ഉത്ഥാനത്തിരുന്നാളിലേക്ക് ഒരുക്കത്തോടെ പ്രവേശിക്കാൻ തിരുസഭാ മാതാവ് നമ്മെ ക്ഷണിക്കുന്നു : മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ

ഉത്ഥാനത്തിരുന്നാളിന്റെ കൊടിയേറ്റ ദിവസമാണ് ദു:ഖശനിയെന്നും ഉത്ഥാനത്തിരുന്നാളിലേക്ക് കൂടുതൽ ഒരുക്കത്തോടെ പ്രവേശിക്കാൻ തിരുസഭാമാതാവ് നമ്മെ ക്ഷണിക്കുന്നുവെന്നും ഉദ്ബോധിപ്പിച്ച് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ്. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ദു:ഖശനിയാഴ്‌ചയിലെ തിരുക്കർമ്മങ്ങളിൽ കാർമ്മികത്വം വഹിച്ച് സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.

കർത്താവിന്റെ ഉത്ഥാനത്തിന്റെ സദ്വാർത്ത ഈ ലോകത്തെ അറിയിക്കാൻ ദൈവം തിരഞ്ഞെടുത്തത് സ്ത്രീകളെയാണ്. മറിയം മഗ്ദലന, മറ്റേ മറിയം, ക്ലോപ്പസിന്റെ അമ്മ, പേരു പറയാത്ത മറ്റൊരു സ്ത്രീ. ശാബത്ത് ആയതുകൊണ്ട് യഹൂദാചാരപ്രകാരം ഉചിതമായതും മാന്യമായതുമായ സംസ്കാരം യേശുവിന് കൊടുക്കാൻ പറ്റാതെ പോയതുകൊണ്ട്, കൊടുക്കേണ്ടത് കൊടുക്കേണ്ടതുപോലെ കൊടുക്കാൻ കഴിയാതെ പോയ പാവപ്പെട്ട സ്ത്രീകളുടെ മനോവികാരമാണ് കല്ലറ തേടിപ്പോകാൻ അവരെ പ്രേരിപ്പിച്ചത്.

ഉത്ഥാനത്തിരുന്നാളിലേക്ക് പ്രവേശിക്കുന്ന ഈ ദിവസം നമ്മെ നയിക്കേണ്ട ആദ്യത്തെ ചിന്ത അതാണ്. കൊടുക്കേണ്ടത് കൊടുക്കേണ്ട വിധത്തിൽ എനിക്ക് കൊടുക്കാൻ കഴിഞ്ഞിട്ടുണ്ടോ? അതുതേടിവരുന്നവരാണ് ഉത്ഥാനം കണ്ടെത്തുന്നത്. നമ്മൾ കൊടുത്തിട്ടുണ്ട്. പക്ഷേ കൊടുക്കേണ്ടതുപോലെ കൊടുത്തിട്ടുണ്ടോ? കൊടുക്കാൻ കഴിയാതെപോയതോർത്ത് മനസ്സ് ഭാരപ്പെട്ടിട്ടുണ്ടോ?

ഉത്ഥാനത്തിരുനാൾ ആഘോഷിക്കാനുള്ള അവസരമാകണമെങ്കിൽ തേടിപ്പോകാൻ,കൊടുക്കേണ്ടത് കൊടുക്കേണ്ടപോലെ കൊടുക്കാനുള്ള സന്മനസ്സുണ്ടാകണം. അവർക്കാണ് ഉത്ഥാനത്തിരുനാളിന്റെ രഹസ്യം തുറക്കാനുള്ള താക്കോൽ കിട്ടുന്നത് എന്നും പിതാവ് പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group