സ്പെയിനിൽ പൊലിഞ്ഞ കേരള ദീപം

സ്പെയിനിൽ കർമലീത്താ സഭയുടെ നവാര പ്രോവിൻസിൻ്റെ അംഗമായിരുന്ന ഫാ. ഡോമിനിക് ഫെർണാണ്ടസ് ദെ മെൻഡിയോള 96-ാം വയസ്സിൽ മെയ് 15-ാം തീയതി രാവിലെ പത്തു മണിക്ക് നിര്യാതനായി.17-ാം തീയതിയാണ് സംസ്കാര ശുശ്രൂഷകൾ. അതിനെന്താ എന്നായിരിക്കും നിങ്ങളുടെ ചോദ്യം. കേരളസമൂഹത്തിനും കേരളസഭയ്ക്കും നിർണായകമായ സംഭാവനകൾ നല്കിയ ഒരു വ്യക്തിത്വമാണ് കടന്നു പോകുന്നതെന്ന് ആർക്കും തന്നെ അറിയില്ല. ഈ പേര് ആരുംതന്നെ കേട്ടിരിക്കാനും സാധ്യതയില്ല. മംഗലപ്പുഴ സെമിനാരി റെക്ടർ 1956 മുതൽ 1967 വരെ മംഗലപ്പുഴ റെക്ടറായിരുന്ന ഫാ. മൈക്കിൾ എയ്ഞ്ചൽ OCD സഭയുടെ സുപ്പീരിയർ ജനറലായി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് റോമിലേക്കു പോയപ്പോൾ തത്സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടത് ഫാ. ഡോമിനിക് ഫെർണാണ്ടസ് ദെ മെൻഡിയോളയാണ്. 1976 വരെ അദ്ദേഹം റെക്ടറായി സേവനമനുഷ്ഠിച്ചു. ഉന്നത ബൗദ്ധികനിലവാരം പുലർത്തിയിരുന്ന അദ്ദേഹത്തിന്റെ ഈടുറ്റ സംഭാവനയാണ് സെമിനാരികളിൽ പഠിപ്പിക്കുന്ന പഠനരീതിശാസ്ത്രഗ്രന്ഥം (Methodology). കർദിനാൾ ജോർജ് ആലഞ്ചേരി, ആർച്ചുബിഷപ്പുമാരായ ജോസഫ് കളത്തിപ്പറമ്പിൽ,
ആൻഡ്രൂസ് താഴത്ത്, ജോർജ് ഞെറളക്കാട്ട്, ബിഷപ്പുമാരായ ജോസഫ് കരിയിൽ, വിൻസൻ്റ് സാമുവൽ, ജോസഫ് പൊരുന്നേടം തുടങ്ങി ഇന്ന് കേരളസഭയിലെ പ്രമുഖരായ പലരുടെയും റെക്ടറച്ചനായിരുന്ന അദ്ദേഹം വിദേശമിഷനറിമാരായ കർമലീത്താ വൈദികരുടെ 1766 മുതലുള്ള വൈദിക പരിശീലന നേതൃത്വത്തിൻ്റെ അവസാനത്തെ കണ്ണിയുമായിരുന്നു.1976-ൽ മോൺ. വർഗീസ് കവലക്കാട്ടിന് റെക്ടർ സ്ഥാനം ഒഴിഞ്ഞു കൊടുത്തതിലൂടെ കേരളസഭാചരിത്രത്തിൽ ഒരു പുതിയ അധ്യായം കുറിച്ചിടുകയായിരുന്നു അദ്ദേഹം. കളംവിടുംമുമ്പ് പാണ്ഡിത്യമുള്ള തദ്ദേശീയരെ സെമിനാരിപരിശീലകരായി ഒരുക്കിയെടുക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. തങ്ങളുടെ പ്രേഷിതചൈതന്യവും പണവും ആൾശേഷിയുംകൊണ്ട് ഒരു സന്യാസസമൂഹം
