മലയോര മേഖലകളുടെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണം: കത്തോലിക്ക കോണ്‍ഗ്രസ് യൂത്ത് കൗണ്‍സില്‍

മലയോര ജനത തുടർച്ചയായി നേരിടുന്ന കാര്‍ഷിക, കാര്‍ഷികേതര പ്രതിസന്ധികള്‍ക്ക് ശാശ്വതമായ പരിഹാരം കാണുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് യൂത്ത് കൗണ്‍സില്‍.

കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ യൂത്ത് കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന രൂപത സന്ദര്‍ശന പരിപാടിയുടെ ഭാഗമായി ഇടുക്കി ബിഷപ്സ് ഹൗസില്‍ ചേര്‍ന്ന നേതൃസംഗമമാണ് വസ്തുതകള്‍ വിലയിരുത്തി ആവശ്യങ്ങള്‍ ഉന്നയിച്ചത്. രൂപതാദ്ധ്യക്ഷന്‍ ബിഷപ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ നേതൃസംഗമം ഉദ്ഘാടനം ചെയ്തു.

മലയോര കാര്‍ഷിക മേഖലകള്‍ വലിയ പ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും, കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയ കത്തോലിക്കാ കോണ്‍ഗ്രസ് യൂത്ത് കൗണ്‍സില്‍- വന്യജീവി ആക്രമണവും, ഇനിയും പരിഹരിക്കപ്പെടാത്ത ഭൂപ്രശ്നങ്ങളും, ചികിത്സാ സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും, മലയോര മേഖലയില്‍ ജീവിക്കുവാന്‍ കഴിയാത്ത സാഹചര്യങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണെന്നും ആശങ്ക അറിയിച്ചു. സ്വന്തം നാട്ടില്‍ ജീവിക്കാന്‍ ആഗ്രഹം ഉള്ളപ്പോഴും ജീവിതം സുരക്ഷിതമായി കെട്ടിപ്പടുക്കാന്‍ ഇവിടെ സാധിക്കില്ല എന്ന ഭയത്താല്‍ യുവജനങ്ങള്‍ വിദേശരാജ്യങ്ങളിലേക്ക് കൂട്ടത്തോടെ കുടിയേറി പാര്‍ക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുതെന്നും എടുത്തുകാട്ടി. കൂടാതെ, സ്വയം സംരംഭകരുടെ എണ്ണം ഗണ്യമായ തോതില്‍ കുറയുക യാണെന്നും, ഈ സാഹചര്യം നാളെകളില്‍ വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കും എന്നുള്ള കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും വിശദമാക്കി. ആയതിനാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മേല്‍പ്പറഞ്ഞ വിഷയങ്ങളില്‍ കൃത്യമായി ഇടപെടലുകള്‍ നടത്തുകയും മലയോര മേഖലയില്‍ ജീവിക്കുവാന്‍ കഴിയുന്ന സാഹചര്യങ്ങള്‍ ഒരുക്കുകയും ചെയ്യണമെന്നും യൂത്ത് കൗണ്‍സില്‍ ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group