November 06 – ലിമോഗെസിലെ വിശുദ്ധ ലിയോണാർഡ് (+559 )

ക്ളോവിസ് പ്രഥമൻ രാജാവിന്റെ കൊട്ടാരത്തിലെ ഒരു പ്രശസ്ത ഉദ്യോഗസ്ഥനായിരുന്ന ലിയോണാർഡ്. വി. റെമിജീയൂസാണ് അദ്ദേഹത്തെ ക്രിസ്തുമതത്തിലേക്ക് മാനസാന്തരപ്പെടുത്തിയത്. സ്വർഗീയ മഹത്വത്തെപ്പറ്റി പഠിച്ച ഉടനെ അദ്ദേഹം കൊട്ടാരത്തിലെ ഉദ്യോഗം ഉപേക്ഷിച്ചു വി.റെമിജീയൂസിന്റെ ശിഷ്യനായി. ഗുരുവിന്റെ ഉപദേശങ്ങൾ  ലിയോണാർഡിന്റെ ഹൃദയത്തെ സ്പർശ്ശിച്ചു. ഗുരുവിന്റെ നിഷ്കപടതയും വിനയവും ഉപവിയും തീക്ഷ്ണതയും ലിയോണാർഡ് പകർത്തികൊണ്ടിരുന്നു. കുറേനാൾ അദ്ദേഹം സുവിശേഷം പ്രസംഗിച്ചു. രാജാവ്  ലിയോണാർഡിനെ പിന്നെയും പിന്നെയും കൊട്ടാരത്തിലേക്ക് ക്ഷണിച്ചുകൊണ്ടിരുന്നതിനാൽ ആ സ്ഥലം വിട്ട് ഓർലീനസിലുള്ള വി. മെസ്‌മിന്റെ ആശ്രമത്തിൽ ചേർന്ന് സന്യാസ വസ്ത്രം സ്വീകരിച്ചു. വി. മെസ്‌മിന്റെ ഉപദേശാനുസരണം ജീവിച്ചു.

   കൂടുതൽ ഏകാന്തത ആഗ്രഹിച്ച ലിയോണാർഡ് വി. മെസ്‌മിന്റെ അനുവാദത്തോടെ വനത്തിലേക്ക് പുറപ്പെട്ടു. ബെറി എന്ന സ്ഥലത്തു സുവിശേഷം പ്രസംഗിച്ച ഏതാനം വിഗ്രഹാരാധകരെ ക്രിസ്തുമതത്തിലേക്ക് മാനസാന്തരപ്പെടുത്തി. അനന്തരം ലിമൂസിൽ എന്ന സ്ഥലത്ത് ഒരു വനത്തിൽ ഒരു പ്രാർത്ഥനാലയം ഉണ്ടാക്കി അവിടെ താമസിച്ചു. നോബ്‌ളാക്  എന്നാണ് വനത്തിന്റെ പേര്. അവിടെ സസ്യങ്ങളും വന്യ പഴങ്ങളുമായിരുന്നു അദ്ദേഹത്തിന്റെ ആഹാരം. ഈ പ്രായശ്ചിത്തമൊക്കെ കാണാൻ കുറേനാൾ ദൈവം തന്നെ ഉണ്ടായിരുന്നുള്ളൂ. പിന്നീട് അദ്ദേഹത്തിന് അനുയായികളുണ്ടായി. പ്രവർത്തനരഹിതനായിരിക്കുന്നത് പ്രയാസമായിരുന്നതിനാൽ, അദ്ദേഹം തടവുകാരെ സന്ദർശിച്ച് അവരെ നല്ല വഴിയിലേക്ക് തിരിച്ചുവിട്ടുകൊണ്ടിരിക്കുന്നു. അങ്ങനെ 559-ൽ അദ്ദേഹം നിര്യാതനായി.

