രൈസ്തവ സമൂഹവുമായുള്ള ബന്ധം വളർത്തുന്നതിനായി തിരുനാളുകളോടനുബന്ധിച്ച് വിരുന്നുകൾ സംഘടിപ്പിക്കുകയും, സൗഹാർദ്ദ സന്ദർശനങ്ങൾ നടത്തുകയും ചെയ്യുന്ന ശൈലി പ്രധാനമന്ത്രി ഉൾപ്പെടെയുള്ള മുതിർന്ന ബിജെപി നേതാക്കൾ അവലംബിച്ചുതുടങ്ങിയിട്ട് ചില വർഷങ്ങളായി. ബിജെപിക്ക് ഇനിയും കാര്യമായ രാഷ്ട്രീയനേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടില്ലാത്ത കേരളത്തിൽപോലും ക്രൈസ്തവ നേതൃത്വങ്ങളുമായി സമവായത്തിലെത്താൻ പാർട്ടി തലത്തിൽ സമീപകാലത്തായി ഊർജ്ജിത ശ്രമങ്ങളുണ്ട്. ഇത്തരം നീക്കങ്ങൾക്ക് കത്തോലിക്കാ സഭയുടെയോ, മറ്റ് ക്രൈസ്തവ സഭകളുടെയോ ഔദ്യോഗിക നേതൃത്വങ്ങളിൽനിന്ന് പ്രോത്സാഹനങ്ങളൊന്നും ഇനിയും ഉണ്ടായിട്ടില്ലെങ്കിൽ പോലും, ദേശീയതലത്തിൽതന്നെ ബിജെപി എന്ന രാഷ്ട്രീയ പാർട്ടിക്ക് ക്രൈസ്തവരോട് അനുകൂല നിലപാടുകളാണ് എക്കാലത്തും ഉള്ളതെന്നും സൗഹാർദ്ദ സമീപനം ആരോഗ്യകരമാണെന്നും സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഒരുവശത്ത് നിരന്തരം കണ്ടുവരുന്നുണ്ട്. ചില സംഘടനാസംവിധാനങ്ങളുടെ സഹായത്തോടെ ക്രൈസ്തവ സമൂഹങ്ങൾക്കിടയിൽ ഇത്തരം ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള നിരന്തരപരിശ്രമങ്ങളുമുണ്ട്.

ഇത്തരം രാഷ്ട്രീയ പ്രചാരണങ്ങളും സമവായ നീക്കങ്ങളും പുരോഗമിക്കുമ്പോൾ തന്നെ, ക്രൈസ്തവരെയും ക്രൈസ്തവ സ്ഥാപനങ്ങളെയും ഭീഷണിപ്പെടുത്തുകയും തുടർച്ചയായി നിയമങ്ങൾ ദുരുപയോഗിച്ച് കെണികളിൽ അകപ്പെടുത്തുകയും ചെയ്യുന്നത് ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയുടെ മേൽപ്പറഞ്ഞ നീക്കങ്ങളുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യുന്നുണ്ട്. രാഷ്ട്ര നിർമ്മിതിക്കായി പതിറ്റാണ്ടുകളായി സംഭാവനകൾ നല്കി പ്രവർത്തിച്ചുവരുന്ന സ്ഥാപനങ്ങൾക്കും വിവിധ സാമൂഹിക പ്രവർത്തനമേഖലകളിൽ ഏർപ്പെട്ടിരിക്കുന്ന ഒട്ടേറെ വൈദികർക്കും സന്യസ്തർക്കും മതപരിവർത്തന നിയമങ്ങളുടെ ദുരുപയോഗം ഭീഷണിയായി മാറിയിരിക്കുന്നു. ക്രൈസ്തവ സ്ഥാപനങ്ങൾക്ക് എതിരായുള്ള നീക്കങ്ങൾക്ക് നേതൃത്വം നല്കുന്ന ഒന്നായി ദേശീയ ബാലാവകാശ കമ്മീഷൻ മാറുന്നത് ദൌർഭാഗ്യകരമാണ്.

