ജനുവരി 21: വിശുദ്ധ ആഗ്നസ്‌.

മഹാന്‍മാരായ പല സഭാപിതാക്കളും വളരെയേറെ ബഹുമാനത്തോടെ എടുത്തു പറഞ്ഞിട്ടുള്ള വിശുദ്ധയാണ് വിശുദ്ധ ആഗ്നസ്. വിശുദ്ധ ജെറോം ഇപ്രകാരം എഴുതിയിരിക്കുന്നു “മിക്ക ലോകരാഷ്ട്രങ്ങളും പ്രത്യേകിച്ച് ക്രൈസ്തവ സമൂഹം, വാക്കുകളാലും, രചനകളാലും വിശുദ്ധ ആഗ്നസിന്റെ ജീവിതത്തെ സ്മരിച്ചിരിക്കുന്നത് കാണാന്‍ സാധിക്കും . തന്റെ ഇളം പ്രായത്തില്‍ തന്നെ ക്രൂരനായ ഭരണാധികാരിയുടേയും മേല്‍ വിജയം കൈവരിക്കാന്‍ അവള്‍ക്കു കഴിഞ്ഞു.

വിശുദ്ധ ആഗ്നസിന്റെ നാമത്തിന്റെ വേരുകള്‍ തേടിചെല്ലുമ്പോള്‍, കുഞ്ഞാട് എന്നര്‍ത്ഥം വരുന്ന ‘ആഗ്നാ’ എന്ന ലാറ്റിന്‍ പദവും ‘ശുദ്ധി’ എന്നര്‍ത്ഥമാക്കുന്ന ‘ഹാഗ്നെ’ എന്ന ഗ്രീക്ക് പദവും കാണാന്‍ സാധിക്കും. വിശുദ്ധയുടെ മരണത്തിന് എട്ടു ദിവസങ്ങള്‍ക്ക് ശേഷം, നിരനിരയായ കന്യകമാരുടെ അകമ്പടിയോടു കൂടെ, ഒരു കുഞ്ഞാട് വിശുദ്ധയുടെ മാതാപിതാക്കള്‍ക്ക് പ്രത്യക്ഷപ്പെട്ടിരിന്നുവെന്ന് ദൈവശാസ്ത്രപണ്ഡിതര്‍ പറയുന്നുണ്ട്. വിശുദ്ധയുടെ കബറിടത്തിനു മുകളിലായി കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി പണികഴിപ്പിച്ച ദേവാലയത്തില്‍ മഹാനായ വിശുദ്ധ ഗ്രിഗറി പാപ്പാ നിരവധി പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ട്.

ഒരു ദിവസം ആഗ്നസ്‌ സ്കൂളില്‍ നിന്നും വരുന്ന വഴി, അവിടത്തെ പ്രധാന മുഖ്യന്റെ മകനായ സിംഫ്രോണിയൂസ് അവളെ കാണുവാനിടയായി, അപ്പോള്‍ അവള്‍ക്ക് പതിമൂന്ന് വയസ്സേ ഉണ്ടായിരുന്നുള്ളു. പ്രഥമ ദര്‍ശനത്തില്‍ തന്നെ അവളില്‍ ആകൃഷ്ടനായ സിംഫ്രോണിയൂസ് നിരവധി സമ്മാനങ്ങളാല്‍ അവളുടെ മനംകവരുവാന്‍ ശ്രമം നടത്തി. എന്നാല്‍ ആഗ്നസിന്‍റെ മറുപടി ഇങ്ങനെയായിരിന്നു, “ദൂരെപോകൂ, മരണത്തിന്റെ ഭക്ഷണമേ, ഞാന്‍ ഇതിനോടകം തന്നെ മറ്റൊരു നാഥനെ കണ്ടെത്തിയിരിക്കുന്നു” (2 Ant.). “സൂര്യനും, ചന്ദ്രനും വണങ്ങുന്ന സൗന്ദര്യത്തോടുകൂടിയവനും മാലാഖമാര്‍ സേവകരുമായിട്ടുള്ളവനുമായ ക്രിസ്തുവുമായി എന്റെ വിവാഹം നിശ്ചയിക്കപ്പെട്ടിരിക്കുന്നു. അവനുവേണ്ടിയാണ് ഞാന്‍ എന്റെ വിശുദ്ധി കാത്തു സൂക്ഷിച്ചിരിക്കുന്നത്, മുഴുവന്‍ ഹൃദയത്തോടെയും ഞാന്‍ എന്നെതന്നെ അവനു സമര്‍പ്പിക്കുന്നു” (6. Ant.).