കേരളംപോലൊരു സഭാസമൂഹത്തിനുവേണ്ടി ചെയ്ത വൻകാര്യങ്ങൾ ഒരു ദിവസം പൂർണമായും കൈമാറിയിട്ട് കടന്നുപോകാൻ കാണിക്കുന്ന ആ ഹൃദയവലുപ്പം അതാണല്ലോ യഥാർത്ഥമിഷനറിചൈതന്യം. സവിശേഷമായ ഒരു പിഒസി നിയോഗം 1967-ൽ മംഗലപ്പുഴ സെമിനാരി റെക്ടറായി ഉത്തരവാദിത്വമേറ്റെടുത്തതോടൊപ്പം മറ്റൊരു നിയോഗം കൂടി അദ്ദേഹത്തെ തേടിയെത്തി – പാസ്റ്ററൽ ഓറിയൻ്റേഷൻ സെൻറർ (POC) പ്രസിഡൻറ്. ഇതിന് ഒരു പശ്ചാത്തലമുണ്ട്. രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ ചൈതന്യച്ചൂടിൽ കേരള കത്തോലിക്കാസഭയുടെ അജപാലനപ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ ഒരു സംവിധാനം സ്വപ്നം കാണുകയും അതിന് POC എന്ന പേരുവരെ കണ്ടെത്തുകയും അത് തൻ്റെ ഉന്നതപഠനത്തിൻ്റെ പ്രബന്ധവിഷയമായി തിരഞ്ഞെടുക്കുകയും ചെയ്ത, തൃശൂർ രൂപതക്കാരനായ ബഹു. ജോസഫ് കണ്ണത്തച്ചൻ തൻ്റെ സ്വപ്നം പങ്കുവച്ചത് മംഗലപ്പുഴ റെക്ടർ പെരിയ ബഹു. മൈക്കിൾ എയ്ഞ്ചൽ OCD അച്ചനോടായിരുന്നു. കേരളത്തിലെ വിവിധ മെത്രാന്മാരുമായി ഇക്കാര്യം കണ്ണത്തച്ചനും മൈക്കിൾ എയ്ഞ്ചലച്ചനും ചർച്ചചെയ്തതിൻ്റെ ഫലമായി രൂപതാപ്രതിനിധികളുടെ ഒരു താത്കാലിക ഉപദേശസമിതി രൂപംകൊണ്ടു.ഫാ. മൈക്കിൾ എയ്ഞ്ചൽ അതിൻ്റെ പ്രസിഡണ്ടായും ഫാ. ജോസഫ് കണ്ണത്ത് (തൃശൂർ), ഫാ. സെബാസ്റ്റ്യൻ മങ്കുഴിക്കരി (എറണാകുളം), ഫാ. പോൾ കാട്ടിശ്ശേരി (കൊച്ചി), ഫാ. ജോൺ വള്ളമറ്റം (കോതമംഗലം), ഫാ. സെബാസ്റ്റ്യൻ ഈരത്തറ (കോഴിക്കോട്) എന്നിവരടങ്ങുന്നതായിരുന്നു ആദ്യകമ്മിറ്റി. പിന്നീട് അത് വിപുലീകരിക്കുകയും പി.ഒ.സിക്കായി ഒരു സ്ഥലം കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തു. ഈ സന്ദർഭത്തിലാണ് മൈക്കിളച്ചൻ സുപ്പീരിയർ ജനറലായി മാറിപ്പോകുന്നത്. മംഗലപ്പുഴയോരത്തെ പിഒസിയും കുളിർ കാറ്റും പിഒസി പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഡോമിനിക്കച്ചൻ ആദ്യം ചെയ്തത് മംഗലപ്പുഴയിലെ ഫാദർ സഖറിയാസ് ഹാൾ പാസ്റ്ററൽ ഓറിയൻ്റേഷൻ സെൻററിനായി താത്കാലികമായി വിട്ടുകൊടുക്കുകയാണ്. കേരളസഭയുടെ ആവശ്യം മുൻകൂട്ടി കണ്ടറിഞ്ഞ പ്രതിഭയാണ് അദ്ദേഹം. അദ്ദേഹത്തിൻ്റെ അധ്യക്ഷതയിലാണ് താഴെപ്പറയുന്ന സുപ്രധാനങ്ങളായ തീരുമാനങ്ങൾ കൈക്കൊണ്ടത്: 1. മതബോധകർക്കായി രണ്ടു വർഷം നീളുന്ന പരിശീലന