ദേശീയ ബാലാവകാശ കമ്മീഷൻ ക്രൈസ്തവ സ്ഥാപനങ്ങളെ വേട്ടയാടുമ്പോൾ

ദേശീയ ബാലാവകാശ കമ്മീഷന്റെ (NCPCR) നേതൃത്വത്തിൽ, അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് ക്രൈസ്തവ സ്ഥാപനങ്ങളെയും സന്യസ്തരെയും പ്രതിക്കൂട്ടിൽ നിർത്തുകയും കേസിൽ അകപ്പെടുത്തുകയും ചെയ്യുന്നത് തുടർക്കഥയായിരിക്കുകയാണ്. ബാലാവകാശ കമ്മീഷൻ പലപ്പോഴും വാർത്തകളിൽ ഇടം നേടുന്നത് ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരെയുള്ള നീക്കങ്ങൾ വഴിയായാണ്. ചില മുൻകാല ഉദാഹരണങ്ങൾ:

– 2023 ജൂലൈ 21 ന് മധ്യപ്രദേശിലെ ജാബുവയിൽ കത്തോലിക്കാ സന്യസ്തർ നടത്തിവരുന്ന അനാഥാലയത്തിൽ പരിശോധനയ്‌ക്കെത്തിയ ബാലാവകാശ കമ്മീഷനിലെ ഉദ്യോഗസ്ഥർ സന്യാസാർത്ഥിനികളായ മൂന്ന് പെൺകുട്ടികളെ കസ്റ്റഡിയിലെടുക്കുകയുണ്ടായി. മതപരിവർത്തനം എന്ന ആരോപണമാണ് ഉദ്യോഗസ്ഥർ ഉയർത്തിയത്. തലമുറകളായി കത്തോലിക്കാ വിശ്വാസികളായി ജീവിക്കുന്ന കുടുംബങ്ങളിൽനിന്നുള്ള കുട്ടികളായിട്ടുപോലും അവരെ വിട്ടയയ്ക്കാൻ ഉദ്യോഗസ്ഥർ തയ്യാറായിരുന്നില്ല.

– 2023 മെയ് മാസത്തിൽ കമ്മീഷൻ മധ്യപ്രദേശിലെ സാഗറിന് സമീപം നൂറ്റമ്പത് വർഷത്തെ പഴക്കമുള്ള സെന്റ് ഫ്രാൻസിസ് സേവാധാം ഓർഫനേജിൽ റെയ്ഡ് നടത്തുകയുണ്ടായി. ഓഫീസ് മുറികളും ദേവാലയവും അലങ്കോലപ്പെടുത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത ഉദ്യോഗസ്ഥരെ ചോദ്യം ചെയ്ത വൈദികർക്ക് മർദ്ദനമേൽക്കുകയുമുണ്ടായി. സിസിടിവിയും കമ്പ്യൂട്ടറുകളും തകരാറിലാക്കിയ അവർ ഫോണുകളും രേഖകളും മറ്റും പിടിച്ചെടുത്തു. കസ്റ്റഡിയിൽ എടുത്ത വൈദികരെ മണിക്കൂറുകൾക്ക് ശേഷമാണ് വിട്ടയയ്ക്കാൻ തയ്യാറായത്.

– 2021 ഡിസംബർ 13ന് ഗുജറാത്തിലെ വഡോദരയിൽ മകർപുരയിൽ മാതൃകാപരമായി പ്രവർത്തിച്ചുവരുന്ന മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹത്തിന്റെ അഗതിമന്ദിരത്തിനും, അതിന് ഒരു മാസം മുമ്പ് മധ്യപ്രദേശിലെ ഇന്റ്ഖേരിയിൽ സിസ്റ്റേഴ്സ് ഓഫ് ജീസസ് സന്യാസിനീ സമൂഹം നടത്തിവന്നിരുന്ന പെൺകുട്ടികൾക്കായുള്ള ഹോസ്റ്റലിനും എതിരെ യുക്തിരഹിതമായ കുറ്റാരോപണങ്ങൾ നടത്തി കേസ് ചാർജ്ജ് ചെയ്യാൻ കാരണമായതും ദേശീയ ബാലാവകാശ കമ്മീഷന്റെ ദുരൂഹമായ ഇടപെടൽ മൂലമാണ്.

