ക്രിസ്മസ് രാവിലും ഇസ്രായേലിന്റെ ക്രൂരത; അല്‍ മഗാസി ക്യാമ്ബിലെ വ്യോമാക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടു

ഗസ്സയില്‍ ഇസ്രായേല്‍ കൂട്ടക്കുരുതി തുടരുന്നു. മധ്യ ഗസ്സയിലെ അല്‍ മഗാസി ക്യാമ്ബിലുണ്ടായ വ്യോമാക്രമണത്തില്‍ 70 പേരും ഖാൻ യൂനിസില്‍ 28 പേരും കൊല്ലപ്പെട്ടു.

രണ്ടു ദിവസത്തിനിടെ 15 സൈനികര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച ഇസ്രായേല്‍ ഗസ്സയില്‍ ആക്രമണം കൂടുതല്‍ കടുപ്പിക്കുമെന്ന് വ്യക്തമാക്കി.

ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന അഭയാര്‍ഥി ക്യാമ്ബാണ് അല്‍ മഗാസി. പലായനം ചെയ്യുന്നവര്‍ക്കായി ഇസ്രായേല്‍ തന്നെ ഔദ്യോഗികമായി സ്ഥാപിച്ച ക്യാമ്ബാണിത്. സുരക്ഷിതമെന്ന് വിശ്വസിച്ച്‌ കഴിഞ്ഞിരുന്ന ആയിരങ്ങള്‍ക്ക് മേലാണ് ഇസ്രായേല്‍ ഇന്നലെ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് വിവരം.

ഹമാസ് പോരാളികളും ഇസ്രായേല്‍ സൈന്യവും തമ്മില്‍ വടക്കൻ, തെക്കൻ ഗസ്സയില്‍ കനത്ത പോരാട്ടം തീവ്രമാണ്‌. ശത്രുവിന് കനത്ത ക്ഷതം വരുത്തിയെന്നും നാല് നാളുകള്‍ക്കിടെ, 35 സൈനിക വാഹനങ്ങള്‍ തകര്‍ത്തുവെന്നും അല്‍ഖസ്സാം ബ്രിഗേഡ് വക്താവ് അബൂ ഉബൈദ പറഞ്ഞു.

കരയുദ്ധത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം ഗണ്യമായി ഉയര്‍ന്നതോടെ ഇസ്രായേല്‍ രാഷ്ട്രീയ, സൈനിക നേതൃത്വം കൂടുതല്‍ സമ്മര്‍ദത്തിലായി. സമയമെടുത്താലും, സമ്ബൂര്‍ണ വിജയം നേടുന്നതുവരെ യുദ്ധം തുടരുമെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അറിയിച്ചത്. എല്ലാ ഭിന്നതകളും മറന്ന് സൈന്യത്തിനു പിന്നില്‍ ഉറച്ചുനില്‍ക്കണമെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.

ഖാൻ യൂനുസ്, ജബാലിയ, റഫ എന്നിവിടങ്ങളില്‍ സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് വ്യാപക ആക്രമണങ്ങളാണ് സൈന്യം നടത്തിയത്. സൈന്യത്തിന്റെ കൊടും ക്രൂരത സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും പുറത്തുവന്നു. പ്രസവത്തിന് ആശുപത്രിയിലേക്ക് പോവുകയായിരുന്ന നാല് ഗര്‍ഭിണികളെ ഗസ്സയില്‍ ഇസ്രായേല്‍ സേന വെടിവെച്ചുകൊന്ന് ദേഹത്ത് ബുള്‍ഡോസര്‍ കയറ്റിയിറക്കിയതായാണ് വെളിപ്പെടുത്തല്‍. അല്‍ജസീറ ചാനലാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

അല്‍-അവ്ദ ആശുപത്രിയില്‍ പ്രസവത്തിനെത്തിയതടക്കമുള്ള സ്ത്രീകളെയും ബുള്‍ഡോസര്‍ ഉപയോഗിച്ച്‌ സൈന്യം കൊലപ്പെടുത്തി. ഗസ്സയിലെ സ്ഥിതിഗതികള്‍ അതീവ സങ്കീര്‍ണമെന്നാണ് യുഎൻ ഏജൻസികള്‍ അറിയിക്കുന്നത്. യു.എൻ മേല്‍നോട്ടത്തിലുള്ള സഹായവിതരണത്തിലും പുരോഗതിയില്ല.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group