ക്രിസ്തുവിന്റെ കരുണ നിറഞ്ഞ സ്നേഹത്തിൽ ജീവിക്കുക: ദൈവശാസ്ത്രജ്ഞരോട് ഫ്രാൻസിസ് മാർപാപ്പാ

ക്രിസ്തുവിന്റെ സ്നേഹവും കാരുണ്യവും മനസ്സിലാക്കാൻ സഹായിക്കുന്ന ദൈവശാസ്ത്രം ഏവരിലേക്കും എത്തിക്കാനുള്ള പരിശ്രമങ്ങളുമായി മുന്നോട്ടുപോകാനും, വേദനകളിലൂടെയും ബുദ്ധിമുട്ടുകളിലൂടെയും കടന്നുപോകുന്ന മനുഷ്യരുടെ അന്തസ്സ് ഉയർത്തിക്കാട്ടാനും ദൈവശാസ്ത്രജ്ഞരെ ക്ഷണിച്ച് ഫ്രാൻസിസ് പാപ്പാ.

ഇറ്റലിയിലെ സിസിലിയിൽ വിശുദ്ധ സ്നാപക യോഹന്നാന്റെ നാമത്തിലുള്ള ദൈവശാസ്ത്ര വിഭാഗത്തിന്റെ 2024-2025 അദ്ധ്യായന വർഷം ഉദ്ഘാടനവുമായി ബന്ധപ്പെട്ട്, അയച്ച വീഡിയോ സന്ദേശത്തിലാണ് ദൈവസ്നേഹത്തെക്കുറിച്ചുള്ള പ്രഘോഷണത്തിന് പാപ്പാ ആഹ്വാനം ചെയ്തത്.

സ്വയം പരിത്യജിച്ച്, മനുഷ്യരോടൊപ്പമായിരുന്ന ക്രിസ്തുവിന്റെ കുരിശിന്റെ ഉയരത്തിൽ നിന്ന്, മനുഷ്യർ ജീവിക്കുന്ന യാഥാർഥ്യങ്ങളെ നോക്കിക്കാണാൻ ദൈവശാസ്ത്രജ്ഞർക്ക് സാധിക്കണമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. ക്രിസ്തുവിന്റെ കരുണ നിറഞ്ഞ സ്നേഹത്തെ മറ്റുള്ളവർക്ക് വെളിവാക്കുന്ന ഒരു ദൈവശാസ്ത്രമാണ് നമുക്ക് ആവശ്യമുള്ളത്. മുട്ടിന്മേൽ നിൽക്കുന്ന, സഹനങ്ങളിലൂടെ കടന്നു പോകുന്നവരിലേക്ക് താഴാൻ സാധിക്കുന്ന, ആർദ്രതയുള്ള മനോഭാവമാണ് ദൈവശാസ്ത്രജ്ഞർ സ്വന്തമാക്കേണ്ടത്.

മാഫിയ പോലെയുള്ള സംഘങ്ങളുടെ ശക്തികളുടെ പ്രവർത്തനങ്ങൾ സാധാരണ ജനത്തിന്റെ ജീവിതത്തിൽ ഉളവാക്കുന്ന പ്രശ്നങ്ങളെയും പാപ്പാ വീഡിയോയിൽ പരാമർശിച്ചു. ഈയൊരു തിന്മയ്‌ക്കെതിരെ സ്വജീവൻ നൽകിയും പോരാടുന്നവരെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല. സിസിലിയുടേതുപോലെയുള്ള ഒരു സാഹചര്യത്തിൽ സുവിശേഷപ്രഘോഷണം നീതിയെ പ്രോത്സാഹിപ്പിക്കുന്ന ഒന്നുകൂടിയാകേണ്ടതുണ്ടെന്ന് മാഫിയാ സംഘങ്ങളുടെ തിന്മകളെ പരാമർശിച്ചു കൊണ്ട് പാപ്പാ പ്രസ്താവിച്ചു. അസമത്വങ്ങൾ ഇല്ലാതാക്കാനും, അതിക്രമങ്ങളുടെ ഇരകളാകുന്നവരെ സംരക്ഷിക്കാനും ശ്രമിക്കുന്നതുവഴി ജീവന്റെ സുവിശേഷം അറിയപ്പെടട്ടെയെന്നും, തിന്മ എല്ലായിടങ്ങളിലും നിന്ന് നീക്കം ചെയ്യപ്പെടട്ടെയെന്നും പാപ്പാ ആശംസിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group