വഖഫ് ബില്‍ പിൻവലിക്കണമെന്ന് കേരളം; സംസ്ഥാനത്തിൻ്റെ അധികാര പരിധി കടന്ന് തയാറാക്കിയ ബില്ലെന്ന് കത്ത്

വഖഫ് ബില്‍ പിൻവലിക്കണമെന്ന ആവശ്യവുമായി കേരളം. സംസ്ഥാനത്തിൻ്റെ അധികാര പരിധി കടന്ന് തയാറാക്കിയതാണ് വഖഫ് ബില്ലെന്ന് ചൂണ്ടിക്കാട്ടി കേരള സർക്കാർ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിനു കത്തു നല്‍കി.

വഖഫ് ബില്‍ പരിഗണിക്കുന്ന സംയുക്ത പാർലമെന്ററി സമിതിയെ അഭിപ്രായം അറിയിച്ചതിനു പുറമേയാണ് സംസ്ഥാന വഖഫ് ഹജ്ജ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ കേന്ദ്രന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജുവിനെ നേരിട്ടുകണ്ട് വിയോജിപ്പ് അറിയിച്ചത്. ഇതുള്‍പ്പെടെ ബില്ലിന്റെ കാര്യത്തില്‍ സംസ്ഥാന സർക്കാരിനുള്ള വിയോജിപ്പുകള്‍ വിശദീകരിച്ചാണ് കത്ത്.

ഫെഡറല്‍ തത്വങ്ങള്‍ക്കും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അധികാര വിഭജന തത്വത്തിനും എതിരാണെന്ന വിമർശിച്ച കേരളം ബില്‍ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. വഖഫുമായി ബന്ധപ്പെട്ട കേന്ദ്ര കൗണ്‍സില്‍, സംസ്ഥാന ബോർഡുകള്‍, ട്രൈബ്യൂണല്‍ തുടങ്ങിയ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുന്നതാണ് വ്യവസ്ഥകള്‍, നിയമത്തിനു കീഴിലുള്ള പല സ്ഥാപനങ്ങളുടെയും അധികാരം കവർന്നെടുക്കുന്ന സാഹചര്യമുണ്ടാകും, വ്യവസ്ഥകള്‍ ദുരുദ്ദേശ്യപരമാണ്.

സമ്ബൂർണ ഭേദഗതിയുടെ ആവശ്യമെന്താണെന്നും വ്യക്തമാക്കിയിട്ടില്ല. വഖഫ് സ്വത്തിനെ പൊതുസ്വത്തായി കരുതാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടുന്നു. വഖഫ് എന്നതു ഇസ്‍ലാമിക സങ്കല്‍പമാണ്. മുസ്‌ലിം വ്യക്തി നിയമം അതംഗീകരിച്ചിട്ടുണ്ട്. മതത്തിന്റെ അടിസ്ഥാന സിദ്ധാന്തത്തെ മറികടന്നൊരു നിയമം നിർമിക്കാൻ പാർലമെന്റിന് അധികാരമില്ല.

വ്യക്തിനിയമത്തിന് എതിരായ നിയമം പാർലമെന്റ് പാസാക്കുന്നത് ഭരണഘടനാവിരുദ്ധമാണ്. കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ബാധകമാകുന്ന പൊതു പട്ടികയില്‍ (കണ്‍കറന്റ് ലിസ്റ്റ്) പെടുന്നതിനാല്‍ ബില്‍ പാർലമെന്റില്‍ അവതരിപ്പിക്കുന്നതിനു മുൻപ് സംസ്ഥാന സർക്കാരുകളുടെ അഭിപ്രായവും കണക്കിലെടുക്കണമായിരുന്നുവെന്നും കേരളം നല്‍കിയ പ്രതികരണത്തില്‍ പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group