പ്രാർത്ഥനയിലൂടെ വലിയനോമ്പുകാലം അനുഗ്രഹപ്രദമാക്കാൻ ദൈവം നമ്മെ സഹായിക്കട്ടെ.

ഗ്രീക്ക് ഓർത്തഡോക്സ് പാരമ്പര്യത്തിൽ നോമ്പുകാലത്ത് തിങ്കൾ മുതൽ വെള്ളിവരെയുള്ള യാമപ്രാർത്ഥനകൾ സമാപിക്കുന്നത് മാർ അപ്രേമിന്റെ നോമ്പുകാലപ്രാർത്ഥന രണ്ടുപ്രാവശ്യം ചൊല്ലി പന്ത്രണ്ടു പ്രാവശ്യംവരെ നിലംപറ്റെ കുമ്പിട്ടാരാധിച്ചുകൊണ്ടാണ്. വലിയനോമ്പിന്റെ ചൈതന്യം മുഴുവനും നിറഞ്ഞുനിൽക്കുന്ന സുപ്രധാനപ്രാർത്ഥനയാ യാണ് ഈ അപേക്ഷയെ ഗ്രീക്കുസഭ കണക്കാക്കുന്നത്. പൗരസ്ത്യ ക്രിസ്തീയആധ്യാത്മികതയുടെ മഹാഗുരുവായ മാർ അപ്രേമിനാൽ വിരചിതമായ പ്രാർത്ഥനയാകയാൽ ഇത്‌ സുറിയാനിസഭകൾക്കും ക്രിസ്തീയവിശ്വാസികളേവർക്കും പ്രിയങ്കരമായ ഒന്നാണ്. നോമ്പിന്റെ ഈ പ്രാർത്ഥന ഒരു ആധ്യാത്മികസാധനകൂ ടി വിഭാവനം ചെയ്യുന്നു.

പ്രാർത്ഥന ഇങ്ങനെയാണ്:

എന്റെ ജീവിതത്തിന്റെ ഉടയവനും നാഥനുമായ ദൈവമേ, എന്നിൽനിന്നും മന്ദതയുടെ അരൂപിയും ദുർബലഹൃദയവും അധികാരാസക്തിയും അലസഭാഷണവും എടുത്തുമാറ്റണമേ.

പകരം, എന്റെ നാഥനും രാജാവുമായവനേ, നിന്റെ ദാസനു/ദാസിക്ക് – ശുദ്ധതയുടെ അരൂപിയും എളിമയും ക്ഷമയും സ്നേഹവും നൽകണമേ.

എന്റെ തെറ്റുകൾ തിരിച്ചറിയുവാനും സഹോദരനെ വിധിക്കാതിരിക്കാനും എന്നെ അനുഗ്രഹിക്കണമേ.

എന്തുകൊണ്ടെന്നാൽ, നീ എന്നേക്കും വാഴ്ത്തപ്പെട്ടവനാകുന്നു, ആമ്മേൻ.

വലിയനോമ്പ് ലക്ഷ്യംവയ്ക്കുന്ന വ്യക്തിതല – സഭാതല ആത്മീയനവീകരണത്തിന്റെ വിവിധപടികളാണ് ഈ പ്രാർത്ഥനയിലൂടെ അനാവൃതമാകുന്നത്. ആത്മീയജീവിതനവീക രണത്തിന്റെ ആദ്യപടി, അത് ഒരു ദൈവികപ്രവർത്തനമാണെന്ന് അംഗീകരിക്കുകയാണ്. ദൈവമാണ് ഇവിടെ ആദ്യം പ്രവർത്തിക്കുന്നത്. മനുഷ്യന്റെ ആഗ്രഹങ്ങളോ നിശ്ചയങ്ങളോ അല്ല, ഇതിന്റെ അടിസ്ഥാനം. അതുകൊണ്ടാണ് ആത്മീയജീവിതനവീകരണം ഒരു പ്രാർത്ഥനകൊണ്ട് ആരംഭിക്കുന്നത്. പ്രാർത്ഥന മാത്രമാണ് ഈ കൃപാവാതായനത്തിലേക്കു പ്രവേശിക്കാനുള്ള താക്കോൽ!

ഈ പ്രാർത്ഥനയുടെ ആദ്യഭാഗം മനുഷ്യനെ ആത്മീയജീവിതത്തിൽ ജഡനും നിഷ്ക്രിയനുമാക്കുന്ന നിഷേധാത്മകതയിൽനിന്ന് കരകയറ്റാനുള്ള യാചനകളാണ്. ഇതിന്റെ രണ്ടാംഭാഗമാകട്ടെ, മനുഷ്യന്റെ ഉള്ളിൽ വിതക്കേണ്ട നല്ല വിത്തുകളെക്കുറിച്ചുള്ള പ്രതിപാദനവുമാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group