സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മാർ റെമീജിയോസ് ഇഞ്ചനാനിയിൽ

വന്യമൃഗ ആക്രമണത്തിൽ തുടർച്ചയായി ജീവൻ നഷ്ടപ്പെടുന്ന പശ്ചാത്തലത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി താമരശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ. കക്കയത്ത് ഏബ്രഹാം എന്ന കർഷകൻ കൃഷിയിടത്തിൽവച്ച് കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ മരണമടഞ്ഞ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു ബിഷപ്പ്.

കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കഴിയുന്നില്ലെങ്കിൽ സർക്കാർ രാജിവച്ച് ഇറങ്ങിപ്പോകണമെന്ന് അദ്ദേഹം പറഞ്ഞു.

മലയോരങ്ങളിലെല്ലാം ആന, കടുവ, കാട്ടുപോത്ത്, പുലി, കാട്ടുപന്നി തുടങ്ങിയ വന്യജീവികളുടെ ശല്യം അതിരൂക്ഷമായിരിക്കുകയാണ്. എങ്ങനെ ഈ പ്രദേശങ്ങളിലെ കുട്ടികളെ സ്‌കൂളിൽ പറഞ്ഞയയ്ക്കും? കൃഷിയിടത്തിൽ എന്തു ധൈര്യത്തിൽ ജോലി ചെയ്യാൻ കഴിയും? ബിഷപ്പ് ചോദ്യമുയര്‍ത്തി.

ഇത് സാംസ്കാരിക കേരളമെന്നു പറയാൻ ലജ്ജ തോന്നുകയാണ്. മനുഷ്യജീവനും സ്വത്തിനും സുരക്ഷ ഒരുക്കാൻ കഴിയും വിധം നിയമങ്ങളിൽ മാറ്റം വരുത്താൻ സർക്കാർ തയാറാകാത്തത് പ്രതിഷേധാർഹമാണ്. തമിഴ്‌നാട് സർക്കാർ നിയമങ്ങളിൽ ഭേദഗതി വരുത്തിയതു കണ്ടില്ലെന്നു നടിക്കുകയാണ് കേരള സർക്കാർ. സർക്കാരിന്റെ അനാസ്ഥയ്ക്കെതിരേ ശക്തമായ പ്രതിഷേധം ഉയരും. കൃഷിയിടത്തിലിറങ്ങുന്ന വന്യമൃഗങ്ങളെ കൊല്ലുവാനുള്ള അവകാശം കർഷകർക്ക് നൽകിയേ മതിയാവു. ഏബ്രഹാമിൻ്റെ കുടുംബത്തിൻ്റെ പൂർണമായ സംരക്ഷണം സർക്കാർ ഏറ്റെടുക്കണം. കർഷകരുടെ നിലവിളി സർക്കാർ പരിഗണിച്ചില്ലെങ്കിൽ അതിശക്തമായ സമരങ്ങളുമായി രംഗത്തിറങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group