പരിപാടികൾ സംഘടിപ്പിക്കുക; 2. എല്ലാ രൂപതകൾക്കുംവേണ്ടി പൊതുവായ മതബോധനഗ്രന്ഥവും ദൃശ്യ-ശ്രാവ്യമാധ്യമങ്ങളും തയ്യാറാക്കുക; 3. പൊതുവായ ഒരു പുതിയ ബൈബിൾ പരിഭാഷ തയ്യാറാക്കുക; 4. കുടുംബകൗൺസിലിങ്ങ് സൗകര്യങ്ങളൊരുക്കുക; 5. അജപാലനത്തിന് സഹായകരമായ സാമൂഹികവും മതപരവുമായ വിവരശേഖരണം ശാസ്ത്രീയമായി തയ്യാറാക്കാൻ ഒരു കേന്ദ്രം ആരംഭിക്കുക; 6. പിഒസി ഔദ്യോഗികമായി ആരംഭിക്കാൻ കെ.സി.ബി.സി.യിൽനിന്ന് അനുവാദം തേടുന്ന കത്ത് തയ്യാറാക്കാൻ കണ്ണത്തച്ചനെ ഭരമേല്പിക്കുക. ഒരു മഹാപുണ്യത്തിന് പച്ചക്കൊടി 1968 ഫെബ്രുവരി 19-ാം തീയതി കാർഡിനൽ മാക്സ്മില്ലൻ ഫ്യൂർസ്റ്റൻബെർഗ് മംഗലപ്പുഴ ഫാദർ സഖറിയാസ് സ്മാരക മന്ദിരത്തിൽ വച്ച് പി.ഒ.സി ഉദ്ഘാടനം ചെയ്തപ്പോൾ അതിനുള്ള എല്ലാ ഒരുക്കങ്ങളും ഡോമിനിക്കച്ചൻ്റെ വിദഗ്ദ്ധ നേതൃത്വത്തിലാണ് നടന്നത്.രണ്ടു വർഷത്തിനു ശേഷം, സഖറിയാസ് ഹാളിൻ്റെ സ്ഥലപരിമിതി മൂലം മഞ്ഞുമ്മൽ സി.ആർ.സി.യിലേക്കും പിന്നീട് ഏതാനും മാസത്തേക്ക് കലൂരിലേക്കും പറിച്ചുനടപ്പെട്ട പി.ഒ.സിക്ക് 1970 ഡിസംബർ 12-ാം തീയതി പാലാരിവട്ടത്ത് സ്ഥിരകേന്ദ്രവും സംവിധാനങ്ങളും സംലഭ്യമായി. മുൻപേ പറന്ന പക്ഷി കേരളസമൂഹത്തിൻ്റെ പൊതുനന്മയ്ക്കായും ക്രൈസ്തവ വിശ്വാസത്തിൻ്റെയും ജീവിതത്തിൻ്റെയും ചാലക ശക്തിയായും നിലകൊള്ളുന്ന കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ ആസ്ഥാന കേന്ദ്രമെന്ന നിലയിൽ കഴിഞ്ഞ 53 വർഷങ്ങളായി നാടിൻ്റെ പുണ്യമായി നിലകൊള്ളുന്ന പി.ഒ.സി യുടെ തുടക്കക്കാലത്തെ അമരക്കാരൻ എന്ന നിലയിൽ ബഹു. ഫാ. ഡോമിനിക് ഫെർണാണ്ടസ് ദെ മെൻഡിയോള കേരളത്തിന് മറക്കാനാവാത്ത വ്യക്തിത്വമാണ്. അടിത്തറയുടെ ബലമാണ് ഭവനത്തിൻ്റെ ബലം. മുമ്പേ പോയ ദീർഘവീക്ഷണമുള്ളവരുടെ ഔദാര്യം പറ്റുന്നവരാണ് പിൻതലമുറക്കാരെല്ലാം.കേരളസഭയ്ക്കും സമൂഹത്തിനും വേണ്ടി അമൂല്യശുശ്രൂഷ ചെയ്ത ഫാ. ഡോമിനിക് ഫെർണാണ്ടസ് ദെ മെൻഡിയോളയച്ചന് കേരള മണ്ണിൻ്റെ ആദരാഞ്ജലികൾ….!!!കേരളസഭയുടെ ഹൃദയംനിറഞ്ഞ നന്ദി…!!!ദൈവസന്നിധിയിൽ വിശ്രമിക്കുക…!!!

ഫാ.ജോഷി മയ്യാറ്റിൽ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group