ആഞ്ചൽ ഗേൾസ് ഹോസ്റ്റലിനെതിരെ

മധ്യപ്രദേശിലെ ഭോപ്പാൽ ജില്ലയിൽ പർവാലിയ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവർത്തിച്ചുവരുന്ന ആഞ്ചൽ ഗേൾസ് ഹോസ്റ്റലിനെതിരെ നടന്ന നീക്കങ്ങളാണ് ഏറ്റവും ഒടുവിലെ സംഭവം. ദേശീയ ബാലാവകാശ കമ്മീഷൻ കഴിഞ്ഞ ജനുവരി നാലിന് ഹോസ്റ്റലിൽ നടത്തിയ റെയ്ഡിനെ തുടർന്ന് ഗുരുതരമായ ചില ആരോപണങ്ങൾ ഉന്നയിക്കുകയും, കുട്ടികളെ നിർബ്ബന്ധിതമായി മറ്റു ഷെൽട്ടർ ഹോമുകളിലേയ്ക്ക് മാറ്റുകയും ചെയ്തു. സ്ഥാപനത്തിന്റെ ഡയറക്ടർ ഫാ. അനിൽ മാത്യുവിനെ പിന്നീട് കസ്റ്റഡിയിൽ എടുക്കുകയുമുണ്ടായി. ഹോസ്റ്റലിലെ 26 കുട്ടികൾ മിസ്സിംഗ്‌ ആണ് എന്ന ആരോപണമാണ് മുഖ്യമായും ഉദ്യോഗസ്ഥർ ഉന്നയിച്ചത്. ഹോസ്റ്റലിന്റെ ആരംഭകാലം മുതലുള്ള രജിസ്റ്ററിലുണ്ടായിരുന്നതും പലപ്പോഴായി തിരികെ സ്വഭവനങ്ങളിലേയ്ക്ക് മടങ്ങിയവരുമാണ് ആ കുട്ടികൾ എന്ന് ഹോസ്റ്റൽ അധികൃതർ വ്യക്തമാക്കിയെങ്കിലും അധികാരികൾ തങ്ങളുടെ ആരോപണത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു. എന്നാൽ, പോലീസ് അന്വേഷണത്തിൽ ആ കുട്ടികൾ എല്ലാവരും സ്വന്തം വീടുകളിൽ ഉണ്ടെന്ന് വ്യക്തമായി.

സ്ഥാപനത്തിന് രജിസ്‌ട്രേഷൻ ഇല്ല എന്ന ആരോപണവും തെറ്റാണ്. വിദ്യാർഥിനികൾക്ക് പഠനാർത്ഥം ഒരുക്കിയിരിക്കുന്ന ഹോസ്റ്റൽ മാത്രമാണ് ആഞ്ചൽ. ഇവിടെ താമസിച്ചുപഠിക്കുന്ന മുഴുവൻ കുട്ടികളും മാതാപിതാക്കളോ രക്ഷിതാക്കളോ ഉള്ളവരും, അവരുടെ അപേക്ഷ പ്രകാരം മാത്രം ഹോസ്റ്റലിൽ താമസിക്കുന്നവരുമാണ്. മാത്രവുമല്ല, ആഞ്ചൽ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന വിദ്യാർത്ഥിനികളെക്കുറിച്ചുള്ള വിശദാംശങ്ങൾ മധ്യപ്രദേശ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും, കുട്ടികളെക്കുറിച്ചുള്ള വിവരങ്ങൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കും, പോലീസ് അധികാരികൾക്കും യഥാസമയം അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നതുമാണ്. തദ്ദേശ സ്വയംഭരണസ്ഥാപനത്തിൽ നിയമാനുസൃതമായി കെട്ടിടം രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളതാണ്.