“തന്റെ മോതിരത്താല്‍ എന്റെ കര്‍ത്താവായ യേശുക്രിസ്തു എന്നെ മനസമ്മതം ചെയ്തിരിക്കുന്നു, വധുവിന്റെ കിരീടം കൊണ്ട് അവന്‍ എന്നെ മനോഹരിയാക്കിയിരിക്കുന്നു” (3. Ant., Lauds). “എന്റെ വലത്‌കരവും കഴുത്തും വിലകൂടിയ കല്ലുകളാല്‍ ചുറ്റിയിരിക്കുന്നു, അമൂല്യങ്ങളായ മുത്തുകള്‍കൊണ്ടുള്ള കമ്മലുകള്‍ എനിക്ക് സമ്മാനിച്ചിരിക്കുന്നു.” മനോഹരമായി തിളങ്ങുന്ന രത്നങ്ങളാല്‍ അവന്‍ എന്നെ അലങ്കരിച്ചിരിക്കുന്നു.” (2. Ant). കര്‍ത്താവ്‌ എന്നെ സ്വര്‍ണ്ണപട്ടയോട് കൂടിയ വസ്ത്രം ധരിപ്പിച്ചു, വിലകൂടിയ ധാരാളം ആഭരണങ്ങള്‍ കൊണ്ട് എന്നെ മനോഹരിയാക്കിയാക്കി” (4. Ant.). “അവന്റെ വാക്കുകള്‍ എന്നില്‍ തേനും പാലുമായി ഒഴുകി, അവന്റെ രക്തം എന്റെ കവിളുകള്‍ക്ക് ശോണിതാരുണിമ നല്‍കുന്നു” (5. Ant.).

“ഞാന്‍ എന്റെ യേശുവിനെ സ്നേഹിക്കുന്നു, കന്യകയുടെയും, സ്ത്രീ എന്താണെന്ന് അറിയാത്തവന്റെയും പുത്രനായ അവന്റെ സംഗീതം എന്റെ കാതുകള്‍ക്ക് മധുരം പോലെയാണ്. ഞാന്‍ അവനെ സ്നേഹിക്കുമ്പോള്‍ ഞാന്‍ എന്റെ വിശുദ്ധിയോട് കൂടി ഇരിക്കും, ഞാന്‍ അവനെ സ്പര്‍ശിക്കുമ്പോള്‍ എനിക്ക് ശുദ്ധി ലഭിക്കും, ഞാന്‍ അവനെ സ്വന്തമാക്കുമ്പോള്‍ ഞാന്‍ കന്യകയായി തന്നെ തുടരും” (2. Resp.).

അവളുടെ മറുപടിയില്‍ കുപിതനായ സിംഫ്രോണിയൂസ് അവളില്‍ കൂറ്റമാരോപിച്ചു നഗര മുഖ്യനായ തന്റെ പിതാവിനു ഒറ്റിക്കൊടുത്തു. അദ്ദേഹം അവളെ പാപികളായ സ്ത്രീകള്‍ പാര്‍ക്കുന്ന ഭവനത്തില്‍ പാര്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി, എന്നാല്‍ വിശുദ്ധ വളരെ ശാന്തതയോട് കൂടി ഇപ്രകാരം പറഞ്ഞു: “എന്റെ ശരീരം സംരക്ഷിക്കുന്നതിനായി എന്റെ കര്‍ത്താവിന്റെ മാലാഖ ഉണ്ട്’” (2. Ant. Lauds). അവളുടെ മറുപടിയില്‍ അരിശം പൂണ്ട മുഖ്യന്‍ അവളെ ആ കുപ്രസിദ്ധിയാര്‍ജ്ജിച്ച ആ ഭവനത്തിലേക്കയക്കുകയും, ആ ഭവനത്തില്‍ പ്രവേശിച്ച ഉടനെ കര്‍ത്താവിന്റെ മാലാഖ അവളുടെ രക്ഷക്കായി നില്‍ക്കന്നത് കണ്ടു” (1. Ant., Lauds). ഒരു പ്രകാശം അവളെ വലയം ചെയ്യുകയും അത് അവളെ സമീപിക്കുവാന്‍ ശ്രമിച്ച എല്ലാവരെയും അന്ധരാക്കുകയും ചെയ്തു.

