ഓൺലൈൻ ടാക്‌സികൾക്ക് ലൈസൻസ് വരുന്നു; അഞ്ചു ലക്ഷം രൂപ ഫീസ്

സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന ഓണ്‍ ലൈന്‍ ടാക്സികള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുന്നു. ഇതുസംബന്ധിച്ച്‌ മോട്ടോര്‍ വാഹനവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. അഞ്ചുലക്ഷം രൂപയാണ് ലൈസന്‍സ് ഫീസ്.

ഓണ്‍ലൈന്‍ ടാക്സികളുടെ സര്‍വീസ് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ഗൈഡ് ലൈനും പുറത്തിറക്കിയിട്ടുണ്ട്. ഇതനുസരിച്ച്‌ ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കള്‍ മോട്ടോര്‍വകുപ്പിന്‍റെ അനുമതി നേടണം. യാത്രക്കാരുടെ തിരക്ക് കൂടുന്നതിനനുസരിച്ച്‌ നിരക്ക് വ്യത്യാസം വരുത്താമെങ്കിലും സര്‍ക്കാര്‍ നിരക്കില്‍ കൂടുതലാവാന്‍ പാടില്ല.

വ്യവസ്ഥയനുസരിച്ച്‌ ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ഉടമകള്‍ സൂക്ഷിക്കണം. അവരുടെ ആധാര്‍ കാര്‍ഡിന്‍റെ കോപ്പിയും ഉടമകള്‍ സൂക്ഷിക്കേണ്ടതാണ്. ഡ്രൈവര്‍മാര്‍ ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടവരോ ലഹരിക്കടത്ത് കേസില്‍പ്പെട്ടവരോ ആകരുത്.

അഞ്ചു വര്‍ഷത്തേക്കാണ് ലൈസന്‍സ് അനുവദിക്കുന്നത്. സ്വകാര്യ കമ്ബനികള്‍ക്കും സഹകരണ സ്ഥാപനങ്ങള്‍ക്കും ലൈസന്‍സിന് അപേക്ഷിക്കാം. ലൈസന്‍സികള്‍ക്ക് സംസ്ഥാനത്ത് ഓഫീസ് ഉണ്ടാവണം. യാത്രക്കാരുടെ വിവരങ്ങളും ഇവര്‍ സൂക്ഷിക്കേണ്ടതുണ്ട്.

യാത്രാനിരക്കിന്‍റെ 80 ശതമാനം ഉടമയ്ക്കും 18 ശതമാനം കമ്ബനിക്കും രണ്ടു ശതമാനം സര്‍ക്കാരിനും ആയിരിക്കും. മതിയായ കാരണം ഇല്ലാതെ ട്രിപ്പ് നിരസിച്ചാല്‍ നിരക്കിന്‍റെ പത്ത് ശതമാനമോ പരമാവധി നൂറ് രൂപയോ പിഴ ഈടാക്കും.

യാത്രക്കാരന്‍റെ മൊബൈല്‍ ആപ്പിലേക്ക് തുക ഉള്‍ക്കൊള്ളിക്കും. ഒലെ, ഊബര്‍ തുടങ്ങിയ ഓണ്‍ലൈന്‍ ടാക്സികള്‍ കേന്ദ്ര സര്‍ക്കാരില്‍ നികുതിയടച്ചാണ് ലൈസന്‍സ് എടുക്കുന്നത്. ഇതേ തരത്തില്‍ സംസ്ഥാനത്തിനും വരുമാനം കിട്ടുന്നതിനാണ് മോട്ടോര്‍വാഹന വകുപ്പിന്‍റെ നീക്കം.

ലൈസന്‍സ് സമ്ബ്രദായത്തെ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ സ്വാഗതം ചെയ്തു. ഓണ്‍ലൈന്‍ കമ്ബനികളുടെ ചൂഷണത്തിന് ഇരയാവുന്നത് ഡ്രൈവര്‍മാരാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

നിയമത്തിലെ അവ്യക്തതയും ഓണ്‍ലൈന്‍ ടാക്സി ഓടിക്കുന്നവരെ പ്രതിസന്ധിയിലാക്കിയിരുന്നു. കൃത്യമായ നിയമം ഇല്ലാത്തതിനാല്‍ കമ്ബനികള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനും പ്രയാസം നേരിട്ടിരുന്നു.

നിയമസംരക്ഷണം വേണമെന്നത് ആയിരത്തിലധികം വരുന്ന ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ ആവശ്യമായിരുന്നു. ഓണ്‍ലൈന്‍ ടാക്സി നിരക്കുകള്‍ ഏകീകരിച്ചിരുന്നെങ്കിലും പലപ്പോഴും പ്രാവര്‍ത്തികമായിരുന്നില്ല.

സാധാരണ ടാക്സിക്കാര്‍ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ ജോലി തടസപ്പെടുത്തുന്നതും കായികമായി നേരിടുന്നതും പതിവായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m