നേപ്പാളിലെ എയിഡ്സ് രോഗികളുടെ ഇടയിൽ വെളിച്ചമായി മലയാളി കന്യാസ്ത്രീ…

സമൂഹം മാറ്റിനിർത്തപ്പെട്ട ജീവിതങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവർക്ക് വെളിച്ചമായി മാറുകയാണ് മലയാളി കന്യാസ്ത്രീയായ സിസ്റ്റർ ദീപ നീറുവേലിൽ.

ഇരുപത്തിയെട്ടു വർഷം മുമ്പ് നാടും വീടും ഉപേക്ഷിച്ച് സിസ്റ്റർ ഇറങ്ങിപ്പുറപ്പെട്ടത് നേപ്പാളിലേയ്ക്ക്…സമൂഹം മാറ്റിനിർത്തിയിരിക്കുന്നവരെ ചേർത്തുനിർത്താൻ വേണ്ടി നേപ്പാളിൽ, കഴിഞ്ഞ ഇരുപത്തിയെട്ടു വർഷങ്ങളായി ശുശ്രൂഷ ചെയ്യുകയാണ് സി. ദീപ നീറുവേലിൽ SABS

കാഞ്ഞിരപ്പള്ളി രൂപതയിലെ, മുറിഞ്ഞപുഴ ഇടവകയിൽ നീറുവേലിൽ കുടുംബത്തിലെ ഏഴു മക്കളിൽ നാലാമത്തെ മകളായിരുന്നു ലില്ലിക്കുട്ടി എന്ന സി. ദീപ. പ്രീഡിഗ്രി പഠനത്തിനു ശേഷം ആരാധനാ സന്യാസിനീ സമൂഹത്തിലെ അംഗമായി മാറിയപ്പോൾ ഉള്ളിൽ നിറഞ്ഞുനിന്നത്, തനിക്ക് പന്ത്രണ്ട് വയസ്സുള്ളപ്പോൾ കാണാനിടയായ ‘മിശിഹാചരിത്രം സിനിമയിലെ കുഷ്ഠരോഗിയുടെ പിന്നാലെ പോകുന്ന ക്രിസ്തുവിനെ! പഠനം പൂർത്തിയാക്കി വ്രതം സ്വീകരിച്ച ഈ സന്യാസിനി ജോലി ചെയ്തത് കാഞ്ഞിരപ്പള്ളി രൂപതയിലെ വിവിധ സ്കൂളുകളിൽ.
ഗതാഗതസൗകര്യങ്ങളോ, വിദ്യുച്ഛക്തിയോ ഇല്ലാതിരുന്ന തുലാപ്പള്ളി എന്ന സ്ഥലത്തെ ഒരു എയ്ഡഡ് സ്കൂളിലും ആയിരുന്നു 10 വർഷം സേവനമനുഷ്ഠിച്ചത്. പിന്നീട് അവിടെ നിന്നും ജോലി രാജി വച്ചിട്ടാണ് മിഷൻ പ്രവർത്തനത്തിനായി നേപ്പാളിലെ കാഠ്മണ്ഡുവിലെത്തുന്നത്.

രാജഭരണം നിലനിൽക്കുന്ന നേപ്പാളിന്റെ സംസ്കാരവും ഭാഷയും വശമില്ലെന്നു മാത്രമല്ല, കടുത്ത സാമ്പത്തിക ക്ലേശങ്ങളും പിന്തുടർന്നിരുന്നു. ലോകം ഭീതിയോടെ ഉറ്റുനോക്കിയിരുന്ന മരണ വൈറസിന്റെ എച്ച്.ഐ.വിയുടെ – സംഹാരതാണ്ഡവം ആയിരുന്നു അപ്പോൾ അവിടെ. പ്രിയപ്പെട്ടവരാൽ വിൽക്കപ്പെട്ട് ബോംബെയിലെ ചുവന്ന തെരുവുകളിൽ അലഞ്ഞുതിരിഞ്ഞതിനു ശേഷം നേപ്പാളിലേക്ക് മടങ്ങിയെത്തിയവരും ധാരാളം; കൂടെ എച്ച്.ഐ വി. ബാധിച്ച കുഞ്ഞുങ്ങളും.ആരും അവരെ സ്വീകരിക്കാനുണ്ടായിരുന്നില്ല. എന്നാൽ ഇവരെ സ്വന്തം ഹൃദയത്തിൽ ഏറ്റുവാങ്ങിയ സി. ദീപ, അവർക്കായി ഒരു ചെറിയ വീട് സംഘടിപ്പിച്ചു. സി. ദീപയുടെ ഈ സാഹസികതയെ പലരും എതിർത്തു. കാരണം മരണവും അപമാനവും മാത്രം പ്രതിഫലം കിട്ടുന്ന ഈ ശുശ്രൂഷ എല്ലാവരിലും ഭയം ജനിപ്പിച്ചിരുന്നു. ദൈവത്തിൽ ആശ്രയിച്ച് പ്രാർത്ഥനാപൂർവ്വം മുന്നേറിയപ്പോൾ ദൈവം അവളുടെ മുന്നിൽ പല വാതിലുകളും തുറന്നുകൊടുത്തു.ദൈവത്തിന്റെ പ്രിയപ്പെട്ടവർക്കു വേണ്ടി ദൈവം അയക്കുന്ന ദൂതന്മാർ നമ്മുടെ വഴികളിൽ അത്ഭുതം നിറയ്ക്കും എന്ന് സിസ്റ്റർ തന്റെ അനുഭവങ്ങളിൽ നിന്ന് പറയുന്നു. എച്ച്.ഐ.വി ബാധിതരെയും ഒപ്പം സമൂഹത്തെയും ബോധവത്ക്കരിക്കാനുള്ള യജ്ഞം ഒരുവശത്ത്. മറുവശത്ത് അവരെ സംരക്ഷിക്കാനുള്ള സാമൂഹിക – സാമ്പത്തിക ക്ലേശങ്ങൾ. എന്നാൽ പ്രതിസന്ധികളുടെ നടുവിലും തമ്പുരാൻ കൂടെ നടന്ന് നയിച്ചു എന്നു മാത്രമാണ് സിസ്റ്ററിന് പറയാനുള്ളത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group