റുവാണ്ടയിൽ 1994- ൽ നടന്ന വംശഹത്യയിൽ നിന്ന് രക്ഷപ്പെട്ട ക്രിസ്ത്യൻ യുവതി ഇമ്മാക്കുലി ഇല്ലി ബെഗിസയുടെ ജീവിതകഥ..

ആഫ്രിക്കയിലെ റുവാണ്ടയിലെ ഒരു ചെറിയ ഗ്രാമത്തിലാണ് ഇമ്മാക്കുലീ ഇല്ലി ബെഗിസ ജനിച്ചതും വളർന്നതും. സ്‌നേഹസമ്പന്നരായ മാതാപിതാക്കളോടും മൂന്ന് സഹോദരങ്ങളോടുമൊപ്പം അവൾ സമാധാനപരമായ ഒരു ബാല്യകാലം ആസ്വദിച്ചു. അവളുടെ വീട്ടിൽ വിദ്യാഭ്യാസം വളരെ പ്രധാനമായിരുന്നു, അതിനാൽ അവൾ സ്കൂളിൽ നന്നായി പഠിക്കുകയും ഇലക്ട്രിക്കൽ, മെക്കാനിക്കൽ എഞ്ചിനീയറിംഗ് പഠിക്കാൻ റുവാണ്ട നാഷണൽ യൂണിവേഴ്സിറ്റിയിൽ പോകുകയും ചെയ്തതിൽ അതിശയിക്കാനില്ല. 1994 ലെ ഈസ്റ്റർ അവധിക്കാലത്ത് അവൾ സ്കൂളിൽ നിന്ന് വീട്ടിലെത്തിയപ്പോഴാണ് ഇമ്മാക്കുലീയുടെ ജീവിതം എന്നെന്നേക്കുമായി മാറിമറിഞ്ഞത് .

1994 ഏപ്രിൽ 6 ന് കിഗാലി വിമാനത്താവളത്തിന് മുകളിൽ വെച്ച് റുവാണ്ടൻ പ്രസിഡന്റ് ജുവനൽ ഹബ്യാരിമാന എന്ന ഹുട്ടുവംശജൻ സഞ്ചരിച്ച വിമാനം വെടിവെച്ച് വീഴ്ത്തപെട്ടതാണ് റുവാണ്ടൻ വംശഹത്യക്ക് കാരണമായത്. ഹുട്ടു വംശജനായ പ്രസിഡന്റിന്റെ ഈ കൊലപാതകം രാജ്യത്തുടനീളമുള്ള ടുട്സി ഗോത്രക്കാരുടെ കൂട്ടക്കൊലകൾക്ക് തുടക്കമിട്ടു. ഇമ്മാക്കുലിയും കുടുംബവും ടുട്സി വംശജരായിരുന്നു. ഹുട്ടു വംശജര്‍ക്കായിരുന്നു റേഡിയോ സ്റ്റേഷന്റ അധികാരം, അവർ റേഡിയോയിലൂടെ ടുട്സി വംശജരെ കൊല്ലാൻ പരസ്യമായി ആഹ്വാനം ചെയ്തു.

കൊള്ളയും, കൊള്ളിവയ്പും, ബലാത്സംഗങ്ങളും, ഭവനഭേദങ്ങളും രാജ്യത്തെങ്ങും അരങ്ങേറി. വംശഹത്യകൾക്ക് എന്നും ഒരേ നിറമാണല്ലോ… തുർക്കിയിൽ അത് അര്‍മേനിയക്കാർക്കെതിരെ ആയിരുന്നെങ്കിൽ; ഇറാഖിൽ അത് യസീദികൾക്കെതിരെ ആയിരുന്നു. ഇതിന്റയെല്ലാം ഫലമോ, വീടും – ധനവും നഷ്ടപ്പെടലും, ചിതറിക്കപ്പെടലുകളും, മാനഹാനിയും, മനുഷ്യക്കുരുതികളും.

