ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍. ഇതിന് മുന്നോടിയായി രാജ്യത്തെ 5.65 ലക്ഷം പൊലീസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നല്കി.
വിവിധ സംവിധാനങ്ങളും മന്ത്രാലയങ്ങളും രാജ്യമൊട്ടാകെ ബോധനത്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.
ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), ഭാരതീയ നാഗരിക സുരക്ഷാ സംഹിത (ബിഎൻഎസ്എസ്), ഭാരതീയ സാക്ഷ്യ അധീനിയം (ബിഎസ്എ) എന്നീ ക്രിമിനല്‍ നിയമങ്ങളാണ് ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരിക. ഇത് സംബന്ധിച്ച് രാജ്യത്തുടനീളമുള്ള പോലീസ്, ജയില്‍, ഫോറൻസിക് തുടങ്ങിയ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിശീലനം നല്‍കിയതായി വൃത്തങ്ങള്‍ അറിയിച്ചു.
പുതിയ നിയമങ്ങളെക്കുറിച്ചും നിത്യജീവിതവുമായി അവ എപ്രകാരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും ജനങ്ങളെ ബോധ്യവാന്മാരാക്കുന്നതിനായി വിവിധ മന്ത്രാലയങ്ങള്‍ സംഘടിപ്പിച്ച വെബിനാറുകളില്‍ താഴെ തട്ടിലുള്ള 40 ലക്ഷത്തോളം പ്രവർത്തകരാണ് പങ്കെടുത്തത്. പുതിയ സംവിധാനത്തിലേക്ക് മാറുന്നതിനായി നാഷണല്‍ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻസിആർബി) സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും സാങ്കേതിക സഹായം നല്‍കുന്നുണ്ട്. 36 സംഘങ്ങളെയും കോള്‍ സെന്ററുകളും എൻസിആർബി രൂപീകരിച്ചിട്ടുണ്ട്. ഈ സംഘങ്ങള്‍ വിവിധയിടങ്ങളില്‍ നിരന്തരം അവലോകന യോഗങ്ങളും മറ്റും നടത്തുന്നുണ്ട്.
ബ്യൂറോ ഓഫ് പോലീസ് റിസർച്ച് ആൻഡ് ഡവലപ്മെൻ്റും (ബിപിആർ&ഡി) പരിശീലനം സംഘടിപ്പിക്കുന്നുണ്ട്. ഇതുവരെ 250-ഓളം ട്രെയിനിംഗ് കോഴ്സുകള്‍, വെബിനാറുകള്‍, സെമിനാറുകള്‍ എന്നിവയിലൂടെ ഏകദേശം 40,317 ഉദ്യോഗസ്ഥർക്കാണ് പരിശീലനം നല്‍കിയത്. കേന്ദ്രഭരണ പ്രദേശങ്ങളില്‍ 5,65,746 പൊലീസ് ഉദ്യോഗസ്ഥർ ഉള്‍പ്പടെ 5,84,174 പേർക്ക് പരിശീലനം നല്കി.
ചീഫ് ജസ്റ്റിസ്, സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാർ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന നാല് സമ്മേളനങ്ങള്‍ നിയമ വകുപ്പ് സംസ്ഥാന തലസ്ഥാനങ്ങളില്‍ സംഘടിപ്പിച്ചിട്ടുണ്ട്. അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും ബോധവാന്മാരാക്കുന്നതിനായി ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ മാർഗനിർദേശപ്രകാരം യുജിസി 1,200 സർവകലാശാലകളിലും 40,000 കോളേജുകളിലും എഐസിടിഇ ഏകദേശം 9,000 സ്ഥാപനങ്ങളിലും പുതിയ നിയമങ്ങളെക്കുറിച്ചുള്ള ഫ്ലൈയറുകള്‍ വിതരണം ചെയ്തു.
ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയവും വിവിധ പദ്ധതികളും ബോധവത്കരണ പരിപാപാടികളുമാണ് സംഘടിപ്പിക്കുന്നത്. പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB), രാജ്യവ്യാപകമായി 17′ വാർത്താലാപ്സ്’ എന്ന പേരില്‍ മാദ്ധ്യമ ശില്പശാലകള് നടത്തി. ദൂരദർശനും ആകാശവാണിയും പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. MyGov ആപ്പിലും വെബ്സൈറ്റിലും ഫ്ലൈയറുകള്‍ അപ്ലോഡ് ചെയ്യുകയും ജനങ്ങള്‍ക്ക് ഫോണ്‍, ഇ-മെയില്‍ സന്ദേശം അയക്കുകയും ചെയ്തു.
കൊളോണിയല്‍ കാലഘട്ടത്തിലെ അവശേഷിപ്പുകളെ പൂർണമായും നീക്കുന്നതിലുള്ള കേന്ദ്ര സർക്കാരിന്റെ പ്രതിബദ്ധതയാണ് പുതിയ ക്രിമിനല്‍ നിയമങ്ങളിലൂടെ വ്യക്തമാകുന്നത്. ബ്രിട്ടീഷ് കാലഘട്ടത്തിലെ ഇന്ത്യൻ പീനല്‍ കോഡ്, ക്രിമിനല്‍ നടപടി ചട്ടം, ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവയ്ക്ക് ബദലായാണ് പുതിയ നിയമങ്ങള്‍ പ്രാബല്യത്തിലെത്തുക.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group