കാത്തോലിക്കാ സഭയും മിഷനറി അനുഭവവും

മിഷനറി ജീവിതം എന്ന് കേൾക്കുമ്പോൾ പലരുടെയും  മനസ്സിൽ  വരുന്നത് വിദൂരത്തേക്ക് അല്ലെങ്കിൽ  അറിയപ്പെടാത്ത ദേശത്തേക്ക് പോയി യേശുവിനെക്കുറിച്ച് പറയുക എന്നതാണ്  ഇങ്ങനെ ചെയ്യുന്നതിൽ തെറ്റില്ലതാനും.  മത്തായിയുടെ സുവിശേഷത്തിൽ ഇരുപത്തിയെട്ടാം അധ്യായം പത്തൊൻപതാം വാക്യം നമ്മെ ഓർമ്മിപ്പിക്കുന്നു. “ആകയാൽ നിങ്ങൾ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിൻ. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അവർക്ക് ജ്ഞാനസ്നാനം നൽകുവിൻ”. യേശുവും സഭയും നമ്മൾ ഓരോരുത്തരും മിഷനറിമാരാണ്. ഈ മിഷൻ പ്രവർത്തനം ചെയ്യുന്നതിനുവേണ്ടി വിദൂരത്തുതന്നെ പോകണമെന്നില്ല, നമ്മളായിരിക്കുന്ന സ്ഥലത്തു നമ്മൾ ഓരോരർത്തർക്കും ചെയ്യാവുന്നതാണ്.  കാരണം ഒരുപക്ഷേ  എല്ലാവർക്കും വിദൂരത്തേക്ക് പോകാനുള്ള അവസരം ഉണ്ടാകണമെന്നില്ല.
നമ്മെ സൃഷ്ട്ടിച്ച ദൈവം തന്നെ മിഷനറി പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നു. യോഹന്നാന്റെ സുവിശേഷം മൂന്നാം അദ്യായം പതിനാറാം വാക്യത്തിൽ നാം  ഇപ്രകാരം വായിക്കുന്നു. “എന്തെന്നാൽ അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി തന്റെ ഏക ജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു”. ഈശോ ദൈവത്താൽ അയക്കപ്പെട്ടു, തുടർന്ന്  യേശു തന്റെ ശിഷ്യൻമ്മാരെ അയക്കുന്നു. വീണ്ടും  യോഹന്നാന്റെ  സുവിശേഷത്തിൽ ഇരുപതാം അദ്യായത്തിൽ ഇരുപത്തി ഒന്നും രണ്ടും വാക്യത്തിൽ ഇപ്രകാരം പറയുന്നു, “പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു.” അയക്കപ്പെട്ടു കഴിയുമ്പോൾ നമ്മൾ വചനം പ്രഘോഷിക്കുന്നു. ക്രിസ്തു ചെയ്തതുപോലുള്ള പ്രവർത്തികൾ ചെയ്യുന്നു, അങ്ങനെ ക്രിസ്തു സാക്ഷികളായി മാറുകയും ചെയ്യുന്നു. അപ്പൊസ്ത്തോല പ്രവർത്തനം ഒന്നാം അദ്യായം എട്ടാം വാക്യത്തിൽ പറയുന്നതുപോലെ ” ആത്മാവിന്റെ നിറവിൽ ജീവിക്കുമ്പോൾ ക്രിസ്തു പറയുന്നതുപോലെ ജെറുസലേമിലും യൂദയാ മുഴുവനിലും സമറിയായിലും ഭൂമിയുടെ അതിർത്തിവരെയും  നിങ്ങൾ എനിക്ക് സാക്ഷികളായി ഇരിക്കുകയും ചെയ്യുവിൻ.
