കൊച്ചി കാക്കനാട് കേന്ദ്രമാക്കി മയക്ക് മരുന്ന് വില്‍പ്പന; പ്രധാനി എക്സൈസ് പിടിയില്‍

കാക്കനാട് കേന്ദ്രമാക്കി ഇരുചക്ര വാഹനത്തില്‍ കറങ്ങി നടന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിദ്യാർത്ഥി വിദ്യാർത്ഥിനികള്‍ യുവതി യുവാക്കള്‍ എന്നിവർക്ക് മയക്ക് മരുന്ന് എത്തിച്ച്‌ നല്‍കിയിരുന്ന പ്രധാനി പിടിയില്‍.

കാക്കനാട് അത്താണി സ്വദേശി വലിയപറമ്പൽ വീട്ടിൽ അബ്ദുള്ളകോയ മകൻ സുനീർ വി.എ (34 വയസ്സ്) എന്നയാളെയാണ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് (സീസ്) ടീം, എക്സൈസ് ഇൻ്റലിജൻസ്, മാമല എക്സൈസ് റേഞ്ച് എന്നിവരുടെ സംയുക്ത നീക്കത്തിൽ പിടിയിലായത്.

ഇയാളുടെ പക്കൽ നിന്ന് ക്രിസ്റ്റൽ രൂപത്തിലുള്ള അത്യന്തം വിനാശകാരിയായ 34.5 ഗ്രാം മെത്താംഫിറ്റാമിൻ കണ്ടെടുത്തു. മയക്ക് മരുന്ന് ഇടപാടിനായി ഉപയോഗിച്ചിരുന്ന സ്കൂട്ടറും എക്സൈസ് കസ്റ്റഡിയിൽ എടുത്തു. ഇയാളുടെ പക്കൽ നിന്ന് തീരെ ചെറിയ സിപ് ലോക്ക് കവറുകളിൽ വിവിധ അളവുകളിൽ അടക്കം ചെയ്ത നിലയിൽ ആണ് മയക്ക് മരുന്നുകൾ കണ്ടെടുത്തത്.

കൂടുതൽ സമയം ഉൻമേഷത്തോടെ ഉണർന്നിരുന്ന് പ്രവർത്തിക്കാൻ കഴിയുമെന്നും ബുദ്ധി കൂടുതൽ ഷാർപ്പ് ആകുമെന്നും മറ്റും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് വിദ്യാർത്ഥികൾ അടക്കമുള്ള യുവതിയുവാക്കളെ ഇയാൾ ഇതിലേക്ക് ആകർഷിച്ചിരുന്നത്. ബാംഗ്ലൂരിൽ നിന്ന് ഇടനിലക്കാർ ഇല്ലാതെ നേരിട്ട് മയക്ക് മരുന്ന് കൊച്ചിയിൽ എത്തിച്ച് ഇയാൾ തന്നെ ആവശ്യക്കാർക്ക് നേരിട്ട് വിൽപ്പന നടത്തി വരുകയായിരുന്നു.

പിടിക്കപ്പെടാതിരിക്കാനാണ് മയക്ക് മരുന്ന് ഇടപാട് ഇടനിലക്കാരില്ലാതെ നേരിട്ട് വിൽപ്പന നടത്തിയിരുന്നതെന്ന് ഇയാൾ വെളിപ്പെടുത്തി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ, ഈ അടുത്ത് ബാംഗ്ലൂർ സ്വദേശിയിൽ നിന്ന് കാർ തട്ടിയെടുത്ത് മറിച്ച് വിൽപ്പന നടത്തിയതിന് ഇയാളെ കർണ്ണാടക പോലീസ് പിടി കൂടിയിരുന്നു.