വിജാതീയനായ ഒരു പുരോഹിതന്‍ അവള്‍ ദുര്‍മന്ത്രവാദിയാണ് എന്ന് ദുരാരോപണം ഉന്നയിച്ചതിനാല്‍ ന്യായാധിപന്‍ അവളെ തീയിലെറിയുവാന്‍ ഉത്തരവിട്ടു. തീജ്വാലകള്‍ തന്നെ വിഴുങ്ങുമ്പോഴും അവള്‍ തന്റെ കൈകള്‍ വിരിച്ചു ദൈവത്തോടു ഇപ്രകാരം പറഞ്ഞു: “ഏറ്റവും വലിയവനും സകല ആരാധനകള്‍ക്കും യോഗ്യനായവനെ, ഞാന്‍ നിന്നെ സ്തുതിക്കുന്നു, നിന്റെ ഏകജാതൻമൂലം ഞാന്‍ ക്രൂരനായ ഭരണാധികാരിയുടെ ഭീഷണിയില്‍ നിന്നും രക്ഷപ്പെടുകയും, സാത്താന്റെ കുടിലതകളെ മറികടക്കുകയും ചെയ്തിരിക്കുന്നു. ഞാന്‍ സ്നേഹിച്ച, ഞാന്‍ അന്വോഷിച്ച, ഞാന്‍ ആഗ്രഹിച്ച നിന്റെ പക്കലേക്ക് ഞാന്‍ വരുന്നു, എന്നെ കാത്തുകൊള്ളൂക, ഞാന്‍ എന്റെ അധരങ്ങളാല്‍ നിന്നെ വാഴ്ത്തുകയും, പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണശക്തിയോടും കൂടി നിന്നെ ആഗ്രഹിക്കുകയും ചെയ്യുന്നു.”

തീജ്വാലകള്‍ കെട്ടടങ്ങിയപ്പോള്‍ അവള്‍ തുടര്‍ന്നു: “എന്റെ രക്ഷകന്റെ പിതാവായ ദൈവമേ, ഞാന്‍ നിന്നെ സ്തുതിക്കുന്നു, കാരണം നിന്റെ മകന്റെ കാരുണ്യത്താല്‍ എനിക്ക് ചുറ്റുമുണ്ടായിരുന്ന അഗ്നി കെട്ടടങ്ങിയിരിക്കുന്നു” ഞാന്‍ പ്രതീക്ഷിച്ചത്‌ പുല്‍കുവാന്‍ പോവുകയാണ്; ഭൂമിയില്‍ ഞാന്‍ ഏറ്റവുമധികം സ്നേഹിച്ച അവനില്‍ ഞാന്‍ സ്വര്‍ഗ്ഗത്തില്‍ ഒന്നായി ചേരും” (Ben. Ant.). അനന്തരം അവളുടെ ആഗ്രഹം നിറവേറപ്പെട്ടു. ന്യായാധിപന്‍ അവളെ കഴുത്തറത്തു കൊല്ലുവാന്‍ ഉത്തരവിട്ടു. അങ്ങനെ വിശുദ്ധ ആഗ്നസ് തന്റെ പൂര്‍ണമായ വിശുദ്ധിയോട് കൂടെ രക്തസാക്ഷിത്വo വരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group