 ലോകത്തിന്റെ പലഭാഗത്തുപോയി പഠിക്കാനും പ്രവർത്തിക്കുവാനും ദൈവം എനിക്ക് അവസരം തന്നെങ്കിലും ജീവിതത്തിൽ ഏറ്റവും കൂടുതൽ സമാധാനവും സംതൃപ്തിയും ലഭിച്ചതും ലഭിക്കുന്നതും എന്റെ ഈ  രണ്ടരവർഷമായി തുടർന്നുകൊണ്ടിരിക്കുന്ന ആഫ്രിക്കൻ ജീവിതത്തിലാണ്. പടിഞ്ഞാറൻ ആഫ്രിക്കയിലെ ഘാന എന്ന രാജ്യത്തെ ഉൾഗ്രാമങ്ങളിൽ സേവനം ചെയ്യാൻ ദൈവം എനിക്ക് വഴി ഒരുക്കിയതിന് ഞാൻ ദൈവത്തെ മഹത്വപ്പെടുത്തുന്നു. രണ്ടു വർഷത്തിന് മുൻപ് വലിയൊരു ഇടവകയുടെ ഉത്തരവാദിത്യം ഏറ്റെടുത്തു. ഈ ഇടവകയുടെ കീഴിൽ പതിനേഴ് ഔട്ട് സ്റ്റേഷൻസ് ഉണ്ട്. ഈ പതിനേഴ് സ്റ്റേഷനുകളിൽ വെറും രണ്ടു സ്ഥലത്തു മാത്രമാണ് പള്ളിയിയായിട്ടുള്ളത്. അതും എപ്പോൾ വേണമെങ്കിലും ഇടിഞ്ഞു വീഴാൻ സാധ്യതയുള്ള  പള്ളികൾ. മറ്റു സ്ഥലങ്ങളിൽ ബലിയർപ്പിക്കുന്നത് മരത്തിന്റെ കീഴിലും ക്ലാസ് മുറികളിലും ഓല മേഞ്ഞ ചെറിയ ഷെഡ്ഡുകളിലുമാണ്. വളരെ സങ്കടവും അതിനേക്കാലുപരിയായി  ദൈവത്തിനും ഈ ജനനത്തിനും വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന തീക്ഷ്ണമായ ആഗ്രഹവും ഉടലെടുത്തു. 2019 മാർച്ച് 24ന് സെന്റ് ജോർജിന്റെ നാമഹേതുവായ ഒരു ചെറിയ ഓല മേഞ്ഞ ഷെഡിൽ ദിവ്യബലി അർപ്പിക്കുമ്പോൾ ശക്തമായ മഴ വന്ന് ജനങ്ങളും ക്രിസ്തുവിന്റെ തിരുശരീരവും, തിരുരക്തവും, ബലിവസ്തുക്കളും, ദിവ്യപൂജാ പുസ്ഥകവും എല്ലാം നനഞ്ഞു കുതിർന്നു. അന്ന് ദൈവം എന്റെ മനസ്സിൽ നിറച്ച ഒരു തീക്കനലാണ് ദേവാലയങ്ങൾ നിർമിക്കുക എന്നുള്ളത്. ദൈവത്തിന്റെ വലിയ കൃപ കൊണ്ടും നല്ലവരായ സുഹൃത്തുക്കളുടെയും ബന്ധുജനകളുടെയും സഹായം കൊണ്ടും ഇതുവരെ എട്ട് ദേവാലയങ്ങൾ പണികഴിപ്പിക്കാൻ സാധിച്ചു. മറ്റ് പള്ളികയുടെ നിർമാണത്തിന്  വേണ്ട സഹായങ്ങൾ അഭ്യർഥിച്ചുകൊണ്ടിരിക്കുന്നു.
 മറ്റ് മതസ്ഥരും ക്രിസ്തീയ സഭകളും ഉണ്ടെങ്കിലും ഈ ഗ്രാമത്തിലും മറ്റ് ഗ്രാമങ്ങളിലുമുള്ള കത്തോലിക്കാ വിശ്വാസികളായ ഒത്തിരിയേറെ ജനങ്ങൾ  ദേവാലയങ്ങളിലേക്ക് വന്നു തുടങ്ങി. ചുരുങ്ങിയ ഈ രണ്ടുവർഷത്തെ കാലയളവിൽ ആയിരത്തിലേറെ കുട്ടികളെയും മുതിർന്നവരെയും ജ്ഞാനസ്നാനപ്പെടുത്താൻ ദൈവം അനുവദിച്ചു. അതുപോലെ ഈ ദിവസങ്ങളിൽ മറ്റ് ഗ്രാമവാസികൾ അവരുടെ ഗ്രാമത്തിലും  കത്തോലിക്കാ വിശ്വാസം കൂടുതൽ ഗാഢമായി  അനുഷ്ഠിക്കാൻ  ദേവാലയങ്ങൾ പണിയണമെന്ന് അഭ്യർഥിക്കുകയും ചെയ്യുന്നു. ഇത്രയേറെ വളർച്ചയ്ക്കുള്ള കാരണം എന്നിലെ മാറ്റം തന്നെയാണെന്ന് ഞാൻ വിശ്വസിക്കുന്നു. സ്വയം നവീകരിച്ചാൽ  മറ്റുള്ളവരെ നവീകരിക്കാൻ വളരെപ്പെട്ടന്ന് സാധിക്കുവെന്നാണ് എന്റെ അനുഭവം എന്നെ പഠിപ്പിക്കുന്നത്. ചിലയിടങ്ങളിൽ വണ്ടി ഓടിച്ചു പോകുക എന്നത് വളരെ ദുഷ്ക്കരമാണ്. കല്ലും മുള്ളും കാടുകളും കുഴികളും നിറഞ്ഞ വഴികൾ. ജനങ്ങൾ കാടിനുള്ളിൽ വസിക്കുന്നു. എങ്കിലും അവരെ മാസത്തിൽ ഒരിക്കൽ ഞാൻ സന്തർശിക്കാറുണ്ട്. ക്രിസ്തീയ വിശ്വാസം എത്തപ്പെടാത്ത വഴികളിലൂടെ കടന്നുപോകുമ്പോൾ അവർ നമ്മെ തടഞ്ഞു അവർക്കും പള്ളി വേണമെന്ന് നമ്മോട് ആവശ്യപ്പെടാറുണ്ട്.
