‘പോലീസുകാർ ജനങ്ങളോട് മാന്യമായി പെരുമാറണം, വീഡിയോ എടുത്താൽ തടയരുത്’; വീണ്ടും സർക്കുലർ ഇറക്കി ഡിജിപി

തിരുവനന്തപുരം: പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് പോലീസുകാരെ ഓർമ്മിപ്പിച്ച് വീണ്ടും ഡി.ജി.പിയുടെ സർക്കുലർ. ഇതേകാര്യം ആവശ്യപ്പെട്ടുകൊണ്ട് 1965-ൽ അന്നത്തെ ഡി.ജി.പി. ശിങ്കാരവേലൻ ഇറക്കിയ സർക്കുലർ ഉൾപ്പെടെ മുൻ പോലീസ് മേധാവിമാരുടെ 10 സർക്കുലറുകൾ ഓർമ്മിപ്പിച്ചുകൊണ്ടാണ് ഡി.ജി.പി. ഷെയ്ക് ദർവേഷ് സാഹിബ് പുതിയ സർക്കുലർ പുറത്തിറക്കിയത്.

പോലീസിലെ ഏത് റാങ്കിലുള്ള ഉദ്യോഗസ്ഥനാണെങ്കിലും പൊതുജനങ്ങളോട് സംസാരിക്കുമ്പോൾ സഭ്യമായ ഭാഷ ഉപയോഗിക്കുകയും അന്തസ്സുറ്റ പെരുമാറ്റം കാത്തുസൂക്ഷിക്കുകയും വേണം. അങ്ങനെ ചെയ്യാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശനമായ നടപടിയെടുക്കണം. പോലീസ് സേനയിലെ മുഴുവൻ ഉദ്യോഗസ്ഥർക്കും മേലുദ്യോഗസ്ഥർ ഇതുസംബന്ധിച്ച പരിശീലനം നൽകണം. പുതുതായി സേനയിൽ ചേരുന്ന ഉദ്യോഗസ്ഥർക്ക് ജനങ്ങളോട് മാന്യമായി എങ്ങനെ പെരുമാറണം എന്നത് സംബന്ധിച്ച് അടിസ്ഥാന പരിശീലനം നൽകണമെന്നും സർക്കുലറിൽ പറയുന്നു.

പോലീസ് ആക്ടിലെ 33-ാം വകുപ്പ് പ്രകാരം ഏത് പോലീസ് നടപടിയും പൊതുജനങ്ങൾക്ക് ദൃശ്യമായോ ശബ്ദമായോ റെക്കോർഡ് ചെയ്യാനുള്ള അവകാശമുണ്ടെന്ന് സർക്കുലർ ഓർമ്മിപ്പിക്കുന്നു. മൊബൈൽ ഫോണോ ക്യാമറയോ ഉപയോഗിച്ച് അത്തരത്തിൽ ഒരാൾ പോലീസ് നടപടി ചിത്രീകരിച്ചാൽ തടയാൻ പാടില്ലെന്നും സർക്കുലറിൽ പറയുന്നു. പോലീസുകാരെ നല്ല പെരുമാറ്റം പഠിപ്പിക്കാനായി ബോധവത്കരണ ക്ലാസുകൾ നൽകാൻ യൂണിറ്റ് മേധാവികൾക്ക് നിർദേശം നൽകുന്നുമുണ്ട് സർക്കുലർ.

അടുത്തിടെയാണ് ആലത്തൂർ പോലീസ് സ്റ്റേഷനിലെ എസ്.ഐ. അഭിഭാഷകനോട് മോശമായി പെരുമാറുന്നതിന്റെ ദൃശ്യം പുറത്തുവന്നത്. അഭിഭാഷകൻ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് പോലീസിന്റെ പെരുമാറ്റം നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവിയോട് കോടതി നിർദേശിച്ചിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group