പ്ലസ് വൺ അപേക്ഷ 16 മുതൽ, ആദ്യ അലോട്ട്മെന്റ് ജൂൺ അഞ്ചിന്; ക്ലാസുകൾ ജൂൺ 24

പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷകള്‍ മേയ് 16 മുതല്‍ ഓണ്‍ലൈനായി സമർപ്പിക്കാവുന്നതാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻ കുട്ടി.

അപേക്ഷ ഓണ്‍ലൈനായി സമർപ്പിക്കുവാനുള്ള അവസാന തീയതി മേയ് 25 ആണ്. ജൂണ്‍ 24 ന് പ്ലസ് വണ്‍ ക്ലാസ്സുകള്‍ ആരംഭിക്കും

ഏകജാലക അഡ്മിഷൻ ഷെഡ്യൂള്‍

ട്രയല്‍ അലോട്ട്‌മെന്റ് തീയതി : മേയ് 29

ആദ്യ അലോട്ട്‌മെന്റ് തീയതി : ജൂണ്‍ 5

രണ്ടാം അലോട്ട്‌മെന്റ് തീയതി : ജൂണ്‍ 12

മൂന്നാം അലോട്ട്‌മെന്റ് തീയതി : ജൂണ്‍ 19

മുഖ്യഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളില്‍ പ്രവേശനം ഉറപ്പാക്കി 2024 ജൂണ്‍ 24 ന് പ്ലസ് വണ്‍ ക്ലാസ്സുകള്‍ ആരംഭിക്കുന്നതാണ്. കഴിഞ്ഞ വർഷം ജൂലായ് അഞ്ചിനായിരുന്നു ക്ലാസുകള്‍ ആരംഭിച്ചത്. മുഖ്യഘട്ടം കഴിഞ്ഞാല്‍ പുതിയ അപേക്ഷകള്‍ ക്ഷണിച്ച്‌ സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകള്‍ നികത്തി 2024 ജൂലൈ 31 ന് പ്രവേശന നടപടികള്‍ അവസാനിപ്പിക്കുന്നതായിരിക്കും.

ഈ വർഷത്തെ പ്രധാന മാറ്റങ്ങള്‍

പ്രവേശന മാനദണ്ഡമായ വെയിറ്റഡ് ഗ്രേഡ് പോയിന്റ് ആവറേജ് തുല്യമായി വരുന്ന സാഹചര്യത്തില്‍ അക്കാദമിക മെറിറ്റിന് മുൻ തൂക്കം ലഭിക്കുന്ന തരത്തില്‍ ഗ്രേസ് മാർക്കിലൂടെയല്ലാതെയുള്ള അപേക്ഷകനെ റാങ്കില്‍ ആദ്യം പരിഗണിക്കുന്നതാണ്.

പട്ടിക വർഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവർത്തിക്കുന്ന പതിനാല് (14) മോഡല്‍ റെസിഡെൻഷ്യല്‍ ഹയർസെക്കണ്ടറി സ്‌കൂളുകളിലെ പ്രവേശനം ഈ വർഷം മുതല്‍ ഏകജാലക സംവിധാനത്തിലൂടെ ആയിരിക്കും. പ്രസ്തുത സ്‌കൂളുകളിലേയ്ക്ക് ഒറ്റ അപേക്ഷ ഓണ്‍ലൈനായി സ്വീകരിച്ച്‌ നിർദ്ദിഷ്ട പ്രവേശന ഷെഡ്യൂള്‍ പ്രകാരം അലോട്ട്‌മെന്റ് പ്രക്രിയയിലൂടെ പ്രവേശനം സാധ്യമാക്കുന്നതാണ്.

2024-25 അധ്യയന വർഷം പ്ലസ്‌വണ്‍ പ്രവേശനം കുറ്റമറ്റതാക്കുന്നതിനും ഉപരി പഠനത്തിന് യോഗ്യത നേടിയ എല്ലാ വിദ്യാർഥികളുടേയും പ്രവേശനം ഉറപ്പാക്കുന്നതിനും അലോട്ട്‌മെന്റ് പ്രക്രിയയുടെ ആരംഭത്തില്‍ തന്നെ സർക്കാരിന് അധിക സാമ്ബത്തിക ബാധ്യത ഉണ്ടാകാത്ത വിധത്തില്‍ ചുവടെ പ്രതിപാദിക്കും പ്രകാരം മാർജിനല്‍ സീറ്റ് വർദ്ധനവ് അനുവദിക്കുന്നതാണ്.

തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്,കണ്ണൂർ,കാസർഗോഡ് എന്നീ ഏഴ് ജില്ലകളില്‍ എല്ലാ സർക്കാർ സ്‌കൂളുകളിലും 30 % സീറ്റ് വർദ്ധനവ്. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകളില്‍ എല്ലാ എയ്ഡഡ് സ്‌കൂളുകളിലും 20% സീറ്റ് വർദ്ധനവ്. ഇതിനുപരിയായി ആവശ്യപ്പെടുന്ന എയ്ഡഡ് സ്‌കൂളുകള്‍ക്ക് 10 % കൂടി മാർജിനല്‍ സീറ്റ് വർദ്ധനവ്.

കൊല്ലം, എറണാകുളം ,തൃശ്ശ്യൂർ എന്നീ മൂന്ന് ജില്ലകളില്‍ എല്ലാ സർക്കാർ ,എയ്ഡഡ് ഹയർസെക്കണ്ടറി സ്‌കൂളുകളിലും 20 % മാർജിനല്‍ സീറ്റ് വർദ്ധനവ്. ആലപ്പുഴ ജില്ലയിലെ അമ്ബലപ്പുഴ, ചേർത്തല താലൂക്കുകളിലെ എല്ലാ സർക്കാർ ,എയ്ഡഡ് ഹയർസെക്കണ്ടറി സ്‌കൂളുകളിലും 20 % മാർജിനല്‍ സീറ്റ് വർദ്ധനവ്. മറ്റ് മൂന്ന് ജില്ലകളായ പത്തനംതിട്ട , കോട്ടയം , ഇടുക്കി എന്നീ ജില്ലകളില്‍ മാർജിനല്‍ സീറ്റ് വർദ്ധനവ് ഇല്ല. 2022-23 അധ്യയന വർഷം താല്‍ക്കാലികമായി അനുവദിച്ച 77 ബാച്ചുകളും ഷിഫ്റ്റ് ചെയ്ത 4 ബാച്ചുകളും കൂടി ചേർന്ന 81 ബാച്ചുകളും 2023-24 അധ്യയന വർഷം താല്‍ക്കാലികമായി അനുവദിച്ച 97 ബാച്ചുകളും ഈ വർഷം കൂടി തുടരുന്നതാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m