ന്യൂ ഡല്‍ഹി: മണിപ്പൂര്‍ കലാപം നിയന്ത്രണാതീതമായ രീതിയിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ കേന്ദ്രത്തിന്റെ ഇടപെടല്‍.
ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് ഉന്നതതല യോഗം വിളിച്ചു. ഇന്നലെ ചേര്‍ന്ന അടിയന്തര യോഗത്തിന് പിന്നാലെയാണ് ഇന്ന് ഉന്നതോദ്യോഗസ്ഥരുടെ യോഗവും വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ വസതിയിലേക്ക് വരെ അക്രമം വ്യാപിച്ചതോടെയാണ് കേന്ദ്രം ഇടപെട്ടിരിക്കുന്നത്.
മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രചാരണമടക്കം മാറ്റി വച്ചാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ തന്നെ മണിപ്പൂരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ദില്ലിയില്‍ അടിയന്തര യോഗം ചേര്‍ന്നത്. സംഘര്‍ഷം രൂക്ഷമായ ജിരിബാമിലേക്കും ഇംഫാലിലേക്കും കൂടുതല്‍ സേനയെ അയയ്ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. രാജ്യ തലസ്ഥാനത്തെത്തിയ അമിത് ഷാ അവിടെ തുടരും.
മണിപ്പൂര്‍ വിഷയം കേന്ദ്രസര്‍ക്കാരിനെതിരേ ഉപയോഗിക്കാന്‍ തക്കം നോക്കിയിരിക്കുന്ന പ്രതിപക്ഷം ഇക്കാര്യത്തില്‍ ആഞ്ഞടിക്കുകയാണ്. കത്തുന്ന മണിപ്പൂരില്‍ പ്രധാനമന്ത്രി എത്തണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. അതിനിടയില്‍ മണിപ്പൂരിലെ എന്‍ പി പി ബിജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. സംസ്ഥാന സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുകയാണെന്ന് എന്‍ പി പി, ബി ജെ പി അധ്യക്ഷന്‍ ജെ പി നദ്ദയ്ക്ക് കത്ത് നല്‍കുകയായിരുന്നു. സര്‍ക്കാര്‍ സമ്ബൂര്‍ണ പരാജയമാണെന്ന് ആരോപിച്ച് 60 അംഗ മന്ത്രിസഭയിലെ 7 അംഗങ്ങളാണ് പിന്തുണ പിന്‍വലിച്ചത്. എന്നാല്‍ നിയമസഭയില്‍ 37 അംഗങ്ങള്‍ ബി ജെ പിക്കുമുണ്ട്.
കലാപം രൂക്ഷമായിരിക്കുന്ന മണിപ്പൂരില്‍ ആളുകള്‍ കൊല്ലപ്പെടുകയും തട്ടിക്കൊണ്ടുപോകലിന് ഇരയാകുകയും ചെയ്യുന്നുണ്ട്. ഇതിന് പിന്നാലെ അക്രമങ്ങളും രൂക്ഷമായിരിക്കുന്നത്. സായുധ സംഘങ്ങള്‍ തട്ടിക്കൊണ്ടുപോയവരെ കണ്ടെത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് മെയ്തെയ് വിഭാഗക്കാര്‍ പ്രതിഷേധം ശക്തമാക്കിയത്. ഇംഫാലില്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ചവരെ ടിയര്‍ഗ്യാസ് പ്രയോഗിച്ചാണ് പൊലീസ് തുരത്തിയത്.
മന്ത്രിമാരുടെയും എം എല്‍ എമാരുടെയും വീടുകളും വാഹനങ്ങളും വ്യാപകമായി ആക്രമിക്കപ്പെട്ടു. ഇംഫാല്‍ മേഖലയിലെ പള്ളികളും തീയിട്ടു. സര്‍ക്കാര്‍ ഇടപെടല്‍ ഫലപ്രദമാകാതായതോടെയാണ് കേന്ദ്രം ഇടപെടുന്നത്. കലാപവുമായി ബന്ധപ്പെട്ട കേസുകളെല്ലാം എന്‍ ഐ എക്ക് കൈമാറാനാണ് പൊലീസിന് നിര്‍ദേശം. 24 മണിക്കൂറിനകം നടപടിയെടുത്തില്ലെങ്കില്‍ സര്‍ക്കാറും വിവരം അറിയുമെന്നാണ് മെയ്തെയ് സംഘടനയായ കോര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് മണിപ്പൂര്‍ ഇന്റെഗ്രിറ്റിയുടെ മുന്നറിയിപ്പ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group