അതേ തുടർന്ന് ബാംഗ്ലൂരിൽ ജയിൽ ആയിരുന്ന ഇയാൾ ഒരു മാസം മുമ്പാണ് പുറത്തിറങ്ങിയത്. ബ്ലാംഗ്ലൂർ ജയിൽ വച്ച് പരിചയപ്പെട്ട കർണ്ണാടക സ്വദേശിയിൽ നിന്നാണ് ഇയാൾ വൻ തോതിൽ മയക്ക് മരുന്ന് കൊച്ചിയിലേക്ക് എത്തിച്ചിരുന്നത് എന്നാണ് ഇയാളുടെ മൊഴി. നേരത്തെ എറണാകുളം കലൂരിലെ ഒരു അപ്പാർട്ട്മെൻറിൽ നിന്ന് ഇയാൾ അടക്കം മൂന്ന് പേരെ പോലീസ് മയക്കുമരുന്നുമായി അറസ്റ്റ് ചെയ്തിരുന്നു. ബാംഗ്ലൂരിൽ നിന്ന് വൻതോതിൽ മയക്ക് മരുന്ന് എത്തിച്ച് കൊച്ചി കാക്കനാട് കേന്ദ്രമാക്കി വിൽപ്പന നടത്തുന്നയാളെ കുറിച്ചുള്ള രഹസ്യ വിവരം നേരത്തെ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് ടീമിന് ലഭിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് തലവൻ അസ്സി. കമ്മീഷണർ ടി. അനികുമാറിൻ്റെ മേൽ നോട്ടത്തിലുള്ള പ്രത്യേക ടീം ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു. കാക്കനാട് ഇൻഫോപാർക്ക് ഭാഗത്ത് ഇയാൾ മയക്ക് മരുന്ന് കൈമാറുന്നതിന് എത്തിയിട്ടുണ്ടെന്ന് മനസ്സിലാക്കിയ എക്സൈസ് സംഘം ഇയാൾ സഞ്ചരിച്ച ഇരുചക്ര വാഹനം കണ്ടെത്തുകയും തുടർന്ന് ഇയാളുടെ വാഹനത്തെ രഹസ്യമായി പിൻതുടർന്ന് ഇൻഫോപാർക്കിന് കിഴക്ക് വശം പിണർമുണ്ട എന്ന സ്ഥലത്ത് എത്തിയപ്പോൾ ഇയാളെ വളയുകയായിരുന്നു.

പിടിയിലാകുമെന്ന് ഉറപ്പായപ്പോൾ ഇയാൾ ടൂവിലർ ഉപേക്ഷിച്ച് രക്ഷപെടാൻ ശ്രമിച്ചെങ്കിലും എക്സൈസ് സംഘം പിടി കൂടി. ബാംഗ്ലൂരിൽ നിന്ന് ഗ്രാമിന് 800 രൂപക്ക് വാങ്ങുന്ന ഈ മയക്ക് മരുന്ന് ഇവിടെ കൊണ്ട് വന്ന് 3000- മുതൽ 5000 രൂപ വരെയുള്ള നിരക്കിൽ വിൽപ്പന നടത്തി വരുകയായിരുന്നു. ഇത്തരത്തിലുള്ള മയക്ക് മരുന്ന് രണ്ട് ഗ്രാം വരെ കൈവശം വയ്ക്കുന്നത് 10 വർഷത്തെ കഠിന തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

ഈ മയക്കു മരുന്നിൻ്റെ ഉറവിടം സംബന്ധിച്ചും കൂടാതെ ഇയാളുടെ മയക്ക് മരുന്ന് ഇടപാടിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നതിനെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തുമെന്നും സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് തലവൻ അസ്സി. കമ്മീഷണർ ടി. അനികുമാർ അറിയിച്ചു.

മാമല റേഞ്ച് ഇൻസ്പെക്ടർ കലാധരൻ വി, സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡിലെ പ്രിവൻ്റീവ് ഓഫീസർ എൻ.ഡി. ടോമി, ഇൻ്റലിജൻസ് പ്രിവൻ്റീവ് ഓഫീസർ എൻ.ജി അജിത്ത് കുമാർ, മാമല റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർമാരായ സാബു വർഗ്ഗീസ്, പി.ജി. ശ്രീകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ടി.എൻ ശശി,അനിൽ കുമാർ, റസീന, എ.ബി.സുരേഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group