മതപരിവർത്തന നിരോധന നിയമം

മതപരിവർത്തന നിരോധന നിയമം നിലവിലുള്ള മധ്യപ്രദേശിൽ, ആഞ്ചൽ ഗേൾസ് ഹോസ്റ്റലിനെതിരെ ദേശീയ ബാലാവകാശ കമ്മീഷൻ ഉന്നയിച്ച പ്രധാന ആരോപണങ്ങളിൽ ഒന്ന് മതപരിവർത്തനം തന്നെയാണ്. കാണാതായ കുട്ടികളെ മതപരിവർത്തന കേന്ദ്രത്തിലേയ്ക്ക് മാറ്റിയിരിക്കുകയാണ് എന്നും ആരോപിക്കുകയുണ്ടായി. ഇത്തരത്തിൽ കെട്ടിച്ചമച്ചതും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളെ തുടർന്നാണ് സ്ഥാപന ഡയറക്ടർ ഫാ. അനിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തപ്പെട്ട് റിമാൻഡിൽ കഴിയുന്നത്. പ്രാദേശിക ജില്ലാ ഭരണകൂടവും പോലീസ് ഉദ്യോഗസ്ഥരും വാസ്തവങ്ങൾ അന്വേഷിച്ചു മനസിലാക്കിയതാണ്. എന്നിട്ടും ബാലാവകാശ കമ്മീഷന്റെയും സംസ്ഥാനം ഭരിക്കുന്ന ബിജെപി സർക്കാരിന്റെയും നിരന്തരമായ സമ്മർദ്ദമാണ് വൈദികന്റെ അറസ്റ്റിന് കാരണമായത്. സത്യസന്ധമായ നിലപാടുകൾ സ്വീകരിച്ച മൂന്ന് ഉദ്യോഗസ്ഥരെ കൃത്യ നിർവഹണത്തിലെ വീഴ്ചകൾ ആരോപിച്ച് സസ്‌പെൻഡ് ചെയ്യുകയുമുണ്ടായി. നഗ്നമായ അധികാര ദുർവിനിയോഗത്തിന് ഉദാഹരണമാണ് ഇത്.

ദേശീയ ബാലാവകാശ കമ്മീഷനുമായി ബന്ധപ്പെട്ടവ മാത്രമല്ല ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിൽ ക്രൈസ്തവരും മറ്റു ന്യൂനപക്ഷ വിഭാഗങ്ങളും നേരിടുന്ന ഭീഷണികൾ. സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യം സാധാരണ ജനങ്ങൾക്ക് ഇല്ലാതാവുന്നതും, സ്ഥാപനങ്ങൾക്കും സമുദായ നേതൃത്വങ്ങൾക്കും പ്രവർത്തനസ്വാതന്ത്ര്യം നഷ്ടപ്പെടുന്നതും, വർഗീയ വിദ്വേഷ പ്രചാരണങ്ങളുടെ ഫലമായി ആൾക്കൂട്ട അക്രമങ്ങൾ ഉണ്ടാകുന്നതും ഒട്ടേറെ സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നു. പ്രത്യേകിച്ച്, വിവിധ ബിജെപി സർക്കാരുകൾ നടപ്പാക്കിയിട്ടുള്ള കരി നിയമമായ മതപരിവർത്തന നിരോധന നിയമം വ്യാപകമായി ദുരുപയോഗിക്കപ്പെടുന്നതുമൂലം ഒട്ടേറെ നിരപരാധികൾ കേസുകളിൽ അകപ്പെടുന്ന സ്ഥിതി വിശേഷമാണ് ഉള്ളത്.