തന്റ തൊട്ട് അയൽവക്കത്തുവരെ കലാപകാരികളായ ഹുട്ടു വംശജർ എത്തിയെന്നും തൻ്റെ അയൽവാസികളായ ഹുട്ടു കുടുംബം തങ്ങളെ ഒറ്റിക്കൊടുത്തെന്നും അറിഞ്ഞ ഇമ്മാക്കുലിയുടെ പിതാവ്; ബലാത്സംഗത്തിൽ നിന്നും കൊലപാതകത്തിൽ നിന്നും തന്റെ ഏക മകളെ സംരക്ഷിക്കാൻ, അവളുടെ സംരക്ഷണത്തിനായി തന്റ സുഹൃത്തും ഹുട്ടു വംശജനായ അവിടുത്തെ ഒരു പാസ്റ്ററുടെ വീട്ടിലേക്ക് അവളോട് ഓടിപ്പോകാൻ പറഞ്ഞു. പാസ്റ്ററുടെ വീട്ടിലേക്ക് പോകുന്നതിന് മുമ്പ്, ഇമ്മാക്കുലീയുടെ കത്തോലിക്കാ വിശ്വാസിയായ പിതാവ് അവൾക്ക് തന്റ പക്കലുണ്ടായിരുന്ന പൊട്ടിയ ഒരു ജപമാല നൽകി. അതും കയ്യിൽ പിടിച്ചുകൊണ്ട് അവൾ തന്റ അപ്പന്റ സുഹൃത്തായ പാസ്റ്ററുടെ വീട്ടിലേക്ക് സർവ്വ ശക്തിയുമെടുത്തു ഓടി.

വളരെ കുറഞ്ഞ വിസ്തീർണ്ണമുള്ള ഒരു കുളിമുറിയിലാണ് പാസ്റ്റർ അവളെ ഒളിപ്പിച്ചത്. കഷ്ടിച്ചു രണ്ടു പേർക്ക് നിൽക്കാവുന്ന ആ കുളിമുറിയിലേക്ക്, തന്റെ അടുത്ത് അഭയം തേടിവന്ന മറ്റ് ഏഴു സ്ത്രീകളെക്കൂടി പാസ്റ്റർ കടത്തി വിട്ടു. അതിന്റ വാതിൽ അനേകം പലകകൾ ചേർത്തുവച്ച് ആണിയടിച്ചുറപ്പിച്ചുകൊണ്ട് അങ്ങനെയൊരു മുറി അവിടെയില്ല എന്നൊരു പ്രതീതി സൃഷ്ടിച്ചു. ആഴ്ചയിൽ വല്ലപ്പോഴും പാസ്റ്റർ നൽകുന്ന ബ്രെഡ്ഡും ഒന്നോ രണ്ടോ കുപ്പി വെള്ളവും ആയിരുന്നു അത്രയും പേരുടെ ഭക്ഷണം. ചിലപ്പോൾ അതും ഉണ്ടാകാറില്ലയിരുന്നു.

ഇടുങ്ങിയ ആ കുളിമുറിയിൽ ആയിരിക്കുമ്പോൾ, അവൾക്ക് താൻ തകർന്നതായും എല്ലാം നഷ്ടപ്പെട്ടതായും വലിയ നിരാശയും തോന്നി തുടങ്ങി. അവൾ സ്വയം ദൈവത്തിന് സമർപ്പിച്ചു. അവളുടെ ഉള്ളിലെ ദേഷ്യവും വീടിന് പുറത്തുള്ള തിന്മയും ഇല്ലാതാക്കാനുള്ള ഒരു മാർഗമായി അവൾ ജപമാല ചൊല്ലാൻ തുടങ്ങി. അപ്പൻ കയ്യിൽ വച്ചുകൊടുത്ത പൊട്ടിയ ജപമാലാമണികളിലൂടെ അവൾ ദൈവത്തോട് പ്രാർത്ഥിക്കാനും, തന്നെ സംരക്ഷിക്കാനും, അവളുടെ ഹൃദയത്തിന് സമാധാനം നൽകാനും ദൈവത്തോട് അപേക്ഷിച്ചു. ദിവസങ്ങൾ കഴിയുന്തോറും, തന്റ വംശജരെ കൊലപാതകം ചെയ്യുന്നവരോട് ക്ഷമിക്കാനുള്ള ഒരു കൃപ നൽകണമെന്ന് അപേക്ഷിച്ച് അവൾ ദൈവത്തോട് പ്രാർത്ഥിക്കുകയും ധ്യാനിക്കുകയും ചെയ്തു. സാവധാനം അവൾ ദൈവസാന്നിദ്ധ്യം അനുഭവിക്കാനും അവിടുത്തെ സ്വരം തിരിച്ചറിയാനും തുടങ്ങി.

ആ ചെറിയ കുളിമുറിയിൽ മറ്റ് ഏഴ് സ്ത്രീകളോടൊപ്പം അവൾ 91 ദിവസം ഒളിച്ചു ജീവിച്ചു. അതിനിടയിൽ പലപ്രാവശ്യം കലാപകാരികൾ പാസ്റ്ററുടെ വീട്ടിൽ രക്ഷപ്പെട്ടവരെ തിരഞ്ഞു വന്നു, പക്ഷെ കണ്ടെത്താനായില്ല. വംശഹത്യയ്ക്കിടെ, ഇല്ലി ബെഗിസയ്ക്ക് അവളുടെ പ്രിയപ്പെട്ട അമ്മയെയും പിതാവിനേയും രണ്ട് സഹോദരന്മാരെയും നഷ്ടപ്പെട്ടു.

