ക്രൈസ്തവർക്കു നേരെ ആസൂത്രിത ആക്രമണം നടന്നു : ഇംഫാൽ ആർച്ച് ബിഷപ്പ്

വംശീയ കലാപത്തിന്റെ മറവിൽ ക്രൈസ്തവർക്കും ക്രൈസ്തവ ദേവാലയങ്ങൾക്കുമെതിരേ ആസൂത്രിത ആക്രമണം ഉണ്ടായെന്ന് ഇംഫാൽ ആർച്ച് ബിഷപ്പ് ഡോ. ഡൊമിനിക് ലുമോൺ. കലാപം തുടങ്ങി 36 മണിക്കൂറിനുള്ളിൽ ഇംഫാൽ താഴ്വരയിൽ മെയ്തികളുടെ മാത്രം 249 ക്രൈസ്തവ ദേവാലയങ്ങൾ തകർത്തതിനു പിന്നിൽ ക്രൈസ്തവ വിരുദ്ധതയും മതപരമായ അസഹിഷ്ണതയും വ്യക്തമാണെന്നു ‘ദി വയർ’ പോർട്ടലിനു വേണ്ടി മുതിർന്ന പത്രപ്രവർത്തകൻ കരൺ ഥാപ്പറിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ ആർച്ച് ബിഷപ്പ് പറഞ്ഞു.

കുക്കി മേഖലയായ ചുരാചന്ദ്പുരിൽ 13 ക്രൈസ്തവ ദേവാലയങ്ങളും ഒരു ക്ഷേത്രവും ഇപ്പോഴും നിലനിൽക്കുന്നുണ്ട്. കുക്കികളുടെ കേന്ദ്രത്തിലാണ് മെയ്തി പള്ളികൾ അതേപടി നിലനിൽക്കുന്നത്. മെയ്തികളുടെ കേന്ദ്രമായ ഇംഫാൽ താഴ്വരയിൽ നിന്നു കുക്കികൾ ജീവനും കൊണ്ട് ഓടുകയായിരുന്നു. അതിനാൽ തന്നെ പള്ളികൾ തകർത്തത് ക്രൈസ്തവ ഭൂരിപക്ഷമുള്ള കുക്കികളാണെന്നു കരുതാനാകില്ല.

അതിനുള്ള ഒരു തെളിവുമില്ല. എന്നാൽ, ഹിന്ദു ഭൂരിപക്ഷമായ മെയ്തികളിലെ ചില ശക്തികൾ ക്രൈസ്തവർക്കെതിരേ സംഘടിതമായ ആക്രമണം നടത്തിയതായാണ് ലഭിക്കുന്ന തെളിവുകളെന്നും ഡോ. ലുമോൺ പറഞ്ഞു. ഇംഫാലിലെ 249 മെയ്തി പള്ളികൾക്കു പുറമെ വിവിധ ജില്ലകളിലായി കുക്കികളുടെ അനേകം പള്ളികൾ വേറെയും തകർത്തതായും അദ്ദേഹം വെളിപ്പെടുത്തി.

മണിപ്പൂർ കലാപം വംശീയമാണെന്ന കർദ്ദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസിന്റെ പ്രസ്താവനയിൽ തെറ്റില്ല. കലാപത്തെക്കുറിച്ച് അദ്ദേഹത്തിന് നേരിട്ടറിവില്ല. മറ്റുള്ളവർ പറഞ്ഞുകേട്ടതാകാം. കലാപത്തിന്റെ മറവിൽ ക്രൈസ്തവർക്കെതിരേ മതപരമായ ആക്രമണം നടന്നുവെന്നാണ് ഇതേവരെയുള്ള തെളിവുകൾ. അതിനാൽ പ്രത്യക്ഷത്തിൽ, മതസംഘർഷമാണെന്ന് ഖണ്ഡിതമായി പറയുന്നില്ലെങ്കിലും മെയ്തികളും കുക്കികളും തമ്മിലുള്ള സംഘട്ടനത്തിനിടെ ക്രൈസ്തവർക്കെതിരായ ആസൂത്രിത ആക്രമണം ഫലപ്രദമായി നടന്നുവെന്നു സംശയിക്കാതെ തരമില്ലെന്ന കഴിഞ്ഞ ജൂൺ 15ലെ തന്റെ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നുവെന്നും ആർച്ച് ബിഷപ്പ് വിശദീകരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group