മാര്‍ച്ച്‌ എട്ട് എങ്ങനെ വനിതാ ദിനമായി?

മാർച്ച്‌ എട്ട് ലോകവ്യാപകമായി വനിതാ ദിനം ആഘോഷിക്കുന്ന ദിവസം. സ്ത്രീകളുടെ നേട്ടങ്ങളെ ആദരിക്കുന്നതിനും സമൂഹത്തിന് അവർ നല്‍കിയ സംഭാവനകളെ അംഗീകരിക്കുന്നതിനും ലിംഗസമത്വത്തിന് വേണ്ടി സംസാരിക്കുന്നതിനുമായിട്ടാണ് വനിതാ ദിനം ആഘോഷിക്കുന്നത്.

എന്തുകൊണ്ടാണ് മാർച്ച്‌ എട്ടിന് ലോക വനിതാദിനം ആഘോഷിക്കുന്നത്?

ഒരു നുറ്റാണ്ട് മുമ്ബുള്ള ഒരു തൊഴിലാളി സമരമാണ് ലോക വനിതാ ദിനത്തിന് തുടക്കം കുറിച്ചത്. ആക്ടിവിസ്റ്റായ തെരേസ മാല്‍ക്കീലിന്റെ നിർദ്ദേശപ്രകാരം സോഷ്യലിസ്റ്റ് പാർട്ടി ഓഫ് അമേരിക്കയുടെ പ്രഖ്യാപനത്തെ തുടർന്ന് 1909 ഫെബ്രുവരി 28ന് അമേരിക്കയിലാണ് ആദ്യത്തെ ദേശീയ വനിതാ ദിനം ആചരിച്ചത്. 1908ല്‍ ന്യൂയോർക്കില്‍ സ്ത്രീകള്‍ തൊഴില്‍ സാഹചര്യങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച തയ്യല്‍ തൊഴിലാളികളുടെ സമരത്തിന്റെ ബഹുമാനാർത്ഥമായിരുന്നു ഇത്.

1848ല്‍ തന്നെ വനിത വിമോചനത്തിനായി ശബ്ദങ്ങള്‍ ഉയർന്നിരുന്നു. 1848ല്‍ അടിമത്ത വിരുദ്ധ കണ്‍വെൻഷനില്‍ സംസാരിക്കുന്നതില്‍ നിന്ന് സ്ത്രീകളെ വിലക്കിയതില്‍ രോഷാകുലരായ അമേരിക്കക്കാരായ എലിസബത്ത് കാഡി സ്റ്റാന്റണും ലുക്രേഷ്യ മോട്ടും ന്യൂയോർക്കില്‍ രാജ്യത്തിന്റെ ആദ്യത്തെ വനിതാ അവകാശ കണ്‍വെൻഷൻ വിളിച്ചുചേർത്തു. നൂറുകണക്കിന് ആളുകളാണ് ഇതില്‍ പങ്കെടുത്തത്.

1909ലെ വനിതാദിനാഘോഷത്തിന് പിന്നാലെ 1910ല്‍, കോപ്പൻഹേഗനില്‍ നടന്ന അന്താരാഷ്ട്ര തൊഴിലാളി സ്ത്രീകളുടെ കോണ്‍ഫറൻസില്‍, സ്ത്രീകളുടെ അവകാശങ്ങള്‍ക്കും വോട്ടവകാശത്തിനും വേണ്ടി വാദിക്കാൻ ഒരു വാർഷിക വനിതാ ദിനം സ്ഥാപിക്കാൻ ക്ലാര സെറ്റ്കിൻ നിർദ്ദേശിച്ചു.

ഈ നിർദ്ദേശം ഏകകണ്ഠമായ അംഗീകാരത്തോടെ അംഗീകരിക്കപ്പെട്ടു, തുടർന്ന് 1911ല്‍ ഓസ്ട്രിയ, ഡെൻമാർക്ക്, ജർമ്മനി, സ്വിറ്റ്‌സർലൻഡ് എന്നിവിടങ്ങളിലായി ഒരു ദശലക്ഷത്തിലധികം ആളുകള്‍ ആദ്യമായി അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കാൻ ആരംഭിച്ചു. എന്നാല്‍ ഈ സമ്മേളനത്തില്‍ ഒരു പ്രത്യേക തീയതി തീരുമാനിച്ചിരുന്നില്ല.

ഫെബ്രുവരിയിലെ അവസാനത്തെ ദിവസങ്ങളിലോ മാർച്ചിലെ ആദ്യ ദിവസങ്ങളിലോ ആയിരുന്നു തുടക്കകാലത്ത് വനിതാ ദിനം ആഘോഷിച്ചു തുടങ്ങിയത്. ഫെബ്രുവരിയിലെ അവസാനത്തെ ഞായറാഴ്ച ‘ദേശീയ വനിതാ ദിനം’ ആചരിക്കുന്നത് തുടർന്നു. 1913ല്‍ റഷ്യ ആദ്യമായി അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു.

എന്നാല്‍ റഷ്യ ഗ്രിഗോറിയൻ കലണ്ടർ അംഗീകരിച്ചിരുന്നില്ല. ഇതിനെ തുടർന്ന് ഫെബ്രുവരിയിലെ അവസാന ഞായറാഴ്ച ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മാർച്ച്‌ എട്ട് ആയിരുന്നു. പിന്നീട് 1914ല്‍ ജർമനി മാർച്ച്‌ എട്ടിന് അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു.

1917 മാർച്ച്‌ എട്ടിന് സോവിയറ്റ് യൂണിയനിലെ പെട്രോഗ്രാഡില്‍ വനിതാ ടെക്‌സ്‌റ്റൈല്‍ തൊഴിലാളികള്‍ പ്രകടനം ആരംഭിച്ചു, ഭക്ഷ്യക്ഷാമത്തിനെതിരെയും ഒന്നാം ലോക യുദ്ധത്തിനും എതിരെയുമായിരുന്നു ഈ പ്രകടനം. ഈ പ്രകടനത്തിന് പിന്നാലെ ഏഴ് ദിവസത്തിന് ശേഷം, സാർ നിക്കോളാസ് രണ്ടാമൻ സ്ഥാനത്യാഗം ചെയ്യുകയും താല്‍ക്കാലിക സർക്കാർ സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കുകയും ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m