ന്യൂ ഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിർമിക്കാനുള്ള പരിസ്ഥിതി ആഘാത പഠനത്തിന് കേരളത്തിന് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കത്തയച്ചതോടെ, ചൊവ്വാഴ്ച ചേരാനിരുന്ന പരിസ്ഥിതി മന്ത്രാലയത്തിന്റെ എക്സ്പർട്ട് അപ്രൈസല്‍ കമ്മിറ്റി യോഗം മാറ്റിവെച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് യോഗം മാറ്റിവെച്ചതായി അറിയിപ്പു ലഭിച്ചത്. എന്നാല്‍, ഇതറിയാതെ യോഗത്തില്‍ പങ്കെടുക്കാൻ കേരള സർക്കാരിന്റെ ജലസേചനവകുപ്പിന് കീഴിലെ രൂപകല്പന, ഗവേഷണ വിഭാഗം ചീഫ് എൻജിനിയർ പ്രിയേഷ്, ഡയറക്ടർ ശ്രീദേവി എന്നിവർ ഡല്‍ഹിയിലെത്തി.
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിർമിക്കാനുള്ള കേരള സർക്കാരിന്റെ ഏത് നീക്കവും അനുവദിക്കരുതെന്നും അങ്ങനെ ചെയ്യുന്നത് സുപ്രീംകോടതി വിധിക്കെതിരാവുമെന്നും തമിഴ്നാട് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. അത് മറികടന്ന് തീരുമാനമെടുത്താല്‍ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെയാണ് അടിയന്തരമായി യോഗം മാറ്റിെവക്കാൻ പരിസ്ഥിതി മന്ത്രാലയം തീരുമാനിച്ചതെന്നാണ് സൂചന.
മുല്ലപ്പെരിയാറില്‍ നിലവിലെ അണക്കെട്ട് സുരക്ഷിതമാണെന്ന് വിവിധ വിദഗ്ധസമിതികള്‍ സുപ്രീംകോടതി മുമ്ബാകെ ബോധ്യപ്പെടുത്തിയതാണെന്ന് സ്റ്റാലിൻ ചൂണ്ടിക്കാട്ടി. ഇതിന് വിരുദ്ധമായി പുതിയ ഡാം പണിയാനുള്ള കേരള സർക്കാരിന്റെ നീക്കം സുപ്രീംകോടതി വിധിയുടെ അന്തസ്സത്തയ്ക്കെതിരാവും. ഡാം നിർമാണത്തിന്റെ പരിസ്ഥിതി ആഘാത പഠനത്തിനുള്ള ടേംസ് ഓഫ് റഫറൻസ് അംഗീകരിച്ചു കിട്ടാനായി കേരളം വീണ്ടും ശ്രമം നടത്തിയപ്പോള്‍ തമിഴ്നാട് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. ഇക്കാര്യത്തിലുള്ള ഏത് നടപടിയുമായി മുന്നോട്ടു പോകണമെങ്കിലും സുപ്രീം കോടതിയുടെ അനുമതി തേടിയേ ആകാവൂ എന്നും കോടതി അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ടെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി.
എന്നാല്‍, 2015-ല്‍ പരിസ്ഥിതി ആഘാത പഠനത്തിനാവശ്യമായ നടപടികള്‍ക്ക് സുപ്രീംകോടതിയുടെ അനുവാദം കിട്ടിയതാണെന്നാണ് കേരളത്തിന്റെ വാദം. ഡാം നിർമാണം ആരംഭിക്കുന്ന വേളയില്‍ മാത്രമാണ് തമിഴ്നാടിന്റെ ആശങ്കകള്‍ പരിശോധിക്കപ്പെടേണ്ടതെന്നാണ് സുപ്രീംകോടതി അന്ന് ചൂണ്ടിക്കാട്ടിയത്. ഇതിപ്പോള്‍ പരിസ്ഥിതി ആഘാത പഠനത്തിനുള്ള ടേംസ് ഓഫ് റഫറൻസ് നിശ്ചയിക്കാൻ മാത്രമായാണ് യോഗം ചേരുന്നത് എന്നിരിക്കെ, ഇതിനെ തമിഴ്നാട് വളച്ചൊടിക്കുകയാണെന്നാണ് കേരളത്തിന്റെ വാദം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group