ദൈവ വചനത്തിനൊപ്പം അവരുടെ ചില അത്യാവശ്യങ്ങൾ കൂടെ നമ്മൾ നിർവഹിച്ചു കൊടുക്കാറുണ്ട്. ആയിരക്കണക്കിന് ബൈബിളും ജപമാലകളും കൊടുത്തു വായിക്കുവാനും പ്രാർഥിക്കുവാനുമുള്ള പ്രചോദനവും നിർദ്ദേശങ്ങളും  കൊടുത്തു ദൈവവുമായി അവരെ കൂടുതൽ അടുപ്പിച്ചു. യാക്കോബ് ശ്ലീഹ പറയുന്നതുപോലെ “വിശ്വാസം ഉണ്ടെന്നു പറയുകയും പ്രവർത്തി ഇല്ലാതിരിക്കുകയും ചെയ്യുന്നവന് എന്ത് മേന്മയാണ് ഉള്ളത്.” ( യാക്കോബ് 2-14)  ഈ വചനം ഉൾക്കൊണ്ടുകൊണ്ട് പാവപ്പെട്ടവരായ ഈ ജനതയെ വളർത്താൻ സ്കൂളുകളും വെള്ളം ഇല്ലാത്ത ഇടങ്ങളിൽ കുഴൽ കിണറുകളും അവരുടെ ആഹാരത്തിനു വേണ്ട ദ്യാന്യങ്ങൾ പൊടിക്കാനുള്ള കോൺമില്ലുകളും വസ്ത്രങ്ങൾ ഭക്ഷണശാലകൾ ശൗചാലയങ്ങൾ ഇവയൊക്കെ എന്റെ  പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ചെയ്യുവാൻ സാധിച്ചു. ഇവയൊന്നും എന്റെ മേൻമകൊണ്ടല്ല മറിച്ചു ദൈവം എന്നെകൊണ്ട് ചെയ്യിപ്പിച്ചതാണ്. ഈ പ്രവർത്തികൾ നമുക്കെല്ലാവർക്കും ചെയ്യാൻ സാധിക്കുന്നതാണ്. നമ്മൾ ആയിരിക്കുന്ന ഇടത്തുനിന്ന് നമുക്ക് ആകുന്ന രീതിയിൽ ചെയ്യുവാൻ സാധിക്കും. ഇവയെല്ലാം സാധ്യമാകുന്നത് നമ്മുടെ ഹൃദയങ്ങളെയും ജോലികളെയും കുടുംബങ്ങളെയും സമൂഹങ്ങളെയും നവീകരിച്ചുകൊണ്ടാണ്. ഈ നവീകരണം ലഭിക്കുന്നത് പരിശുദ്ധാത്മാവിലൂടെയാണ്. ആത്മാവിന്റെ കൃപയ്ക്കുവേണ്ടി നമുക്ക് പ്രാർഥിക്കാം, അതിലൂടെ നമുക്കെല്ലാവർക്കും  വലിയ തീക്ഷണതയുള്ള മിഷനറിമാരായി മാറാം. അതിലൂടെ ദൈവരാജ്യം വികസിപ്പിക്കുവാനും ദൈവാരാജ്യത്തിലേക്ക് പ്രവേശിക്കുവാനും അതിലൂടെ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
( Fr. Robinson Melkis OFM Cap, Ghana)