തല്ലും തലോടലും ഒരുമിച്ച് പോകില്ല

വർധിച്ചുവരുന്ന വർഗീയ ധ്രുവീകരണവും തൽഫലമായ പ്രതിസന്ധികളുമാണ് മറ്റൊന്ന്. സമാധാനാന്തരീക്ഷം പൂർണ്ണമായി നഷ്ടപ്പെട്ടുകഴിഞ്ഞ മണിപ്പൂർ എന്ന സംസ്ഥാനം ഏറ്റവും വലിയ ഉദാഹരണമായി നിലകൊള്ളുന്നു. ഗോത്ര കലാപത്തിന്റെ മറ പിടിച്ച് ക്രൈസ്തവരെ ഉത്മൂലനം ചെയ്യാനുള്ള ശ്രമങ്ങളാണ് അസൂത്രിതമായി അവിടെ നടപ്പിലാക്കിയത്. കുപ്രസിദ്ധമായ ഗുജറാത്ത് കലാപം വീണ്ടും ചർച്ചകളിൽ നിറയാൻ വഴിയൊരുക്കിയ ബിൽക്കിസ് ബാനു കേസ് സംഘപരിവാർ സംഘടനകളുടെ മറ്റൊരു മുഖം വെളിപ്പെടുത്തുന്നുണ്ട്. സംഘപരിവാർ പ്രസിദ്ധീകരണങ്ങൾ പതിവായി ക്രൈസ്തവ, അന്യമത വിദ്വേഷം പ്രചരിപ്പിക്കുന്നത് ഇത്തരം വർഗീയ സംഘർഷങ്ങൾക്ക് ഒരു പ്രധാന കാരണമായി മാറുന്നുണ്ട്. ഒരു വശത്ത് അന്യമതസ്ഥരുമായി സൗഹൃദത്തിലെത്താൻ ശ്രമം നടത്തുന്നതായി കാണുമ്പോഴും, മറുവശത്ത് ശത്രുതാപരമായ നീക്കങ്ങൾ അഭംഗുരം തുടരുന്നത് പച്ചയായ യാഥാർഥ്യമാണ്. ആർഎസ്എസ് പ്രസിദ്ധീകരണമായ ഓർഗനൈസറിൽ സമീപ നാളുകളിൽ പോലും കടുത്ത ക്രൈസ്തവ വിദ്വേഷം ഉൾക്കൊള്ളുന്ന ലേഖനങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. പ്രധാന മന്ത്രി ക്രിസ്തുമസ് വിരുന്ന് ഒരുക്കുമ്പോൾ ഓർഗനൈസറിൽ ക്രിസ്തുമസ് അവഹേളിക്കപ്പെടുകയായിരുന്നു. കേരളത്തിൽനിന്നുള്ള ആർഎസ്എസ് പ്രസിദ്ധീകരണമായ കേസരി ആഴ്ചപ്പതിപ്പിന്റെ ഉള്ളടക്കവും വ്യത്യസ്തമല്ല. ഈ വൈരുദ്ധ്യങ്ങളൊന്നും തിരിച്ചറിയാൻ കഴിയാത്തവരാണ് ഈ നാട്ടിലെ ജനങ്ങൾ എന്ന് ആരും കരുതേണ്ടതില്ല.

വർഗീയ വിഭജനങ്ങളും അതിക്രമങ്ങളും നാൾക്കുനാൾ വർധിച്ചുവരുന്നത് ഈ ജനാധിപത്യ രാജ്യത്തിന് ഭൂഷണമല്ല. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള അതിക്രമങ്ങളും, വർഗീയ ധ്രുവീകരണത്തിന്റെ ഭാഗമായുള്ള കലാപങ്ങളും പതിവാകുന്നത് അനേകരെ കടുത്ത അരക്ഷിതത്വത്തിൽ എത്തിച്ചിരിക്കുന്നു. ഇവിടെ വ്യക്തമായ ഒരു വിശദീകരണം ഭരണകൂടങ്ങൾ സമൂഹത്തിന് നൽകേണ്ടതുണ്ട്. എല്ലാവരെയും ഉൾക്കൊള്ളാനും അംഗീകരിക്കാനും ഭരണകൂടം യഥാർത്ഥത്തിൽ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആദ്യം ചെയ്യേണ്ടത് ഇതര മത വിരോധവുമായി വ്യാപരിക്കുന്ന പ്രസ്ഥാനങ്ങളെയും ഉദ്യോഗസ്ഥരെയും നിയന്ത്രിക്കുകയും ബഹുസ്വരതയെ അംഗീകരിക്കാനുള്ള തുറവി പ്രകടിപ്പിക്കുകയുമാണ്. അല്ലാത്തപക്ഷം വിരുന്നുകളും സന്ദർശനങ്ങളും വെറും പ്രഹസനമായി തന്നെ തുടരും. ഉപരിപ്ലവമായ സൗഹാർദ്ദ നീക്കങ്ങളല്ല, യഥാർത്ഥ പ്രതിസന്ധികൾ പരിഹരിച്ച് എല്ലാ പൗരന്മാർക്കും സമാധാനത്തോടെ ഈ രാജ്യത്ത് ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് വേണ്ടത്.

കടപ്പാട് : ഫാ. ജേക്കബ് ജി പാലയ്ക്കാപ്പിള്ളി
ഡെപ്യൂട്ടി സെക്രട്ടറി ജനറൽ, കെസിബിസി


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group