ക്രൈസ്തവരോടുള്ള അവഗണന; അഞ്ച് ലക്ഷം പേര്‍ ഒപ്പിട്ട ഭീമഹര്‍ജി തയ്യാറാക്കി കത്തോലിക്ക കോണ്‍ഗ്രസ്

കൊച്ചി : ഭാരതത്തിൽ ക്രൈസ്തവർ നേരിടുന്ന വെല്ലുവിളികളെയും ആക്രമണങ്ങളെയും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കും, കേന്ദ്ര ആഭ്യന്തരമന്ത്രിക്കും, മുഖ്യമന്ത്രിക്കും, വനംമന്ത്രിക്കും നൽകാൻ അഞ്ച് ലക്ഷം പേര്‍ ഒപ്പിട്ട ഭീമഹര്‍ജി തയ്യാറാക്കി ശക്തമായ നീക്കത്തിന് ഒരുങ്ങുകയാണ് കത്തോലിക്ക കോണ്‍ഗ്രസ്.

ഇതിന്‍റെ ഭാഗമായി കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ സംഘടിപ്പിച്ച ഭീമഹര്‍ജി സമര്‍പ്പിക്കുന്നതിന്‍റെ ഉദ്ഘാടനം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വ്വഹിച്ചു. ഭാരതത്തിലെ ക്രൈസ്തവ സമൂഹം സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന സാഹചര്യത്തില്‍ കത്തോലിക്കാ കോണ്‍ഗ്രസ് വിവിധ തലങ്ങളില്‍ ശക്തമായ ഇടപെടലുകള്‍ നടത്തേണ്ടത് വളരെ അത്യാവശ്യമാണെന്ന് കര്‍ദ്ദിനാള്‍ പ്രസ്താവിച്ചു. വ്യത്യസ്തങ്ങളായ ഭീഷണികളും ആക്രമണങ്ങളും മൂലം ക്രൈസ്തവരുടെ സമാധാനപരമായ നിലനില്‍പ്പുതന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നു മുഖ്യപ്രഭാഷണം നടത്തിയ ബിഷപ് ലെഗേറ്റ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു. കാര്‍ഷിക മേഖലയിലെ എല്ലാ ഉത്പന്നങ്ങളും രൂക്ഷമായ വിലത്തകര്‍ച്ചയാണ് നേരിടുന്നതെന്ന് അധ്യക്ഷത വഹിച്ച പ്രസിഡന്‍റ് അഡ്വ. ബിജു പറയന്നിലവും പറഞ്ഞു. വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ കര്‍ഷകര്‍ നിരന്തരം ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇക്കാര്യത്തില്‍ പ്രതിഷേധ പരിപാടികള്‍ക്ക് രാജ്യവ്യാപകമായി കത്തോലിക്കാ കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കത്തോലിക്കാ കോണ്‍ഗ്രസിന്‍റെ രൂപതാ സമിതികളുടെ നേതൃത്വത്തില്‍ ജൂലൈ രണ്ട്, ഒമ്പത് തീയതികളില്‍ എല്ലാ ഇടവകകളിലും ഒപ്പുശേഖരണം നടത്തും. ഇതിന്‍റെ തുടര്‍ച്ചയായി സെക്രട്ടേറിയേറ്റിനും പാര്‍ലമെന്‍റിനും മുന്നില്‍ പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group