ഏകദേശം 100 ദിവസത്തെ ഈ കാലയളവിൽ, ടുട്‌സി ന്യൂനപക്ഷ വംശീയ ഗ്രൂപ്പിലെ അംഗങ്ങളും ചില മിതവാദികളായ ഹുട്ടു, ത്വവംശീയരും സായുധ പോരാളികളാൽ കൊല്ലപ്പെട്ടു. 500,000 മുതൽ 662,000 വരെ ടുട്സികൾ ഈ കാലയളവിൽ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകൾ പറയുന്നത്. അനൗദ്യോഗിക കണക്ക് പ്രകാരം സംഖ്യ അതിലും കൂടുതൽ വരും.

വംശീയ കലാപത്തിനുശേഷം ഇല്ലിബെഗീസ അമേരിക്കയിലേക്ക് പോയി. 2013 ൽ അവർക്ക് American citizenship ലഭിച്ചു. ന്യൂയോർക്കിൽ താമസിക്കുന്ന ഇമ്മാക്കുലി റുവാണ്ടയിൽ യുഎന്നിൽ ജോലി ചെയ്തപ്പോൾ കണ്ടുമുട്ടിയ ബ്രയാൻ ബ്ലാക്ക് എന്നയാളെ വിവാഹം കഴിച്ചു. അദ്ദേഹം ഇപ്പോൾ യുണൈറ്റഡ് നേഷൻസ് സേഫ്റ്റി ആൻഡ് സെക്യൂരിറ്റി സർവീസിലെ പ്രത്യേക പ്രവർത്തനങ്ങളുടെ തലവനാണ്. ഇവർക്ക് ഒരു മകനും മകളുമുണ്ട്.

തന്റെ കത്തോലിക്കാ വിശ്വാസം തന്റെ അഗ്നിപരീക്ഷകളിൽ അവളെ നയിച്ചതെങ്ങനെയെന്ന് അനേകരെ അറിയിച്ചു കൊണ്ട് ഇന്ന് ഇല്ലി ബെഗിസ ലോകമെങ്ങും സഞ്ചരിക്കുന്നു. വംശീയകലാപത്തിൽ സ്വന്തമായവരെ നഷ്ട്ടപ്പെട്ട അനേകരെ ആശ്വസിപ്പിച്ചുകൊണ്ടും തങ്ങളെ ഉപദ്രവിച്ചവരോട് ക്ഷമിക്കുവാനും അവരെ സ്നേഹിക്കുവാനും ആഹ്വാനം ചെയ്തുകൊണ്ട് ലോകത്തിൽ ക്രിസ്തുവിന്റ സ്നേഹ സന്ദേശം പ്രചരിപ്പിക്കുകയാണിന്നവർ. U N ന്റ ഔദ്യോഗിക വക്താവാണ് ഇല്ലി ബെഗിസ.

തന്റെ പിതാവിനെ കൊലപ്പെടുത്തിയ വ്യക്തിയെ ജയിലിൽ പോയിക്കണ്ട് അയാളോട് ക്ഷമിക്കുന്നതായി അറിയിച്ച ഇല്ലി ബെഗിസ ക്രിസ്തുവിന്റ സ്നേഹസന്ദേശത്തിന് മാറ്റ് കൂട്ടി. ആ വ്യക്തിയുടെ മുൻപിൽ നിന്നപ്പോൾ ക്രിസ്തു തന്നോട് ഇങ്ങനെ സംസാരിക്കുന്നതായി അവൾക്ക് തോന്നി “അവർ ചെയ്യുന്നത് എന്തെന്ന് അവർ അറിയുന്നില്ല, അവരോട് ക്ഷമിക്കണമേ”. ക്രിസ്തു ക്ഷമിച്ച വ്യക്തിയോട് തനിക്കെങ്ങനെ ക്ഷമിക്കാതിരിക്കാൻ കഴിയും എന്നാണ് ഇതിനോടവർ പ്രതികരിച്ചത്.

കഴിഞ്ഞുപോയ വർഷങ്ങളിൽ നിരവധി പുരസ്‌കാരങ്ങൾ നൽകി ലോകം ഇമ്മാക്കുലിയെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തിട്ടുണ്ട്…

“ഞാൻ വെറുപ്പും കണ്ടിട്ടുണ്ട് സ്നേഹവും കണ്ടിട്ടുണ്ട് എന്നാൽ സ്നേഹമാണ് കൂടുതൽ ശക്തമായത്” – ഇമ്മാക്കുലി ഇല്ലി ബെഗിസ.

കടപ്പാട്:
റോബിൻ സക്കറിയാസ്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group