പരിശുദ്ധാത്മാവിനോടുള്ള നൊവേന- ഒന്‍പതാം ദിവസം.

പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിത്വൈകദൈവമേ, അങ്ങയുടെ ഛായയിലും സാദൃശ്യത്തിലും ഞങ്ങള്‍ക്ക് രൂപം നല്‍കിയതിന് ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, പിതാക്കന്മാരുടെ ദൈവമേ, വചനത്താല്‍ അങ്ങ് സകലതും സൃഷ്ടിക്കുകയും ജ്ഞാനത്താല്‍ അവിടുന്ന് മനുഷ്യനു രൂപം നല്‍കി ജീവന്‍ നല്‍കുകയും ചെയ്തതിന് ഞങ്ങള്‍ അങ്ങേക്കു നന്ദി പറയുന്നു. കാരുണ്യവാനായ കര്‍ത്താവേ, പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണ മനസ്സോടും സര്‍വ്വശക്തിയോടും കൂടെ അങ്ങേ ഞങ്ങള്‍ സ്നേഹിക്കുന്നു (നിയ. 6:5).

അങ്ങയുടെ പൂര്‍ണ്ണതയില്‍ നിന്നു ഞങ്ങള്‍ക്കെല്ലാവര്‍ക്കും കൃപയ്ക്കുമേല്‍ കൃപ വര്‍ഷിച്ച്, തന്‍റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ഞങ്ങളെ സ്നേഹിച്ച സ്വര്‍ഗ്ഗീയ പിതാവേ, സര്‍വ്വസൃഷ്ടിജാലങ്ങളോടും ചേര്‍ന്നു ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. അങ്ങയെ ആരും ഒരിക്കലും കണ്ടിട്ടില്ലെങ്കിലും അങ്ങുമായി ഗാഢബന്ധം പുലര്‍ത്തുന്ന ദൈവം തന്നെയായ ഈശോമിശിഹായെ കര്‍ത്താവും ക്രിസ്തുവുമായി ഉയര്‍ത്തിയ ദൈവമേ (അപ്പ. 2:36) അങ്ങയുടെ കാരുണ്യത്തിന് എന്നേക്കും ആരാധനയും സ്തുതിയും മഹത്വവും ഉണ്ടായിരിക്കട്ടെ. ആമ്മേന്‍.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

“കര്‍ത്താവിനു നന്ദി പറയുവിന്‍. അവിടുന്ന് നല്ലവനാണ്. അവിടുത്തെ കാരുണ്യം എന്നേക്കും നിലനില്‍ക്കുന്നു.” (സങ്കീ. 107:1)

ഒന്‍പതാം ദിവസം- വിശുദ്ധീകരണത്തിനായി

നിങ്ങളുടെ വിശുദ്ധീകരണമാണ് ദൈവം അഭിലഷിക്കുന്നത് (1 തെസ. 4:3). “ദൈവത്തിന്‍റെ നിയോഗവും വിളിയും അനുസരിച്ച് ഓരോരുത്തരും ജീവിതം നയിക്കട്ടെ, ഇതാണ് എല്ലാ സഭകളോടും ഞാന്‍ കല്‍പ്പിക്കുന്നത്”. (1 കോറി. 7:17)

അപേക്ഷകള്‍

1. പരിശുദ്ധാത്മാവായ ദൈവമേ, ദൈവകല്‍പനകള്‍ പാലിച്ചുകൊണ്ട് ദൈവത്തെ സ്നേഹിച്ചു ജീവിക്കുവാനുള്ള കൃപയും ശക്തിയും വിശുദ്ധിയും നല്‍കി അനുഗ്രഹിക്കണമെന്ന് അങ്ങയോടു ഞങ്ങള്‍ അപേക്ഷിക്കുന്നു.
1 കോറി. 7:19), 1 യോഹ. 5:3)

2. ഞങ്ങള്‍ ഈ ലോകത്തില്‍ പ്രത്യേകിച്ച് ഞങ്ങളുടെ ജീവിതസാഹചര്യങ്ങളില്‍ വിശുദ്ധിയോടും പരമാര്‍ത്ഥ ഹൃദയത്തോടും കൂടെ ജീവിക്കുവാനുളള നിര്‍മ്മല മന:സാക്ഷി നല്‍കി അനുഗ്രഹിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു (2 കോറി. 1:12)

3. ഞങ്ങളുടെ സ്നേഹം ജ്ഞാനത്തിലും എല്ലാത്തരത്തിലുമുള്ള വിവേചനാശക്തിയിലും ഉത്തരോത്തരം വര്‍ദ്ധിച്ചു വരാന്‍ ഇടയാക്കണമെന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. (2 കോറി. 1:12)

4. ദൈവത്തിന്‍റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് ഞങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ സജീവബലിയായി സമര്‍പ്പിക്കുവാന്‍ ഞങ്ങളെ ശക്തിപ്പെടുത്തണമെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു (റോമ. 12:1)

