ഡ്രൈവിംഗ് ടെസ്റ്റ് ഇനി അടിമുടി മാറും; ഉത്തരവിറക്കി ഗതാഗത വകുപ്പ്; മാറ്റങ്ങളെക്കുറിച്ച്‌ അറിയേണ്ടതെല്ലാം

ഡ്രൈവിംഗ് ടെസ്റ്റില്‍ കാലോചിതമായ മാറ്റവുമായി മോട്ടോർ വാഹന വകുപ്പ്. മെയ് 1 മുതലാണ് പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരിക.

ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്. ഗതാഗത മന്ത്രിയായി കെ.ബി.ഗണേഷ് കുമാർ ചുമതലയേറ്റതിന് ശേഷമുള്ള പരിഷ്ക്കാരങ്ങളുടെ ഭാഗമായിട്ടാണ് ഡ്രൈവിംഗ് ടെസ്റ്റിലും മാറ്റങ്ങള്‍ വരുന്നത്.

പതിനഞ്ച് കൊല്ലത്തിന് മുകളില്‍ പഴക്കമുള്ള വാഹനങ്ങള്‍ ഇനി മുതല്‍ ഡ്രൈവിംഗ് ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ല. വാഹനങ്ങളുടെ കാലപ്പഴക്കം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിശോധിച്ച്‌ ഉറപ്പാക്കണം. നിലവില്‍ 15 കൊല്ലത്തിലധികം പഴക്കമുള്ള വാഹനങ്ങളാണ് ഡ്രൈവിംഗ് സ്കൂളുകള്‍ ടെസ്റ്റിനായി കൊണ്ടുവരുന്നത്. 15 വർഷത്തിന് മുകളില്‍ പഴക്കമുള്ള വാഹനങ്ങള്‍ മെയ് 1 മുതല്‍ ഒഴിവാക്കാനാണ് നിർദേശം.

ഇരുചക്ര വാഹന ലൈസൻസിന് വേണ്ടിയുള്ള വേണ്ടിയുള്ള ഡ്രൈവിംഗ് ടെസ്റ്റ് അടിമുടി പരിഷ്‌കരിച്ചു. കൈയ്യില്‍ ഗിയറുള്ള M80 സ്‌കൂട്ടറാണ് മിക്ക ഡ്രൈവിംഗ് സ്‌കൂളുകാരും ടെസ്റ്റിന് എത്തിക്കുന്നത്. ഏറെ കാലപ്പഴക്കമുള്ളതാണ് ഈ വാഹനം. എന്നാല്‍ നിലവില്‍ ഒരു കമ്ബനിയും കൈയ്യില്‍ ഗിയറുള്ള സ്‌കൂട്ടര്‍ ഇറക്കുന്നില്ല. പുറത്തിറങ്ങുന്ന ഗിയറുള്ള ഇരുചക്ര വാഹനങ്ങളിലെല്ലാം അത് മാറ്റാനുള്ള സംവിധാനം കാലില്‍ ആണുള്ളത്. അതുകൊണ്ട് തന്നെ M80 സ്കൂട്ടർ ടെസ്റ്റില്‍ നിന്നും ഒഴിവാക്കും.

ഇനി മുതല്‍ കാലില്‍ ഗിയറുള്ള ഇരുചക്ര വാഹനങ്ങള്‍ ഡ്രൈവിംഗ് ടെസ്റ്റിന് ഉപയോഗിക്കണം. ഇതാണ് പുതിയ ഉത്തരവിലെ ഏറ്റവും പ്രധാനപ്പെട്ട പരിഷ്‌കാരം. കൈ കൊണ്ട് ഗിയർ മാറ്റാനുള്ള വണ്ടി ഓടിച്ച്‌ പഠിച്ച്‌, അതില്‍ ലൈസൻസ് എടുത്ത ശേഷം, കാലില്‍ ഗിയർ ഇടാൻ ശ്രമിക്കുന്നത് അപകടകരമാകുമെന്നാണ് മോട്ടോർ വാഹന വകുപ്പിൻ്റെ വിലയിരുത്തല്‍.

4 ചക്രങ്ങളുള്ള ലൈറ്റ് മോട്ടോർ വെഹിക്കിള്‍ ലൈസന്‍സിന് ഓട്ടോമറ്റിക് ഗിയറുള്ള കാര്‍ ഉപയോഗിക്കാള്‍ പാടില്ല എന്നതാണ് മറ്റൊരു മാറ്റം. ഗിയറുള്ള കാറില്‍ തന്നെയാകണം ടെസ്റ്റ്. ഇനിമുതല്‍ വാഹനങ്ങളുടെ റോഡ് ടെസ്റ്റ് റോഡില്‍ തന്നെ നടത്തണം. ടെസ്റ്റ് കേന്ദ്രങ്ങളില്‍ തന്നെ റോഡ് ടെസ്റ്റ് നടത്തുന്നത് ഇനി നിയമ വിരുദ്ധമാകും. ഇത് ലംഘിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയും വരും. ഇരുചക്രവാഹനങ്ങളുടെ ടെസ്റ്റ് റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കുകയും വേണം.

ലൈന്‍സിനായി ഡ്രൈവിംഗ് സ്‌കൂളുകള്‍ കൊണ്ടു വരുന്ന കാറുകള്‍ക്ക് ഡാഷ് ക്യാമറ നിര്‍ബന്ധമാക്കും. ടെസ്റ്റും ക്യാമറയില്‍ റിക്കോര്‍ഡ് ചെയ്യണം. ലൈസന്‍സ് ടെസ്റ്റിന് ശേഷം ഈ ക്യാമറയുടെ മെമ്മറി കാര്‍ഡ് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ വാങ്ങി വീഡിയോ സേവുചെയ്ത് സൂക്ഷിക്കണം. ഡാഷ് ക്യാമറ സ്ഥാപിക്കേണ്ടത് ഡ്രൈവിംഗ് സ്‌കൂളുകാരുടെ ഉത്തരവാദിത്തമായിരിക്കും. ഈ പരിഷ്ക്കാരത്തിലൂടെ ലൈസന്‍സ് ടെസ്റ്റിലെ അഴിമതി പാടേ തൂത്തെറിയാമെന്നാണ് ഗതാഗത മന്ത്രിയുടെയും വകുപ്പിൻ്റെയും വിലയിരുത്തല്‍.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group