May 31: പരിശുദ്ധ കന്യകാ മറിയം എലിസബത്തിനെ സന്ദര്‍ശിക്കുന്നു

പരിശുദ്ധ മാതാവിന്റെ സന്ദര്‍ശന തിരുനാള്‍ താഴെ പറയുന്ന ചില മഹാ സത്യങ്ങളേയും, സംഭവങ്ങളേയും നമ്മുടെ ഓര്‍മ്മയില്‍ കൊണ്ട് വരുന്നു. മംഗളവാര്‍ത്തക്ക് ശേഷം ഉടനെ തന്നെയാണ് പരിശുദ്ധ മാതാവ് തന്റെ ബന്ധുവായ എലിസബത്തിനെ സന്ദര്‍ശിക്കുന്നത്; മറിയത്തിന്റെ വന്ദനം കേട്ടപ്പോള്‍ എലിസബത്തിന്റെ ഉദരത്തില്‍ കിടക്കുന്ന സ്നാപക യോഹന്നാന്‍ തന്റെ മൂലപാപങ്ങളില്‍ നിന്നും ശുദ്ധീകരിക്കപ്പെട്ടു. എലിസബത്ത് മറിയത്തെ ഇപ്രകാരം സ്തുതിക്കുന്നു, “ദൈവപുത്രന്റെ അമ്മയായ നീ സ്ത്രീകളില്‍ അനുഗ്രഹീതയാണ്”.

ഇന്ന് തിരുസഭയുടെ ദിനംതോറുമുള്ള പ്രാര്‍ത്ഥനകളുടെ ഭാഗമായി മാറിയിട്ടുള്ള “എന്റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു” എന്ന മറിയത്തിന്റെ പ്രസിദ്ധമായ സ്തോത്രഗീതം ദൈവസ്നേഹത്തെ എടുത്ത് കാണിക്കുന്നു. എലിസബത്തുമായുള്ള മറിയത്തിന്റെ സംഗമം ധാരാളം ചിത്രകാരന്മാര്‍ക്ക് വിഷയമായിട്ടുണ്ട്. വിശുദ്ധ ഫ്രാന്‍സിസ് ഡി സാലെസിന്റെ ഭക്തിയുടെ കേന്ദ്ര ബിന്ദുവും ഈ സന്ദര്‍ശനമാണ്. “രക്ഷകന്റെ അമ്മ” എന്ന ഉന്നതമായ വിശേഷണം കേള്‍ക്കുകയും, തന്റെ സന്ദര്‍ശനം മൂലം സ്നാപക യോഹന്നാന് ലഭിക്കപ്പെട്ട അനുഗ്രഹത്തെ കുറിച്ച് അറിയുകയും, ‘ഇനിമുതല്‍ അവള്‍ നൂറ്റാണ്ടുകളോളം ആദരിക്കപ്പെടും’ എന്ന പ്രവചനപരമായ സ്തുതിയും കേട്ടപ്പോള്‍ പരിശുദ്ധ മാതാവ് അതീവ സന്തോഷവതിയായി.

“മറിയം പറഞ്ഞു : എന്റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു. എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു. അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു. ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും. ശക്തനായവന്‍ എനിക്കു വലിയകാര്യങ്ങള്‍ ചെയ്തിരിക്കുന്നു, അവിടുത്തെ നാമം പരിശുദ്ധമാണ്” (ലൂക്ക 1:46). പരിശുദ്ധ അമ്മയുടെ സന്ദര്‍ശനത്തേക്കുറിച്ചുള്ള ലൂക്കായുടെ വിവരണത്തിന്റെ തുടക്കം തന്നെ എത്ര കാവ്യാത്മകമാണ്. സ്നേഹത്തിന്റേയും, കരുതലിന്റെയും തീവ്രമായ ഭാവം ഇതില്‍ ദര്‍ശിക്കാന്‍ നമ്മുക്ക് സാധിക്കുന്നു. പരിശുദ്ധ അമ്മയുടെ ഉദരത്തില്‍ യേശു രൂപം ധരിച്ചതു മുതല്‍ ദൈവീകമായ ഉള്‍പ്രേരണയാലാണ് അവള്‍ കഴിഞ്ഞിരുന്നത്. അവളുടെ ഉള്‍പ്രേരണ യേശു തന്നെയായിരുന്നു.

ദുര്‍ഘടമായ യാത്ര വരുത്തി വെക്കുന്ന ക്ഷീണം വലുതായിരിക്കുമെന്ന ന്യായങ്ങളൊന്നും പരിശുദ്ധ മാതാവ് പരിഗണിച്ചതേയില്ല. “എലിസബത്തിനും ഒരു കുട്ടി ജനിക്കുവാനിരിക്കുന്നു, മറിയത്തിന്റെ കുട്ടിയാകട്ടെ വരുവാനിരിക്കുന്ന രക്ഷകനും, എന്നിരുന്നാലും മറിയത്തിനു എലിസബത്തിനെ പരിചരിക്കേണ്ട ആവശ്യകതയെ അവഗണിക്കുവാന്‍ കഴിഞ്ഞില്ല”. നമ്മളെ സംബന്ധിച്ചിടത്തോളം അവിശ്വസനീയമായ മറിയത്തിന്റെ മാത്രം പ്രത്യേകതയാണ് ഈ സ്വഭാവഗുണം.

അവള്‍ തന്റെ ബന്ധുവായ എലിസബത്തിനു തന്റെ വന്ദനം നല്‍കി, മറിയത്തിന്റെ വന്ദനം എലിസബത്ത് കേട്ടപ്പോള്‍ തന്നെ അവളുടെ ഉദരത്തിലുള്ള ശിശു ആനന്ദത്താല്‍ കുതിച്ചു ചാടി. യേശു ജനിക്കുന്നതിനു മുന്‍പേ തന്നെ അവന്റെ സാന്നിധ്യം പോലും ജീവന്‍ നല്‍കുന്നുവെന്ന്‍ എലിസബത്തിന്റെ വാക്കുകളിലൂടെ മനസ്സിലാക്കാം. ആദ്യം ഒരു കുട്ടിയെക്കുറിച്ചുള്ള ബോധ്യം മറ്റൊരു കുട്ടിയുടെ ഹൃദയത്തില്‍ നടക്കുന്നു, പിന്നീട് ആദ്യത്തെ അഭിവാദനം, ഒരു ശിശു സന്തോഷം കൊണ്ട് തന്റെ അമ്മയുടെ ഉദരത്തില്‍ കുതിക്കുന്നു, കാണുവാന്‍ പാടില്ലാത്ത യേശുവിനെ അറിഞ്ഞു കൊണ്ട് ജീവനിലേക്ക് കുതിച്ചു ചാടുന്നു.

എപ്രകാരമാണ് എലിസബത്ത് നമ്മുടെ പരിശുദ്ധ കന്യകക്ക് സംഭവിച്ച കാര്യങ്ങളേ ക്കുറിച്ചറിഞ്ഞത്? തനിക്ക് പരിചയമുള്ള തന്റെ ഈ ചെറിയ ബന്ധു തന്റെ ദൈവപുത്രന്റെ അമ്മയാണെന്ന കാര്യം അവള്‍ എങ്ങിനെ അറിഞ്ഞു? അവള്‍ അതറിഞ്ഞത് അവളുടെ ഉദരത്തിലുള്ള ശിശു മുഖാന്തിരമാണ്. ജീവനിലേക്കുള്ള പെട്ടെന്നുള്ള ആ പ്രവേശനം സന്തോഷത്തിന്റെ ഒരു കുതിച്ചു ചാട്ടമായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group