മണിപ്പൂർ സംഘർഷം : ജെസ്യൂട്ട് പുരോഹിതർക്ക് നേരെ ആക്രമണം

മണിപ്പൂർ: മെയ്തി വിഭാഗത്തിനു പട്ടിക വർഗ പദവി നൽകുന്നത് സംബന്ധിച്ച് ഹൈക്കോടതി നിർദ്ദേശം ഉണ്ടായ പശ്ചാത്തലത്തിൽ മണിപ്പൂരിന്റെ വിവിധ ഭാഗങ്ങളിൽ അരങ്ങേറുന്ന സംഘർഷത്തിൽ ജെസ്യൂട്ട് പുരോഹിതർ ഉൾപ്പെടെയുള്ളവർക്ക്‌ നേരെയും ആക്രമണം.

വൈദികരും, സെമിനാരി വിദ്യാര്‍ത്ഥികളും, അല്‍മായ അധ്യാപകനും അടങ്ങുന്ന ജെസ്യൂട്ട് സംഘത്തെ ജനക്കൂട്ടം ആക്രമിച്ച് വാഹനം അഗ്നിക്കിരയാക്കി. ഇന്നലെ മെയ് 3-ന് വീട് വെഞ്ചരിപ്പ് കഴിഞ്ഞ് സ്വവസതിയിലേക്ക് മടങ്ങുന്നതിനിടെ തലസ്ഥാന നഗരമായ ഇംഫാലില്‍ നിന്നും 45 കിലോമീറ്റര്‍ അകലെയുള്ള മൊയിരാങ് പട്ടണത്തില്‍ വെച്ചായിരുന്നു ആക്രമണം.

ജെസ്യൂട്ട് സംഘം സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞ ജനക്കൂട്ടത്തില്‍ ചിലര്‍ അത് പുരോഹിതരാണെന്ന് മനസ്സിലായതോടെ പോകുവാന്‍ സമ്മതിച്ചെങ്കിലും, മദ്യലഹരിയിലായിരുന്ന ചിലര്‍ വാഹനം നിറുത്തുവാനുള്ള തങ്ങളുടെ ആവശ്യം അവഗണിച്ചുവെന്ന് ആരോപിച്ചുകൊണ്ട് വാഹനം ബലമായി നിറുത്തിക്കുകയും ചില്ലുകള്‍ തകര്‍ത്ത് വാഹനം അഗ്നിക്കിരയാക്കുകയുമായിരിന്നു.

വൈദികരും, സെമിനാരി വിദ്യാര്‍ത്ഥികളും സഭാ വസ്ത്രത്തില്‍ ആയിരുന്നു. പ്രദേശവാസികളായ ചിലര്‍ ജെസ്യൂട്ട് സംഘത്തെ സംരക്ഷിച്ച് പിന്നീട് പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. ഇന്നു രാവിലേയാണ് സംഘം സ്വവസതിയില്‍ തിരിച്ചെത്തിയത്. രാത്രി പോലീസ് സ്റ്റേഷനിലാണ് സംഘം കഴിച്ചു കൂട്ടിയത്. ആക്രമണത്തില്‍ പരിക്കേറ്റ രണ്ട് സെമിനാരി വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ കൊണ്ടുപോയി പ്രഥമ ശുശ്രൂഷ നല്‍കി.

മണിപ്പൂർ ജനസംഖ്യയുടെ 53 ശതമാനത്തോളം വരുന്ന മെയ്തി വിഭാഗത്തിനു പട്ടിക വർഗ പദവി നൽകുന്നത് പരിശോധിക്കാൻ ഹൈക്കോടതി സംസ്ഥാന സർക്കാരിനോടു നിർദേശിച്ചതാണു സംഘർഷത്തിനു കാരണം. ഹൈക്കോടതി നിർദേശത്തിനെതിരെ ഗോത്രവിഭാഗങ്ങളായ നാഗകളും സേമികളും കുകികളും രംഗത്തുവന്നു. ഓൾ ട്രൈബൽഡ് യൂണിയൻ മണിപ്പുർ എന്ന സംഘടനയുടെ നേതൃത്വത്തിൽ ബുധനാഴ്ച രാത്രി നടത്തിയ പ്രതിഷേധം ടോർബങ്ങിൽ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group