5. പരിശുദ്ധാത്മാവില്‍ പ്രാര്‍ത്ഥിച്ചുകൊണ്ട്, ഞങ്ങളുടെ പവിത്രമായ വിശ്വാസത്തില്‍ അഭിവൃദ്ധി പ്രാപിക്കാനും നിത്യജീവിതത്തിനായി കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കാരുണ്യത്തെ ഉറ്റുനോക്കിക്കൊണ്ട് ദൈവസ്നേഹത്താല്‍ വളരുവാന്‍ അനുഗ്രഹിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. (യൂദാ. 20:21)

6. ക്രൈസ്തവന്‍റെ വിളിയും നിയോഗവും തിരിച്ചറിയാനും അതനുസരിച്ച് ജീവിക്കാനും ആവശ്യമായ ഭക്തിയും ശക്തിയും യേശുക്രിസ്തുവിന്‍റെ ദൈവിക ശക്തിയില്‍ നിന്ന്‍ ഞങ്ങള്‍ക്ക് പ്രദാനം ചെയ്യണമേയെന്ന് അങ്ങയോട് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു (1 പത്രോ. 1:3-11)

7. അനുദിന ജീവിത ക്ലേശങ്ങളെ പരാതികൂടാതെ സ്വീകരിക്കാനും “ക്രിസ്ത്യാനി” എന്ന നാമത്തില്‍ അഭിമാനിക്കാനും ക്രിസ്തുവിന്‍റെ പീഢകളില്‍ പങ്കുകാരാകുന്നതില്‍ അഭിമാനിച്ചു കൊണ്ട് ദൈവത്തെ മഹത്വപ്പെടുത്തുവാനും സഹായിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു (2 പത്രോ. 4:16)

8. യേശു ദൈവപുത്രനായ ക്രിസ്തുവാണെന്ന് വിശ്വസിക്കുവാനും ആ വിശ്വാസം ഏറ്റു പറഞ്ഞ്, അവന്‍റെ നാമത്തില്‍ ജീവന്‍ സമൃദ്ധമായി സ്വീകരിക്കാനും വരം തരണമെന്ന് അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. (യോഹ. 20:31; 1 യോഹ. 4:15).

സമാപന പ്രാര്‍ത്ഥന

പിതാവിനോടും പുത്രനോടും ഒപ്പം സകലത്തേയും പവിത്രീകരിക്കുന്നവനും ആശ്വാസദായകനുമായ പരിശുദ്ധാത്മാവേ, അങ്ങേ ഞങ്ങള്‍ സ്നേഹിക്കുന്നു. പിതാവിന്‍റെ വാഗ്ദാനവും ഏഴുവിധ ദാനങ്ങളോടു കൂടിയവനും തിരുസഭയെ വിശുദ്ധീകരിച്ച് രൂപപ്പെടുത്തുന്നവനും അങ്ങു തന്നെയാണല്ലോ. അവര്‍ണ്ണനീയമായ ദാനങ്ങളാല്‍ സഭാമക്കളെ മഹത്വപ്പെടുത്തുന്നതിനെയോര്‍ത്ത് ഞങ്ങള്‍ നന്ദി പറയുന്നു. വ്യത്യസ്തമായ ശുശ്രൂഷകളിലൂടെ അങ്ങുതന്നെ തിരുസഭയെ മഹത്വപ്പെടുത്തുന്നതില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു.

ക്രിസ്തുവിന്‍റെ സഭയെ നവീകരിക്കുന്നതുവഴി പിതാവ് മഹത്വപ്പെടുന്നതില്‍ ഞങ്ങള്‍ ആഹ്ലാദിക്കുന്നു. ഞാന്‍ നിങ്ങള്‍ക്കു പിതാവും നിങ്ങള്‍ എനിക്കു പുത്രന്മാരും പുത്രികളും ആയിരിക്കും എന്ന്‍ സര്‍വ്വശക്തനായ കര്‍ത്താവ് അരുളിചെയ്തിട്ടുള്ളത് പൂര്‍ത്തിയാകുന്നതില്‍ ഞങ്ങള്‍ ആനന്ദിക്കുന്നു (2 കോറി. 6:18). പിതാവായ ദൈവത്തിന്‍റെ സ്നേഹവും പുത്രനായ യേശുക്രിസ്തുവിന്‍റെ കൃപയും പരിശുദ്ധാത്മാവിന്‍റെ സഹവാസവും പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന്‍റെ സംരക്ഷണവും വിശുദ്ധ യൗസേപ്പപിതാവിന്‍റെ നീതിയിലും പരിശുദ്ധാത്മാവിലുള്ള ആത്മീയ ആനന്ദവും കൊണ്ട് ഓരോ ഹൃദയവും നിറയുവാന്‍ ഇടയാക്കണമേ. ആമ്മേന്‍.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group