വടക്കൻ കേരളം ലഘുമേഘവിസ്ഫോടന മേഖലയിലെന്ന് കാലാവസ്ഥാ വിദഗ്‌ധർ

ആലപ്പുഴ: ലഘുമേഘവിസ്ഫോടനത്തിന്റെ ഗണത്തില്‍പ്പെടുത്താവുന്നതരത്തില്‍ മഴപെയ്യുന്ന പ്രദേശമായി വടക്കൻ കേരളം മാറിയെന്ന് കാലാവസ്ഥാ വിദഗ്ധർ.
പശ്ചിമഘട്ടപ്രദേശത്ത് കൊങ്കണ്‍ മേഖലയിലായിരുന്നു മുൻപ് ഏറ്റവും തീവ്രതയില്‍ മഴ പെയ്തിരുന്നത്.

മംഗലാപുരത്തിന് വടക്കോട്ടുള്ള ഭാഗത്താണ് ലഘുമേഘ വിസ്ഫോടനമെന്ന ഗണത്തില്‍പ്പെടുത്താവുന്ന അതിതീവ്ര മഴ ഉണ്ടായിക്കൊണ്ടിരുന്നത്. 2019-നു ശേഷം ഈ സ്വഭാവവിശേഷമുള്ള മേഖല തെക്കോട്ട് ഉത്തരകേരളം വരെയെത്തി. കേരളത്തോട് ചേർന്നു കിടക്കുന്ന അറബിക്കടല്‍ (തെക്കുകിഴക്കൻ അറബിക്കടല്‍) കൂമ്ബാര മേഘങ്ങളെ ഉത്പാദിപ്പിക്കുന്ന ഹോട്സ്പോട്ടായി മാറിയെന്നും പഠനത്തില്‍ കണ്ടെത്തിയിരുന്നതായി കൊച്ചി ശാസ്ത്രസാങ്കേതിക സർവകാലാശാല (കുസാറ്റ്)യിലെ അഡ്വാൻസ് സെന്റർ ഫോർ അറ്റ്മോസ്ഫെറിക് റഡാർ റിസർച്ച്‌ ഡയറക്ടർ ഡോ. എസ്. അഭിലാഷ് പറഞ്ഞു.

”വയനാടിന്റെ പടിഞ്ഞാറൻ മേഖലയില്‍ മലപ്പുറം, കോഴിക്കോട് ജില്ലകളുമായി അതിർത്തിപങ്കിടുന്ന ഭാഗത്ത് 50 ശതമാനവും ഉരുള്‍പൊട്ടല്‍ സാധ്യതാമേഖലകളാണ്. അതില്‍ത്തന്നെ ഏറ്റവും ദുരന്തസാധ്യതയുള്ള മേഖലയാണ് മേപ്പാടിക്കടുത്ത മുണ്ടക്കൈ പ്രദേശം. മുണ്ടക്കൈയില്‍ ഇപ്പോള്‍ ഉരുള്‍പൊട്ടലുണ്ടായ ഭാഗം 2019-ല്‍ ഉരുള്‍പൊട്ടിയ പുത്തുമലയ്ക്ക് വളരെയടുത്താണ്. പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും മേഘഘടനയിലുണ്ടായ മാറ്റവുമാണ് ദുരന്തത്തിന് വഴിവെച്ചത്. പുത്തുമല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പഠനം നടത്തിയപ്പോഴാണ് മേഘഘടനയിലെ മാറ്റം കണ്ടെത്തിയത്. കേരളത്തിന്റെ അറബിക്കടല്‍ ഭാഗത്ത് കട്ടികൂടിയ മേഘങ്ങള്‍(കൂമ്ബാരമേഘങ്ങള്‍) വളരെ ഉയരത്തില്‍ രൂപപ്പെടുന്നെന്നായിരുന്നു നിരീക്ഷണം. സമാനതരത്തിലുള്ള മേഘരൂപവത്കരണം തന്നെയായിരുന്നു ദുരന്തസമയത്ത് മുണ്ടക്കൈയിലേതും” -അദ്ദേഹം പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m