മോസ്കോയിൽ വച്ച് പുട്ടിനുമായി കൂടിക്കാഴ്ച നടത്താൻ തയ്യാറാണെന്ന് മാർപാപ്പാ

റഷ്യ യുക്രെയിനിൽ നടത്തുന്ന ആക്രമണത്തിന് അറുതി വരുത്തുകയെന്ന ലക്ഷ്യത്തോടെ റഷ്യയിൽ പോയി പ്രസിഡന്റെ വ്ലാദിമീർ പുടിനുമായി കൂടിക്കാഴ്ച നടത്താനുള്ള തന്റെ സന്നദ്ധത അറിയിച്ച് ഫ്രാൻസിസ് മാർപാപ്പാ.

ഇറ്റലിയിലെ ദിനപ്പത്രമായ “കൊറിയേരെ ദെല്ല സേര”യുടെ മേധാവി ലുച്യാനൊ ഫൊന്താനൊയ്ക് അനുവദിച്ച അഭിമുഖത്തിലാണ് ഫ്രാൻസിസ് പാപ്പാ തന്റെ ഈ സന്നദ്ധത ആവർത്തിച്ച് അറിയിച്ചത്.

താൻ മോസ്ക്കോയിലേക്കു വരാൻ തയ്യാറാണെന്ന് പ്രസിഡൻറ് പുട്ടിനെ അറിയിക്കാൻ, യുദ്ധമാരംഭിച്ച് ഇരുപതു ദിനം പിന്നിട്ടപ്പോൾ, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പീയെത്രൊ പരോളിനോട് താൻ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ അതിന് ഇതുവരെ മോസ്കൊയിൽ നിന്ന് മറുപടി ലഭിച്ചിട്ടില്ലെന്നും പുട്ടിൻ തനിക്കായി വാതിൽ തുറക്കണമെന്നും പാപ്പാ പറഞ്ഞു.

ഈ വേളയിൽ ഇത്തരമൊരു കൂടിക്കാഴ്ച പുട്ടിൻ അഭിലഷിക്കുന്നില്ല അല്ലെങ്കിൽ അദ്ദേഹത്തിനു സാധിക്കില്ല എന്ന് തനിക്ക് ആശങ്കയുണ്ടെങ്കിലും ഈ കൂടിക്കാഴ്ച്ചയുടെ കാര്യത്തിൽ നിർബ്ബന്ധം പിടിക്കുകയാണെന്നും പാപ്പാ പറഞ്ഞു.

യുക്രൈയിനിൽ നടക്കുന്ന ഈ ക്രൂരത അവസാനിപ്പിക്കാൻ എങ്ങനെ സാധിക്കുമെന്ന് ചോദിക്കുന്ന പാപ്പാ, 25 വർഷം മുമ്പ് റുവാണ്ടയിലും ഇത്തരമൊരു ക്രൂരതയ്ക്ക് നാം സാക്ഷികളായിട്ടുണ്ട് എന്നത് അനുസ്മരിച്ചു.

യുക്രൈയിനിലെ കിയേവിലേക്കു പോകുന്നതിനു മുമ്പ് മോസ്കോ സന്ദർശിക്കുകയും പുടിനുമായി കൂടിക്കാഴ്ച നടത്തുകയും വേണം എന്നതാണ് തന്റെ നിലപാട് എന്നും പാപ്പാ വ്യക്തമാക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group