  പതിനൊന്നാം നൂറ്റാണ്ടിൽ ഇദ്ദേഹത്തിന്റെ ആരാധനാ സമ്പ്രദായം വളരെ വ്യാപകമായി പ്രചരിച്ചു. 1103-ൽ ആദ്യ കുരിശു യുദ്ധത്തിലെ പ്രമുഖ നേതാവായ അന്റിയോചിന്നിലെ ബോഹേമോണ്ട്-I ഒരു ഡാനിഷ്മെന്റ് തടവറയിൽ നിന്നും വിശുദ്ധന്റെ ഇടപെടൽ നിമിത്തം മോചിതനായി. ഇതിന് പ്രത്യുപകാരമായി അദേഹം നോബ്ലാക്ക് ആശ്രമം സന്ദർശിക്കുകയും പാരിതോഷികങ്ങൾ നൽകുകയും ചെയ്തു. അദ്ദേഹത്തിന്റെ ഈ മാതൃക പലരെയും ഇത്തരം പാരിതോഷികങ്ങൾ നൽകുന്നതിന് പ്രേരിപ്പിക്കുകയും അങ്ങിനെ റോമനേഷ്ക് പള്ളിയും ഇതിന്റെ കാണപ്പെടുന്ന അടയാളമായ ബെൽറ്റ്‌ ടവറും പണികഴിക്കുകയും ചെയ്തു.

ഇതേസമയം തന്നെ നോബ്ലാക്ക് സാന്റിയാഗോ ഡി കോമ്പോസ്റ്റെല തീർത്ഥാടക പാതയിലെ ഒരു പ്രധാനപ്പെട്ട സ്ഥലമായി. ലിയോണാർഡിന്റെ ആരാധനാ സമ്പ്രദായം ഇതുമൂലം പശ്ചിമ യൂറോപ്പ്‌ മുഴുവനും വ്യാപിച്ചു. ഇംഗ്ലണ്ടിൽ മാത്രം ഏതാണ്ട് 177-ഓളം പള്ളികൾ ഇദ്ദേഹത്തിന്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുണ്ട്. സ്പെയിൻ, ഇറ്റലി, സ്വിറ്റ്സർലൻഡ്, ജർമ്മനി പ്രത്യേകമായി ബാവരിയായിലും കൂടാതെ പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലും ഇദ്ദേഹം ആദരിക്കപ്പെടുന്നു. ഇവിടങ്ങളിൽ എല്ലാം തന്നെ ഇദ്ദേഹത്തിന്റെ മാദ്ധ്യസ്ഥത്തിനായി അപേക്ഷിക്കുകയും ധാരാളം തീർഥാടനങ്ങൾ നടത്തപ്പെടുകയും ചെയ്യുന്നു.

വിശുദ്ധ ലിയോണാർഡ് മധ്യയുഗങ്ങളുടെ അവസാന കാലഘട്ടങ്ങളിൽ വളരെയേറെ ആദരിക്കപ്പെട്ടിരുന്ന ഒരു വിശുദ്ധനായിരുന്നു. ഈ വിശുദ്ധന്റെ മാദ്ധ്യസ്ഥത്താൽ ധാരാളം അത്ഭുതങ്ങൾ നടക്കുന്നുണ്ട്. തടവ്‌ പുള്ളികളുടെ മോചനത്തിനും, സുഖ പ്രസവത്തിനും കന്നുകാലികളുടെ അസുഖം ഭേദമാകുന്നതിനും ഇദ്ദേഹത്തിന്റെ മാധ്യസ്ഥം അപേക്ഷിക്കപ്പെടുന്നു. വിശുദ്ധന്റെ തിരുനാൾ ദിനത്തിൽ ബാവരിയയിൽ പ്രത്യേക സ്മരണാർത്ഥം വിവിധ ആഘോഷങ്ങൾ നടത്തപ്പെടുന്നു. ആഗോള കത്തോലിക്കാ സഭ നവംബർ ആറാം തിയതി വിശുദ്ധന്റെ തിരുന്നാളായി ആഘോഷിക്കുന്നു.

വിചിന്തനം: കാരുണ്യം തുളുമ്പുന്ന വാക്കുകൾ അമൂല്യമായ ഒരു കൈമുതലാണ്. ആവുംപടി ഈ തൈലം അപരരുടെ യാതനകളാകുന്ന മുറിവുകളിൽ ഒഴുക്കുക.

   ഇതര വിശുദ്ധർ

1. അറ്റിക്കൂസ്-ഫ്രീസിയായിലെ രക്തസാക്ഷി.(?)
2. ഡെമെട്രിയൻ (+912) മൈത്രിയിലെ മെത്രാൻ.
3. എഡ്‌വെൽ (ഏഴാം നൂറ്റാണ്ട്).
4. എഡ്‌വെൽ (ഏഴാം നൂറ്റാണ്ട്).
5. എഫ്‌ലാം (+700) ബ്രിട്ടീഷ് രാജകുമാരൻ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our WhatsApp group