കേരളത്തിൽ ആദ്യ പ്രൊസ്തെറ്റിക് ഓർത്തോട്ടിക് ബിരുദ കോഴ്സ് നിപ്‌മറിൽ തുടങ്ങുന്നു: മന്ത്രി ഡോ. ബിന്ദു

കേരളത്തില്‍ ആദ്യമായി ബാച്ചിലർ ഇൻ പ്രൊസ്‌തെറ്റിക് ആൻഡ് ഓർത്തോട്ടിക് ഡിഗ്രി കോഴ്‌സ് നിപ്മറില്‍ ആരംഭിക്കുകയാണെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.നാലര വർഷത്തെ ബാച്ചിലർ ഇൻ പ്രൊസ്‌തെറ്റിക് ഓർത്തോട്ടിക് ബിരുദ കോഴ്‌സ് (ബി പി ഒ) ആണ് സംസ്ഥാന സാമൂഹ്യനീതി വകുപ്പിനു കീഴിലെ സ്വയംഭരണസ്ഥാപനമായ നിപ്മറില്‍ ആരംഭിക്കുന്നത്. കൃത്രിമ കൈകാലുകള്‍, വീല്‍ ചെയറുകള്‍, ഭിന്നശേഷിക്കാർക്കും വയോജനങ്ങള്‍ക്കുമുള്ള സഹായക ഉപകരണങ്ങള്‍ എന്നിവയുടെ ആവശ്യകതാ നിർണ്ണയം, ഗുണമേന്മാ നിർണ്ണയം, ഉത്പാദനം എന്നിവയില്‍ പ്രൊഫഷണല്‍ പരിശീലനം നല്‍കുന്ന കോഴ്‌സാണിത്.

മെഡിക്കല്‍ കോളേജുകള്‍, ജില്ലാ ആശുപത്രികള്‍, ആർട്ടിഫിഷ്യല്‍ ലിമ്ബ് സെന്ററുകള്‍ എന്നിവയില്‍ മികച്ച തൊഴില്‍ സാധ്യതയുള്ള പ്രൊഫഷണല്‍ ബിരുദമാണ് ബി.പി.ഒ. വിദേശത്തും മികച്ച തൊഴില്‍സാധ്യതയുണ്ട്. ദേശീയതലത്തില്‍ ആർസിഐ അംഗീകാരമുള്ള അറുനൂറ് ബിരുദധാരികള്‍ മാത്രമേയുള്ളു. കേരളത്തില്‍ ഈ ബിരുദമുള്ളവരുടെ എണ്ണം അറുപതില്‍ താഴെയാണ്.

ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ എല്‍ബിഎസിനാണ് പ്രവേശനച്ചുമതല. തുടക്കത്തില്‍ 20 കുട്ടികള്‍ക്കാണ് പ്രവേശനം നല്‍കുക. പ്ലസ് ടു തലത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ പഠിച്ചവർക്കാണ് യോഗ്യത. പാരാ മെഡിക്കല്‍ കോഴ്‌സുകള്‍ക്കായി എല്‍ബിഎസില്‍ ഇതിനകം തന്നെ രജിസ്റ്റർ ചെയ്തിട്ടുള്ളവർ ഈ കോഴ്‌സിന് ഓപ്ഷൻ നല്‍കണമെന്ന് മന്ത്രി ഡോ. ബിന്ദു അറിയിച്ചു. റീഹാബിലിറ്റേഷൻ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള കോഴ്‌സിന്റെ അക്കാദമിക് നിയന്ത്രണം കേരളാ ഹെല്‍ത്ത് സയൻസ് സർവ്വകലാശാലക്കാണ്. പ്രവേശന നടപടികള്‍ ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group