‘പ്രശ്നങ്ങള്‍ക്ക് സമാധാനപരമായ പരിഹാരം’; ക്വാഡില്‍ മോദി, ഇന്ത്യ- യുഎസ് പങ്കാളിത്തം കൂടുതല്‍ ശക്തമെന്ന് ബൈഡൻ

വാഷിങ്ടണ്‍: ആഗോളതലത്തില്‍ അസ്ഥിരത വർധിച്ചുവരുന്ന സാഹചര്യത്തില്‍ സഖ്യത്തിന്റെ പ്രധാന്യം എടുത്ത് പറഞ്ഞ് ക്വാഡ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിസംബോധന.

നിലവിലെ ആഗോളസാഹചര്യത്തില്‍ ക്വാഡ് ഒരുമിച്ച്‌ പ്രവർത്തിക്കുന്നത് മുഴുവൻ മനുഷ്യരാശിക്കും വളരെ പ്രധാനമാണെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വതന്ത്രവും തുറന്നതും സമ്ബന്നവും എല്ലാവരേയും ഉള്‍ക്കൊള്ളുന്നതുമായ ഇന്തോ- പെസഫിക് മേഖല, കൂട്ടായ ഉത്തരവാദിത്തവും മുൻഗണനയുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘ലോകം സംഘർഷങ്ങള്‍ക്കു നടുവില്‍ നില്‍ക്കുമ്ബോഴാണ് ക്വാഡ് ഉച്ചകോടി നടക്കുന്നത്. ഈ സാഹചര്യത്തില്‍ ജനാധിപത്യമൂല്യങ്ങള്‍ പങ്കിട്ട് ക്വാഡ് ഒരുമിച്ച്‌ പ്രവർത്തിക്കുന്നത് മുഴുവൻ മനുഷ്യരാശിക്കും വളരെ പ്രധാനമാണ്. നാം ആർക്കും എതിരല്ല. നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര ക്രമം, പരമാധികാരത്തിനും പ്രദേശിക സമഗ്രതയ്ക്കും ഉള്ള ബഹുമാനം, എല്ലാ പ്രശ്നങ്ങളുടെയും സമാധാനപരമായ പരിഹാരം എന്നിവയെ എല്ലാവരും പിന്തുണയ്ക്കുന്നു’, മോദി പറഞ്ഞു.

ക്വാഡ് ഉച്ചകോടിക്ക് മുമ്ബായി മോദിയും യു.എസ്. പ്രസിഡന്റും കൂടിക്കാഴ്ച നടത്തി. ഇന്ത്യയുമായുള്ള യു.എസിന്റെ പങ്കാളിത്തം ചരിത്രത്തിലെ ഏത് സമയത്തേക്കാളും ശക്തവും അടുപ്പമേറിയതും ചലനാത്മകവുമാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രസിഡന്റ് ജോ ബൈഡൻ എക്സില്‍ കുറിച്ചു. ‘പ്രധാനമന്ത്രി മോദി, നമ്മള്‍ ഒന്നിച്ചിരുന്ന് സംസാരിക്കുമ്ബോഴെല്ലാം, പുതിയ സഹകരണ മേഖലകള്‍ കണ്ടെത്താനുള്ള നമ്മുടെ കഴിവ് എന്നെ അത്ഭുതപ്പെടുത്താറുണ്ട്. ഇന്നും അത് വ്യത്യസ്തമായിരുന്നില്ല’, അദ്ദേഹം കൂട്ടിച്ചേർത്തു.

ഡെലാവറിലെ വില്‍മിങ്ടനിലുള്ള ബൈഡന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ഒരുമണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു. ഡെലാവറില്‍ തനിക്ക് ആതിഥ്യമരുളിയതിന് ജോ ബൈഡന് നന്ദി രേഖപ്പെടുത്തിയ പ്രധാനമന്ത്രി മോദി, ചർച്ച ഫലപ്രദമായിരുന്നുവെന്നും യോഗത്തില്‍ പ്രാദേശിക- ആഗോള വിഷയങ്ങള്‍ ചർച്ച ചെയ്തെന്നും എക്സില്‍ കുറിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m